ലോക സിനിമയിലേക്ക് മലയാളിക്ക് ലഭിച്ച പുതു ജാലകം: പതിറ്റാണ്ട് പിന്നിട്ട എംസോൺ

യൂസർ ഫ്രണ്ട്‌ലിയായി ആപ്പ് രൂപത്തിലെത്തിയാണ് പതിമൂന്നാം വർഷം എംസോൺ തുടങ്ങുന്നത്..

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളെ മലയാളികളുടെ അകത്തളങ്ങളിലെത്തിച്ച കൂട്ടായ്മയാണ് എംസോൺ. ലോകസിനിമകൾക്ക് മലയാളം സബ്ടൈറ്റിലുകൾ നൽകി പതിമൂന്നാം വർഷത്തിലേക്ക് കടക്കുകയാണവർ. പ്രതിഫലേച്ഛയേതുമില്ലാതെ നൂറുകണക്കിനുപേർ വർഷങ്ങളായി നടത്തിയ പരിശമങ്ങളുടെ ഫലമാണ് മലയാളിയുടെ കാഴ്ചാ ശീലങ്ങൾക്ക് ലഭിച്ച നവീകരണവും ഏതുതരം സിനിമകളെയും തിയേറ്ററുകളിൽ സ്വീകരിക്കാൻ പാകപ്പെട്ട മനസും. യൂസർ ഫ്രണ്ട്‌ലിയായി ആപ്പ് രൂപത്തിലെത്തിയാണ് പതിമൂന്നാം വർഷം എംസോൺ തുടങ്ങുന്നത്. മുവ്വായിരത്തിലധികം വിദേശഭാഷാ സിനിമകൾക്ക് മലയാളത്തിൽ ഒരുക്കിയ സബ്ടൈറ്റിലുകൾ വെബ്സൈറ്റിനു പുറമെ ഇനി എംസോൺ ആപ്പ് വഴിയും ലഭ്യമാകും. എംസോണിൻ്റെ ആദ്യകാല അംഗങ്ങളിൽ ഒരാളായ പ്രവീൺ അടൂർ, പുതിയ കാലത്ത് കൂട്ടായ്മയുടെ ഭാഗമായ എൽവിൻ ജോൺ എന്നിവർ ഏഷ്യാനെറ്റ് ന്യൂസിനോട്...

12 വർഷം, വലിയ ഉത്തരവാദിത്വം

2012 ഒക്ടോബർ 26നാണ് എംസോണിൻ്റെ തുടക്കം. ആ കാലത്ത് ഭാവി എന്താണെന്നറിയുമായിരുന്നില്ല. സമയവും സാഹചര്യവുമുള്ളവർ എംസോണിനുവേണ്ടി പ്രവർത്തിക്കുകയായിരുന്നു രീതി. 2014ൽ 500 സിനിമകളൊക്കെ ചെയ്ത് കഴിഞ്ഞ സമയത്ത് വെബ്സൈറ്റ് മുഴുവൻ പോയി. പോസ്റ്റർ സംബന്ധിച്ച് കോപ്പിറൈറ്റ് വന്നതാണ്. ഗൂഗിളിൽ നിന്ന് ഇ-മെയിലുകളൊക്കെ വന്നുകാണും, അതൊന്നും ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല. എന്തോ ഭാഗ്യം കൊണ്ട് സബ്ടൈറ്റിൽ ഫയലുകൾ എല്ലാം സൂക്ഷിച്ചിരുന്നു. ഒരു വെബ്സൈറ്റ് പണം മുടക്കി ചെയ്യാൻ തീരുമാനിച്ചത് അപ്പോഴാണ്. അംഗങ്ങളായ ഞങ്ങൾ കുറച്ചുപേർ കൈയ്യിൽ നിന്ന് പണം മുടക്കി പുതിയ വെബ്സൈറ്റ് ഉണ്ടാക്കി. https://malayalamsubtitles.org/ എന്ന ഡൊമെയ്ൻ നിലനിർത്തിക്കൊണ്ട് ഒഫീഷ്യൽ വെബ്സൈറ്റ് നിലവിൽ വന്നു. 

സിനിമകൾക്ക് സബ്ടൈറ്റിൽ ചെയ്യാമെന്നറിയിച്ച് ഗ്രൂപ്പിലുള്ളവർ സ്വയം മുന്നോട്ട് വരികയാണ് രീതി. കിട്ടുന്നത് മുഴുവൻ പബ്ലിഷ് ചെയ്യുമായിരുന്നു ആദ്യം. പിന്നീട് അങ്ങനെ പോരെന്ന് തോന്നി. ഡബിൾ ചെക്കിങ് സംവിധാനം കൊണ്ടുവന്നു. ഒരാൾ ട്രാൻസലേഷൻ ചെയ്ത സബ്ടൈറ്റിൽ മറ്റു രണ്ടുപേർ കൂടി വിലയിരുത്തും. ഓരോ ജോലി ചെയ്യുന്നവരും അതാത് ഗ്രൂപ്പുകളിൽ ഇതേക്കുറിച്ച് അപ്ഡേറ്റ് ചെയ്ത് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയാണ്. 2014 മുതൽ ഇതുവരെ അതുതന്നെയാണ് പിന്തുടരുന്നത്. ട്രാൻസലേഷൻ, വേരിഫിക്കേഷൻ, വെബ്സൈറ്റ്, പോസ്റ്റർ എല്ലാം ഓരോരുത്തർ നേതൃത്വം നൽകി മുന്നോട്ട് പോകുന്നു. 20 പേർ എംസോണിൻ്റെ അഡ്മിൻ പാനലിൽ ഉണ്ടെങ്കിലും അഞ്ചോ ആറോ പേരാണ് ഒരുസമയം സജീവമായി ഉണ്ടാവുക.

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

('സൈക്കോ' എന്ന സിനിമയിൽ നിന്ന്)

 

ഭാഷയുടെ പരിമിതി മറികടന്ന് നല്ല സിനിമകളെ ആസ്വദിക്കാനാണല്ലോ പ്രേക്ഷകർ എംസോണിനെ ആശ്രയിക്കുന്നത്. വലിയ വിശ്വാസവും ഉത്തരവാദിത്വവുമാണ് ഞങ്ങൾക്കുമേൽ ഏൽപ്പിച്ചിരിക്കുന്നത്. അവരെ പറ്റിക്കാനാകില്ല. ആ ബോധ്യമുണ്ട്. പല രാജ്യങ്ങളിൽ പല ജോലികൾ ചെയ്യുന്ന മലയാളികളാണ് എംസോണിനു വേണ്ടി ഒന്നിച്ചു നിൽക്കുന്നത്. ഒരിക്കൽ പോലും നേരിൽ കാണാത്തവരുണ്ട്. എന്നാൽ എന്നും വൈകീട്ട് ഞങ്ങൾ സംസാരിക്കും. 

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

('ക്രെയിൻസ് ആർ ഫ്ലയിങ്' എന്ന സിനിമയിൽ നിന്ന്)

 

3500 സിനിമകളുടെ ഡാറ്റാബേസ്

അറുന്നൂറിലേറെ പരിഭാഷകർ ചേർന്ന് എൺപതിലധികം ഭാഷകളിൽ മൂവായിരത്തഞ്ഞൂറോളം സിനിമകൾ എംസോൺ വഴി ഇതുവരെ ജനങ്ങളിലേക്കെത്തിക്കഴിഞ്ഞു. ഐഎംഡിബി പോലെ സിനിമകളുടെ ഒരു ഡാറ്റാബേസ് എന്ന തരത്തിലാണ് എംസോണിനെയും വളർത്തികൊണ്ടുവരുന്നത്. ഈ പതിമൂന്നാം വർഷത്തിൽ സംഭവിച്ചുപോയ തെറ്റുകൾ തിരുത്തുകകൂടിയാണ് ഞങ്ങൾ. ആദ്യകാലങ്ങളിൽ മലയാളം സബ്ടൈറ്റിൽ ചെയ്ത ക്ലാസിക് ചിത്രങ്ങളിൽ പലതിലും ചില തെറ്റുകൾ വന്നിട്ടുണ്ട്. 'ക്രോസ്-ചെക്ക്' ചെയ്യാതെ പോയതുകൊണ്ടാണ്. അതുമുഴുവൻ പരിഹരിക്കുന്ന ഉദ്യമത്തിലാണിപ്പോൾ. മുമ്പ് ചെയ്തതിൽ പിഴവ് വന്നുപോയ നൂറോളം ചിത്രങ്ങൾ ഇപ്പോൾ പുതിയതായി ചെയ്ത് വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. അതിനിയും തുടരുകയാണ്. 

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

(പ്രേക്ഷകർ ഫേസ്ബുക്കിൽ പങ്കുവെച്ച കമൻ്റുകൾ)


പ്രതിസന്ധികൾക്കിടയിലും മുന്നോട്ട്

പണം വലിയ പ്രതിസന്ധിയാണ്. വിവർത്തനങ്ങളും പോസ്റ്റർ ഡിസൈനിങ്ങും മറ്റു കാര്യങ്ങളുമെല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യുന്നതാണെങ്കിലും വെബ്സൈറ്റ് മെയിൻ്റനൻസെല്ലാം ചെലവ് വരുന്നതാണ്. അഡ്മിൻ പാനലിലുള്ളവർ പണം പിരിവിട്ട് പുതുക്കി വരികയായിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ലോഗോ പതിച്ച ചില ഉല്പന്നങ്ങൾ ഗ്രൂപ്പിൽ പരസ്യം ചെയ്ത് വില്പന നടത്തി. നൂറിൽ താഴെ മാത്രം വിലവരുന്ന തൊപ്പി, കീചെയിൻ പോലുള്ളവ ലിമിറ്റഡ് എഡിഷനായി ഇറക്കി. ആ പണംകൊണ്ടാണ് ഈ വർഷം വരെ എംസോൺ മുന്നോട്ട് പോയത്. അടുത്തിടെ വെബ്സൈറ്റിൽ ഡൊണേഷൻ സ്വീകരിക്കുന്നതായി പരസ്യം ചെയ്തിരുന്നു. ഇതുവരെ പണമൊന്നും വന്നില്ലെങ്കിലും എംസോണിന് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.

നിലനിൽക്കുന്നത് നല്ല സിനിമകൾക്ക് വേണ്ടി

സിനിമകൾ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങളൊന്നും വയ്ക്കാനാകില്ല. പോപ്പുലർ സിനിമകളാകും കൂടുതൽ പേരും തെരഞ്ഞെടുത്ത് ചെയ്യുന്നത്. എന്നാൽ മറ്റ് നല്ല സിനിമകളും വെബ്സൈറ്റിൽ ഉൾപ്പെടാതെ പോകരുതല്ലോ. എല്ലാ വർഷവും ജൂൺ മാസത്തിൽ 'ക്ലാസിക് ജൂൺ' എന്ന പേരിൽ ഒരു ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്. എല്ലാ മാസവും 'എംസോൺ ഗോൾഡ്' എന്ന പേരിൽ ഒരു സിനിമയും ഉൾപ്പെടുത്തും. തെരഞ്ഞെടുത്ത സിനിമകൾ ആളുകളോട് അങ്ങോട്ട് ആവശ്യപ്പെട്ട് ചെയ്ത് വാങ്ങുകയാണ് രീതി. 'ഫെസ്റ്റ്' എന്ന ഏരിയയിൽ ഇത്തരത്തിൽ പ്രസിദ്ധീകരിച്ച സിനിമകൾ കാണാം. 

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

('ദ ബ്രെഡ് വിന്നർ', 'ദ പെർക്‌സ് ഓഫ് ബീയിംഗ് എ വാൾഫ്ലവർ' എന്നീ സിനിമകളിൽ നിന്ന്)
 

എന്തൊക്കെ പറഞ്ഞാലും മലയാളം സബ്ടൈറ്റിൽ എന്ന ആശയം അല്പം 'ഗ്രേ ഷേഡ്' ആണ്. ഒരു സിനിമയ്ക്ക് സ്വതന്ത്രമായി സ്വന്തം ഭാഷയിൽ സബ്ടൈറ്റിലുകൾ ഒരുക്കുകയാണ്. കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. പ്രതിഫലമൊന്നും കൈപറ്റാതെ തുടരുന്നുവെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. എന്തെങ്കിലും തരത്തിൽ പണം കൈപ്പറ്റുന്നതായി കണ്ടാൽ കോപ്പിറൈറ്റ് ക്ലെയിമുകൾ വരും. ഡിസ്നി ഹോട്ട്സ്റ്റാറിൽ നിന്ന് അങ്ങനെയൊരു കോപ്പിറൈറ്റ് ക്ലെയിം വന്നിരുന്നു. പോസ്റ്റർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട്. യാതൊരു പ്രതിഫലവും ലഭിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് അത് പിൻവലിച്ചത്.

പണം കൊണ്ട് കിട്ടാത്ത കാര്യങ്ങൾ

ഫ്രീ സർവീസാണ് ചെയ്യുന്നത് എങ്കിലും ഇതിലൊരു അഡിക്ഷൻ ഉണ്ടാകുന്നുണ്ട്. 50 വരി ചെയ്ത് അയച്ച് അതിന് അപ്രൂവൽ ലഭിച്ചാൽ മാത്രമാണ് ഒരു സിനിമ പൂർത്തിയാക്കാനാവുക. പിന്നീട് എല്ലാ കടമ്പകളും കടന്ന് വെബ്സൈറ്റിൽ പബ്ലിഷ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന സന്തോഷമുണ്ട്. അതുമാത്രം ആഗ്രഹിച്ചാണ് ഞങ്ങളുൾപ്പെടെ ഓരോരുത്തരും ഇതിനുവേണ്ടി മെനക്കെടുന്നത്. ഒരുതവണ സിനിമ സൈറ്റിൽ വന്നാൽ സ്വാഭവികമായും അടുത്തത് ചെയ്യാമെന്ന് പറഞ്ഞ് വരും. ഒരു പത്തെണ്ണമൊക്കെ അടുപ്പിച്ച് ചെയ്ത് കഴിയുമ്പോഴേ മടുപ്പ് തോന്നൂ. ഞാനൊരു(പ്രവീൺ) മുപ്പത്തിയഞ്ച് സിനിമ ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. എം സോണിൻ്റെ ആപ്പ് ലോഞ്ച് നിർവ്വഹിച്ചത് യുവ സംവിധായകൻ ഗിരീഷ് എ ഡിയാണ്. അദ്ദേഹം എംസോണിൽ നിരവധി പരിഭാഷകൾ ചെയ്തയാളാണ്.

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

പണം കൊടുത്താൽ കിട്ടാത്ത ചില കാര്യങ്ങളുണ്ടല്ലോ.. സിനിമ കാണുന്ന സന്തോഷം പോലെ തന്നെയാണ് നമുക്കിഷ്ടപ്പെട്ട സിനിമകൾ മറ്റുള്ളവരെ കാണിക്കുന്നതും. ഒരു നല്ല സിനിമ കണ്ടാൽ നമുക്കിഷ്ടപ്പെട്ടവരെ വിളിച്ച് പറയുമല്ലോ. ഇങ്ങനെയൊരു സിനിമ വന്നിട്ടുണ്ട്, നിനക്കിഷ്ടപ്പെടും ഉറപ്പായും കാണണമെന്നൊക്കെ.. അതുപോലെയാണിതും. പിന്നെ പരിഭാഷ ചെയ്തവരുടെ പേരുവിവരങ്ങൾ സഹിതമാണ് പോസ്റ്ററുകൾ ചെയ്യുന്നത്. ഒപ്പം അന്താരാഷ്ട്ര സിനിമകളുടെ മലയാളം പോസ്റ്ററുകൾ കാണുന്ന കൗതുകവും.

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

(എംസോൺ പോസ്റ്ററുകൾ)

 

ആദ്യ സിനിമ- ചിൽഡ്രൻ ഓഫ് ഹെവെൻ

കുട്ടികളാണ് നാളത്തെ തലമുറ. അവർക്ക് കാണാനാകണം, സ്കൂളുകളിൽ പ്രദർശിപ്പിക്കണം എന്നാണ് തോന്നിയത്. മജീദ് മജീദിയുടെ ചിത്രമെന്നതും കാരണമായി. തുടക്കത്തിൽ എല്ലാവർക്കും ഇതൊരു കൗതുകമായിരുന്നു. മലയാളത്തിൽ സിനിമകളിലെ സംഭാഷണങ്ങൾ വായിക്കാൻ സാധിക്കുന്നു. യൂണികോഡിൻ്റെ കണ്ടുപിടുത്തമാണ് എല്ലാം എളുപ്പമാക്കിയത്. 

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

'ചിൽഡ്രൻ ഓഫ് ഹെവൻ'
 

ഏറ്റവും കൂടുതൽ വ്യൂ വന്നിട്ടുള്ളത് 'മണി ഹെയ്സ്റ്റ്' പോലുള്ള സീരീസുകൾക്കാണ്. പോപ്പുലർ സിനിമകൾക്കും സീരീസുകൾക്കുമൊക്കെ കൂടുതൽ ഡൗൺലോഡുകൾ വരും. അലൈൻ ജിസ്‌പോണറുടെ 'ഹൈദി' ഒരുപാടുപേർ ഡൗൺലോഡ് ചെയ്ത ചിത്രമാണ്.  ചില കോമഡി ചിത്രങ്ങൾക്ക് വലിയ ജനപ്രീതിയുണ്ട്. കൊവിഡാണ് പെട്ടെന്നുള്ള മാറ്റം കൊണ്ടുവന്നത്. ഒരുപാടുപേർ സബ്ടൈറ്റിൽ വിവർത്തനം ചെയ്യാൻ തയ്യാറാകുന്നതും ഒരുപാടുപേർ ലോകസിനിമകൾ കണ്ടതും കൊവിഡ് ലോക്ഡൗൺ കാലത്താണ്. ദിവസം ഒരു സിനിമ റിലീസ് ചെയ്തിടത്ത് എട്ടും പന്ത്രണ്ടും സിനിമകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ദിവസങ്ങളുണ്ടായി.  

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

('ബ്രാൻഡഡ് ടു കിൽ' സിനിമയിൽ നിന്ന്)

 

സംവിധായകനേക്കാൾ ക്രിയേറ്റീവാകേണ്ട.. 

പരിഭാഷകൻ സംവിധായകൻ ചിന്തിച്ചതിനപ്പുറം ക്രിയേറ്റീവാകേണ്ടതില്ല. സിനിമയിലെ ഒരു സാഹചര്യത്തിന് മലയാള സിനിമയിലെ ഒരു സാഹചര്യവുമായി സാമ്യമുണ്ട് എന്നതുകൊണ്ട് മലയാള സിനിമാ ഡയലോഗുകൾ ചേർക്കേണ്ടതില്ല. 'നീ പോ മോനേ ദിനേശാ' എന്നൊക്കെ സാഹചര്യമനുസരിച്ച് എഴുതിപ്പോയാൽ അത് നീതികേടാകും. അങ്ങനെ മുമ്പുണ്ടായിട്ടുണ്ട്. എംസോൺ മറ്റു സിനിമാ ഗ്രൂപ്പുകളിൽ നിന്ന് ഇത്തരത്തിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. അതൊക്കെ പിന്നീട് പിൻവലിക്കേണ്ടതായി വന്നു. സംഭാഷണം കൂടുതൽ രസകരമാകാനോ മലയാളി പ്രേക്ഷകരുമായി കണക്ട് ആകാനോ ചെയ്യുന്നതാണ്. എന്നാൽ സംവിധായകൻ ഉദ്ദേശിക്കാത്തതൊന്നും സിനിമയ്ക്ക് ആവശ്യമില്ല.

കിഷ്കിന്ധാകാണ്ഡത്തിൻ്റെ വിജയം, മമ്മൂട്ടിയുടെ അഭിനന്ദനം

മലയാളികളുടെ കാഴ്ചാബോധത്തെ പരുവപ്പെടുത്തിയതിൽ ലോക സിനിമയെ ജനകീയമാക്കിയ ഇത്തരം പരിഭാഷകൾക്ക് പങ്കുണ്ടെന്ന് പറഞ്ഞത് നടൻ മമ്മൂട്ടിയാണ്. മലയാള സിനിമയ്ക്ക് ഇന്നുണ്ടായ മാറ്റങ്ങളിലും പ്രേക്ഷകർ ആ മാറ്റങ്ങളെ സ്വീകരിക്കുന്നതിലും എംസോണിനും പങ്കുണ്ടെന്ന് തന്നെയാണ് വിശ്വാസം. ഒരാളുടെ സിനിമ ആസ്വാദന രീതി മാറുന്നതിൽ അന്താരാഷ്ട്ര സിനിമകളുടെ സ്വാധീനമുണ്ട്. അതുകൊണ്ടാണ് ഈയടുത്തിറങ്ങിയ 'കിഷ്കിന്ധാകാണ്ഡം' പോലൊരു സിനിമയ്ക്കും വലിയ വാണിജ്യവിജയമുണ്ടാക്കാനായത്. 

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD


ഭാഷാപഠനത്തിന് തടസമല്ല പരിഭാഷ

16 മുതൽ 25 വയസ് വരെയുള്ളവരാണ് എംസോണിൻ്റെ മലയാളം സബ്ടൈറ്റിലുകൾ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യുന്നത്. ഇംഗ്ലീഷ് കൃത്യമായി പഠിച്ച് മനസിലാക്കി വരുന്ന പ്രായത്തിലുള്ളവർ. മലയാളം സബ്ടൈറ്റിലുകൾ ഉപയോഗിച്ച് കാണുന്നത് എന്തോ തെറ്റാണെന്ന് ചിന്തിക്കുന്ന ആളുകളുമുണ്ട്. ഇംഗ്ലീഷ് പഠിക്കാൻ ഇംഗ്ലീഷിൽ തന്നെ കാണണമെന്നാണ് അവർ പറയുക. ഇംഗ്ലീഷ് ഭാഷയുമായി കൂടുതൽ പരിചയത്തിലാകാൻ ഇംഗ്ലീഷിൽ കേൾക്കുകയും അതേകാര്യം മലയാളത്തിൽ വായിക്കുകയും ചെയ്യുന്നത് സഹായിക്കുമെന്നാണ് ഇത്രയും സിനിമകൾ പരിഭാഷ ചെയ്തതിലൂടെ എൻ്റെ(പ്രവീൺ) അനുഭവം.

ആദ്യത്തെ പരിഭാഷ ചെയ്യുമ്പോൾ എൻ്റെ ഇംഗ്ലീഷ് മോശമായിരുന്നു. ഇന്ന് ഞാൻ അന്ന് ചെയ്തതിലും നാലിരട്ടി എളുപ്പത്തിൽ ചെയ്യുമെന്നെനിക്ക് ഉറപ്പുണ്ട്. മലയാളത്തിൽ ചിന്തിച്ച് ഇംഗ്ലീഷിലേക്ക് മാറ്റാൻ ശ്രമിക്കുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. ഭാഷയറിയുന്നവർ ഇംഗ്ലീഷിൽ തന്നെ ചിന്തിച്ച് ഇംഗ്ലീഷിൽ സംസാരിക്കും. മലയാളം സബ്ടൈറ്റിലിൽ സിനിമ കാണുമ്പോൾ ഈ പ്രക്രിയ അവിടെ ചെയ്ത് വച്ചിട്ടുണ്ട്.

MSone Malayalam Subtitles for Everyone launched new app on their 12th anniversary by Girish AD

(പ്രേക്ഷകർ ഫേസ്ബുക്കിൽ പങ്കുവെച്ച കമൻ്റുകൾ)


ഉടൻ വരാനിരിക്കുന്നത്

എംസോണിൽ ഉടൻ വരാനിരിക്കുന്നത് 'ഹയിസ്റ്റ് മൂവി ഫെസ്റ്റ്' ആണ്.  കവർച്ച വിഷയമാകുന്ന ലോകസിനിമയിലെ തന്നെ മികച്ച സൃഷ്ടികളെ ഇതിൽ ഉൾപ്പെടുത്തും. പുതിയതായി ഇറങ്ങുന്ന ഏത് ഹയിസ്റ്റ് സിനിമയെടുത്താലും അതിലെല്ലാം പഴയ സിനിമകളുടെ റെഫറൻസുകളോ സ്വാധീനമോ കാണാം. 'ഗോഡ്ഫാദർ' റെഫറെൻസ് ഇല്ലാതെ മാഫിയാ പശ്ചാത്തലമുള്ള സിനിമകൾ ചെയ്യാനാകില്ല എന്ന് പറയുംപോലെ. 
പുതിയകാല സാഹചര്യങ്ങളെയും സാധ്യതകളെയും മുൻനിർത്തിയാണ് വെബ്സൈറ്റിനെ ആപ്പ് രൂപത്തിലേക്ക് കൊണ്ടുവന്നത്. കുറേകൂടി 'യൂസർ ഫ്രണ്ട്‌ലി'യാക്കുകയായിരുന്നു ലക്ഷ്യം. ഐഎംഡിബി പോലെ സിനിമകളുടെ ഒരു ഡാറ്റാബേസ് എന്ന തരത്തിലാണ് എംസോണിനെയും വളർത്തികൊണ്ടുവരുന്നത്. സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നില്ലെങ്കിൽ കൂടി ഇത്രയധികം സിനിമകളെക്കുറിച്ചറിയാൻ ആപ്പ് ഉപകാരപ്പെടും.

Latest Videos
Follow Us:
Download App:
  • android
  • ios