പതിച്ചാല്‍ ഭൂമിയില്‍ ഭീമാകാരന്‍ ഗര്‍ത്തം; കൂറ്റന്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി മുന്നറിയിപ്പ്

310 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം വലിപ്പവും വേഗവും കൊണ്ട് ഭീതി സൃഷ്‌ടിക്കുന്നതാണ് 

310 Feet Sized Asteroid 2006 WB Heading Towards Earth on Novermber 26 2024

കാലിഫോര്‍ണിയ: ശാസ്ത്രലോകത്തിന് ഒരേസമയം ആശങ്കയും ആകാംക്ഷയും സമ്മാനിച്ച് കൂറ്റന്‍ ഛിന്നഗ്രഹം (2006 ഡബ്ല്യൂബി) ഭൂമിക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നു. ബഹുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തെ കുറിച്ച് നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി മുന്നറിയിപ്പ് നല്‍കി. 

കാഴ്‌ചയില്‍ തന്നെ അസാധാരണമാണ് 2006 ഡബ്ല്യൂബി (Asteroid 2006 WB) എന്ന ഛിന്നഗ്രഹം. 310 അടി അഥവാ ഏകദേശം 94.488  മീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ബഹുനില കെട്ടടത്തിന്‍റെ വലിപ്പം കണക്കാക്കുന്ന 2006 ഡബ്ല്യൂബി ഛിന്നഗ്രഹം അതിന്‍റെ യാത്രയില്‍ നവംബര്‍ 26ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും എന്ന് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി നിരീക്ഷിക്കുന്നു. കറ്റാലിന സ്കൈ സര്‍വേ 2006ലാണ് ഈ നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റിനെ കണ്ടെത്തിയത്. 

2006 ഡബ്ല്യൂബി ഛിന്നഗ്രഹം ഭൂമിക്ക് വലിയ അപകടമുണ്ടാക്കാതെ കടന്നുപോകും എന്നാണ് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത പിന്തുടരുന്ന നാസയുടെ അനുമാനം. നവംബര്‍ 26ന് ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും ഇത് സുരക്ഷിത അകലത്തിലായിരിക്കും. അന്നേ ദിനം ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 554,000 മൈല്‍ അകലമുണ്ടാകും ഛിന്നഗ്രഹവും ഭൂമിയും തമ്മില്‍. അതിനാല്‍ ഭയത്തിന്‍റെ തെല്ലും ആവശ്യമില്ലെന്ന് വ്യക്തം. എങ്കിലും സഞ്ചാരപാതയില്‍ എന്തെങ്കിലും വ്യതിയാനം വരുമോ എന്ന് നാസ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.

ഭൂമിക്ക് 4.6 ദശലക്ഷം മൈല്‍ (75 ലക്ഷം കിലോമീറ്റര്‍) അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങളെ കുറിച്ച് നാസ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ അകലത്തിലെത്തുന്ന 150 മീറ്ററെങ്കിലും വലിപ്പമുള്ള ഛിന്നഗ്രഹങ്ങളേ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ. നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയാണ് ഭൂമിക്ക് അടുത്തെത്തുന്ന ഇത്തരം ബഹിരാകാശ വസ്‌തുക്കളെ കുറിച്ച് പഠിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ലോകത്തെ പ്രധാന ഏജന്‍സി.

Read more: ഭൂമിയില്‍ പതിച്ചാല്‍ ചിന്തിക്കാന്‍ വയ്യ; ഭീമന്‍ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു- മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios