'തമിഴ്‌നാട് താരങ്ങളെ പതിവായി അവഗണിക്കുന്നു'; ടി നടരാജനെ തഴഞ്ഞതില്‍ ആഞ്ഞടിച്ച് മുന്‍ താരം
ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി നടരാജന്‍ ഏഴ് കളികളില്‍ ഇതുവരെ 13 വിക്കറ്റെടുത്തിട്ടുണ്ട്
ചെന്നൈ: ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് ടീമിൽ ഫാസ്റ്റ് ബൗളർ ടി നടരാജനെ ഉൾപ്പെടുത്താത്തതിൽ വിമര്‍ശനം. തമിഴ്നാട് താരങ്ങളെ അവഗണിക്കുന്നത് പതിവാണെന്ന് ഇന്ത്യൻ മുൻ താരം എസ് ബദ്രിനാഥ് കുറ്റപ്പെടുത്തി. ഐപിഎല്‍ 2024 സീസണില്‍ മികച്ച ഫോമിലുള്ള സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതിനെ ബദ്രിനാഥ് പ്രശംസിച്ചു.
സെലക്ഷൻ കമ്മിറ്റി യോഗത്തിലേക്ക് അജിത് അഗാർക്കറും കൂട്ടരും എത്തുമ്പോൾ ജസ്‌പ്രീത് ബുമ്ര മാത്രമായിരുന്നു ലോകകപ്പ് സ്ക്വാഡില്‍ സ്ഥാനം ഉറപ്പുള്ള പേസർ. ഐപിഎൽ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള ഇടംകൈയൻ പേസർ ടി നടരാജന് അവസരമൊരുങ്ങുമെന്ന് അതിനാൽ പലരും കരുതി. എന്നാൽ നടരാജനെ സെലക്ടർമാർ അവഗണിച്ചു. ഈ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി നടരാജന്‍ 7 മത്സരങ്ങളില്‍ 13 വിക്കറ്റെടുത്തു. എന്നാൽ പകരം ലോകകപ്പ് ടീമിൽ ഉൾപെടുത്തിയത് 9 കളിയിൽ 12 വിക്കറ്റുള്ള അർഷ്ദീപ് സിംഗിനെയും, 9 കളിയിൽ 6 വിക്കറ്റ് മാത്രമുള്ള മുഹമ്മദ് സിറാജിനേയുമാണ്. അതിനാൽ നടരാജൻ സ്ക്വാഡിൽ നിന്ന് പുറത്തായത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങളാലല്ലെന്ന് ഇന്ത്യൻ മുൻ താരം എസ്. ബദ്രിനാഥ് തുറന്നടിക്കുന്നു.
'ടി നടരാജന്‍ ടി20 ലോകകപ്പ് ടീമില്‍ വേണമായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കളിക്കാർക്ക് മറ്റുള്ളവരെക്കാൾ ഇരട്ടി മികവ് പുലർത്തിയാലേ അവസരം കിട്ടൂ. കഠിന പ്രയത്നം നടത്തിയിട്ടും തമിഴ്നാട് താരങ്ങള്‍ അവഗണിക്കപ്പെടുന്നു. ഈ അവഗണന ഞാനും അനുഭവിച്ചിട്ടുണ്ട്. എങ്കിലും വിമര്‍ശനങ്ങളുണ്ടെങ്കിലും മികച്ച സ്ക്വാഡിനെയാണ് ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്' എന്നും എസ് ബദ്രിനാഥ് എക്സിൽ പ്രതികരിച്ചു.
ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.
Read more: അമിത പരിഗണനയോ? പാണ്ഡ്യ വൈസ് ക്യാപ്റ്റനായത് അവസാന നിമിഷം ടീമിലെത്തി!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം