ഒപ്പവും പിന്നാലെയും വന്നവർക്കൊപ്പം കട്ടക്ക് നിന്ന് 'ഓസ്‍ലര്‍'; ഒടിടിയിലേക്ക് എന്ന് ? ഇതുവരെ നേടിയത് എത്ര ?
ജനുവരി 11നാണ് ജയറാം നായകനായ 'ഓസ്‍ലര്‍' റിലീസ് ചെയ്തത്.
ഒരു സിനിമ തിയറ്ററിൽ എത്തി കഴിഞ്ഞ ശേഷം, ഒടിടിയിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരുണ്ട്. തിയറ്ററിൽ പോയി സിനിമ കാണാൻ സാധിക്കാത്തവരും ഇത്തരം ഒൺലൈൻ സ്ട്രീമിങ്ങിനായി കാത്തിരിക്കും. അത്തരത്തിൽ ഒടിടി റിലീസിനായി ഏവരും കാത്തിരിക്കുന്നൊരു സിനിമയാണ് 'ഓസ്‍ലര്‍'. ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. മെഡിക്കൽ ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് ഒടിടി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഒരു സിനിമ റിലീസ് ചെയ്ത് നാല് ആഴ്ച ആകുമ്പോഴേക്കുമോ കഴിയുമ്പോഴോ ഇപ്പോൾ ഒടിടിയിൽ എത്താറുണ്ട്. അങ്ങനെയാണെങ്കിൽ നാളത്തോടെ കഴിഞ്ഞാൽ 'ഓസ്‍ലര്‍' നാലാം വാരത്തിലേക്ക് കടക്കുകയാണ്. അങ്ങനെയെങ്കിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നത്. ലഭ്യമായ അപ്ഡേറ്റുകൾ പ്രകാരം ആമസോൺ പ്രൈം ആണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ വരേണ്ടതുണ്ട്.
റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് പ്രതികരണവും നേടുന്ന 'ഓസ്‍ലര്‍' ഇതുവരെ നേടിയത് 21.5 കോടി ഗ്രോസ് ആണ്. കേരളത്തിലെ മാത്രം കണക്കാണിത്. ലോകമെമ്പാടുമായി 39 കോടിയാണ് ജയറാം ചിത്രം നേടിയതെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 11നാണ് ജയറാം നായകനായ 'ഓസ്‍ലര്‍' റിലീസ് ചെയ്തത്. ഏറെ കാത്തിരിപ്പ് ഉയർത്തിയ ചിത്രത്തിൽ മമ്മൂട്ടി ഗസ്റ്റ് റോളിൽ കൂടി എത്തിയതോടെ ചിത്രം ഹിറ്റ് ചാർട്ടിലേക്ക്. വിവിധ ഉറവിടങ്ങൾ പ്രകാരം ജയറാമിന്റെ കരിയറിലെ തന്നെ മികച്ച വിജയം നേടിയ മലയാള സിനിമയാണ് 'ഓസ്‍ലര്‍'. അനശ്വര രാജൻ, സെന്തിൽ, അർജുൻ അശോകൻ, ജഗതി, അനൂപ് മേനോൻ, ആര്യ സലിം, ദിലീഷ് പോത്തൻ തുടങ്ങി മുൻനിര താരങ്ങൾക്ക് ഒപ്പം പുതുമുഖങ്ങളും ഓസ്‍ലറിൽ വേഷമിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..