'കോച്ചിംഗ് സെന്ററിലേക്ക് നേരത്തെയെത്തണം, മടങ്ങാൻ വൈകും', രണ്ട് വർഷത്തോളം നീണ്ട അതിക്രമം, അറസ്റ്റ്
പുതിയ സ്കൂളിലെത്തിയ പെൺകുട്ടി കോച്ചിംഗ് സെന്ററിൽ ചേർന്നതിന് പിന്നാലെ ആരോടും സംസാരിച്ചിരുന്നില്ല. മകളിലുണ്ടായ മാറ്റം ശ്രദ്ധിച്ച അമ്മയാണ് 2023 ജനുവരിയിൽ ഒരു കൌൺസിലറുടെ സഹായം തേടിയത്
മുംബൈ: കോച്ചിംഗ് സെന്ററിലേക്ക് നേരത്തെയെത്തണം, മടക്കം വൈകും. രണ്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ച് കോച്ചിംഗ് സെന്റർ ഉടമകളായ സഹോദരങ്ങൾ. ദക്ഷിണ മുംബൈയിലെ കോച്ചിംഗ് സെന്റർ ഉടമകളിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തോളം പീഡനം നേരിട്ട പെൺകുട്ടി കൌൺസിലറോട് മാർച്ച് മാസത്തിൽ വിവരം പറഞ്ഞിരുന്നു.
കൌൺസിലറുടെ നിരന്തരമായ പ്രേരണയ്ക്ക് പിന്നാലെ പെൺകുട്ടിയും രക്ഷിതാക്കളും വെള്ളിയാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ട് സഹോദരന്മാരെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും കോച്ചിംഗ് സെന്റർ ഉടമകളിലെ മൂത്ത സഹോദരന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. സൌത്ത് മുംബൈ സ്വദേശികളായ 24ഉം 25ഉം 27ഉം വയസുള്ള സഹോദരങ്ങൾ 7ാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസ് എടുത്തിരുന്നത്. ഇവരുടെ ക്ലാസുകളിൽ എത്തിയവരിൽ 40ഓളം പെൺകുട്ടികളാണ് പങ്കെടുത്തിരുന്നത്. 2022ലാണ് പരാതിക്കാരി കോച്ചിംഗ് സെന്ററിൽ ചേരുന്നത്. അടുത്തിടെ വിവാഹ മോചനം നേടിയ അമ്മയോടൊപ്പമാണ് പെൺകുട്ടി സൌത്ത് മുംബൈയിലേക്ക് എത്തിയത്.
പുതിയ സ്കൂളിലെത്തിയ പെൺകുട്ടി കോച്ചിംഗ് സെന്ററിൽ ചേർന്നതിന് പിന്നാലെ ആരോടും സംസാരിച്ചിരുന്നില്ല. മകളിലുണ്ടായ മാറ്റം ശ്രദ്ധിച്ച അമ്മയാണ് 2023 ജനുവരിയിൽ ഒരു കൌൺസിലറുടെ സഹായം തേടിയത്. ഇവിടെ വച്ചാണ് 15കാരി തനിക്ക് നേരെ നടന്ന അതിക്രമം കൌൺസിലറോട് വിശദമാക്കിയത്. സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭീതിയിലായിരുന്നു കുട്ടി പീഡന വിവരം ആരേയും അറിയിക്കാതിരുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം