സ്‌കൂട്ടര്‍ തടഞ്ഞ് യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതിയ്ക്ക് 17 വര്‍ഷം കഠിന തടവും പിഴയും

2014 ഒക്‌ടോബര്‍ ഒന്നിന് വൈകിട്ട് അഞ്ച് മണിയ്ക്കാണ് ഒല്ലൂര്‍ ഗൂഡ്‌സ് ഷെഡ് റോഡിൽ കേസിനാസ്പദമായ സംഭവം നടന്നത്. 

Attempt to kill a young woman by blocking her scooter Accused sentenced to 17 years rigorous imprisonment and fine

തൃശൂര്‍: ശല്യപ്പെടുത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കിയ യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 60,500 രൂപ പിഴയും വിധിച്ച് കോടതി. എടക്കുന്നി വില്ലേജ് തലോര്‍ മേരിമാത റോഡില്‍ ഡോണ്‍ കള്ളിക്കാടനെയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിഴത്തുക ഇരയായ യുവതിക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴയടക്കാത്തപക്ഷം നാല് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 

2014 ഒക്‌ടോബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് ഒല്ലൂര്‍ ഗൂഡ്‌സ് ഷെഡ് റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒല്ലൂരിലെ കമ്പനിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു യുവതി. യുവതിക്കൊപ്പം കമ്പനിയില്‍ മുന്‍പ് പ്രതി ജോലി ചെയ്തിരുന്നു. അവിടെ വെച്ച് യുവതിയോട് മോശമായ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതി അതിനെ എതിര്‍ത്തു. തുടര്‍ന്ന് അനുസരണക്കേട് മൂലം കമ്പനിയില്‍ നിന്നും ഡോണിനെ പറഞ്ഞുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫോണില്‍ വിളിച്ച് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോള്‍ യുവതി ഭര്‍ത്താവിനോട് പരാതി പറയുകയായിരുന്നു. ഇത് വകവെയ്ക്കാതെ പ്രതി യുവതി തനിക്ക് വഴങ്ങണമെന്നും വിളിക്കുന്നിടത്തേക്ക് വരണമെന്നും ഇല്ലെങ്കില്‍ യുവതിയുടെ കൈ വെട്ടിക്കളയുമെന്നും ഭര്‍ത്താവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവതിയെ വഴിയില്‍ തടഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്. 

വാളുകൊണ്ട് യുവതിയെ വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഴിഞ്ഞു മാറിയെങ്കിലും വലത് തോളിലും ഇടതുകയ്യിലും യുവതിയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭച്ചു. പിറ്റേന്ന് രാവിലെ പ്രതിയെ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനടുത്ത് നിന്നും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കാണിച്ചുകൊടുത്തതു പ്രകാരം ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും വെട്ടാന്‍ ഉപയോഗിച്ച വാള്‍ പൊലീസ് കണ്ടെടുത്തിരുന്നു.

കേസില്‍ പ്രോസിക്യൂഷന്‍ തെളിവുകള്‍ ഹാജരാക്കി 16 സാക്ഷികളെ വിസ്തരിച്ചു. ഒല്ലൂര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ. ഉമേഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വ്യാപകമായ ഇക്കാലത്ത് അത്തരത്തിലുള്ള കേസുകളിലെ പ്രതിയ്ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലാജു ലാസര്‍, അഡ്വ. എ.പി. പ്രവീണ എന്നിവര്‍ ഹാജരായി.

READ MORE:  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; സന്നിധാനത്തും പമ്പയിലും ഇടിമിന്നൽ, മഴ മുന്നറിയിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios