തിയറ്ററുകളിലെ സ്വാതന്ത്ര്യദിനം ആര് നേടും? പ്രേക്ഷകരെ തേടി ഈ വാരം 9 സിനിമകള്‍
മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍
സിനിമാ വ്യവസായം ശ്രദ്ധാപൂര്‍വ്വം നോക്കുന്ന റിലീസ് തീയതികളിലൊന്നാണ് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15. പൊതു അവധിദിനം എന്നതുതന്നെ ഇതിന് കാരണം. സ്വാതന്ത്ര്യദിനത്തിന് റിലീസ് ചെയ്യപ്പെട്ടാല്‍ ഇത്തവണത്തേതുപോലെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡും (ഇത്തവണ 4 ദിവസം) ലഭിക്കാറുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യദിനം ലക്ഷ്യമാക്കി വിവിധ ഭാഷകളില്‍ നിന്ന് പ്രധാന ചിത്രങ്ങളുടെ നിരയുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നായി 9 ചിത്രങ്ങളാണ് ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.
മലയാളത്തില്‍ ബേസില്‍ ജോസഫ്, ഗ്രേസ് ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി, പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിപിന്‍ ദാസിന്‍റെ തിരക്കഥയില്‍ ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ എന്നീ ചിത്രങ്ങളാണ് ഓഗസ്റ്റ് 15 ന് എത്തുന്നത്. തമിഴില്‍ വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍, അരുള്‍നിധി തമിഴരശ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഡിമോണ്ടെ കോളനി 2 എന്നിവയാണ് തമിഴില്‍ നിന്നുള്ള റിലീസുകള്‍. രണ്ട് ചിത്രങ്ങളും 15 ന് തന്നെയാണ് എത്തുന്നത്.
തെലുങ്കില്‍ നിന്ന് രാം പൊതിനേനിയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഡബിള്‍ ഐസ്മാര്‍ട്ട് എന്ന ചിത്രവും ഇതേ ദിവസം എത്തും. ബോളിവുഡില്‍ നിന്ന് മൂന്ന് ചിത്രങ്ങളാണ് സ്വാതന്ത്ര്യദിനത്തിന് എത്തുന്നത്. അക്ഷയ് കുമാറിനെ നായകനാക്കി മുദാസര്‍ അസീസ് സംവിധാനം ചെയ്ത ഖേല്‍ ഖേല്‍ മേം, ജോണ്‍ എബ്രഹാമിനെ നായകനാക്കി നിഖില്‍ അദ്വാനി സംവിധാനം ചെയ്ത വേദാ, ശ്രദ്ധ കപൂര്‍, രാജ്‍കുമാര്‍ റാവു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന സ്ത്രീ 2 എന്നിവയാണ് അവ. ഇവയ്ക്കൊപ്പം ഹോളിവുഡില്‍ നിന്ന് അനിമേഷന്‍ ചിത്രം ഡെസ്പിക്കബിള്‍ മി 4 എന്ന ചിത്രവും ഈ വാരാന്ത്യത്തില്‍ എത്തുന്നുണ്ട്. 16 ന് ആണ് ഈ ചിത്രത്തിന്‍റെ റിലീസ്.
ALSO READ : സൈജു കുറുപ്പ് നായകന്‍; കൗതുകമുണര്‍ത്തി 'ഭരതനാട്യം' പോസ്റ്റർ