Asianet News MalayalamAsianet News Malayalam

മുംബൈയെ മടയില്‍ തന്നെ പൂട്ടി സഞ്ജുവിന്‍റെ രാജസ്ഥാന്‍, പോയന്‍റ് പട്ടികയില്‍ ഒന്നാമത്; മുംബൈ അവസാന സ്ഥാനത്ത്

ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോഷ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്‍റെ മികവ് ഒരിക്കല്‍ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു.

IPL 2024 MI vs RR live updates, Rajasthan Royals beat Mumbai Indians, Sanju Samson, Hardik Pandya, Rohit Sharma
Author
First Published Apr 1, 2024, 11:14 PM IST | Last Updated Apr 1, 2024, 11:14 PM IST

മുംബൈ: ഐപിഎല്ലില്‍ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ ഹോം ഗ്രൗണ്ടിൽ തളച്ച് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. മൂന്ന് കളികളില്‍ മൂന്നും ജയിച്ച രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കളിച്ച മൂന്ന് കളിയും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 54 റണ്‍സുമായി പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്‍റെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ അനായാസം മറികടന്നത്.

ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോഷ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്‍റെ മികവ് ഒരിക്കല്‍ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു. മുംബൈക്കായി ആകാശ് മധ്‌വാള്‍ മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ 125-9, രാജസ്ഥാന്‍ റോയല്‍സ് ഓവറില്‍ 15.3 ഓവറില്‍ 127-4.

മിന്നിക്കത്തി മുന്‍നിര, ആളിക്കത്തി പരാഗ്

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് സ്കോര്‍ ബോര്‍ഡില്‍ 48 റണ്‍സെത്തിയപ്പോഴേക്കും യശസ്വിയെയും(10) സഞ്ജുവിനെയും(12) ബട്‌ലറെയും(13) നഷ്ടമായെങ്കിലും ആദ്യം അശ്വിനൊപ്പവും(16) പിന്നീട് ശുഭം ദുബെക്കൊപ്പവും(8) ചെറി കൂട്ടുകെട്ടുകളിലൂടെ പരാഗ് രാജസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു.  പതിനാറാം ഓവറില്‍ ജെറാള്‍ഡ് കോയെറ്റ്സിയെ തുടര്‍ച്ചയായി സിക്സിന് പറത്തി 38 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ പരാഗ് അടുത്ത പന്ത് ബൗണ്ടറി കടത്തി27 പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ക്യപ്റ്റന്‍സിയിലുമെല്ലാം മുംബൈയെ വാരിക്കളയുന്ന പ്രകടനത്തോടെയാണ് രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തിയത്. ഹോം ഗ്രൗണ്ടിലും തോല്‍വി അറിഞ്ഞതോടെ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്‍റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് മുംബൈയെ എറിഞ്ഞിട്ടത്.

ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെയും(0)നമന്‍ ധിറിനെയും(0) തുടര്‍ച്ചയായ പന്തുകളില്‍ നഷ്ടമായ മുംബൈക്ക് പിന്നീട് കരകയറാനായില്ല. തന്‍റെ അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെക്കൂടി(0) ഗോള്‍ഡന്‍ ഡക്കാക്കിയ ബോള്‍ട്ട് മുംബൈയുടെ ബോള്‍ട്ടൂരി.പിന്നാലെ പ്രതീക്ഷ നല്‍കിയ ഇഷാന്‍ കിഷനെ(16) അസാധ്യമായൊരു പന്തില്‍ നാന്ദ്രെ ബര്‍ഗര്‍ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ 20-4ലേക്ക് വീണ മുംബൈക്ക് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും തിലക് വര്‍മയുടെയും പ്രത്യാക്രമണം നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പത്താം ഓവറില്‍ 75 റണ്‍സിലെത്തിയ മുംബൈ മാന്യമായ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ക്യാപ്റ്റന്‍റെ അമിതാവേശം വിനയായി.

ചാഹലിനെ സിക്സിന് പറത്താനുള്ള ഹാര്‍ദ്ദിക്കിനെ(21 പന്തില്‍ 34) റൊവ്മാന്‍ പവല്‍ ഓടിപ്പിടിച്ചു. പിന്നീട് ക്രീസിലെത്തിയത് പിയൂഷ് ചൗളയായിരുന്നു. ചൗളയെ(3)ആവേശ് ഖാന്‍റെ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ പറന്നു പിടിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയ തിലക് വര്‍മയെ(29 പന്തില്‍ 32) അശ്വിന്‍ പറന്നുപിടിച്ചു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ക്കുമെന്ന് കരുതിയ ‍ടിം ഡേവിഡും(24 പന്തില്‍ 17) നനഞ്ഞ പടക്കമായതോടെ മുംബൈ സ്കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios