Asianet News MalayalamAsianet News Malayalam

വീണ്ടും സെഞ്ചുറി, ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഓപ്പണറാവാൻ അവകാശവാദവുമായി അഭിമന്യു ഈശ്വരൻ

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെഞ്ചുറിയുമായി വീണ്ടും അഭിമന്യു ഈശ്വരന്‍.

Abhimanyu Easwaran scores 4th straight FC century, India's Border-Gavaskar Trophy 3rd Opener Audition heats up
Author
First Published Oct 14, 2024, 8:27 PM IST | Last Updated Oct 14, 2024, 8:27 PM IST

കൊല്‍ക്കത്ത: ദുലീപ് ട്രോഫിയില്‍ മിന്നിയിട്ടും ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്ന ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന് രഞ്ജി ട്രോഫിയിലും സെഞ്ചുറി. 172 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്ന അഭിമന്യു ഈശ്വരന്‍റെ ബാറ്റിംഗ് മികവില്‍ ഉത്തര്‍പ്രേദേശിനെതിരായ രഞ്ജി മത്സരത്തില്‍ ബംഗാള്‍ സമനില പിടിച്ചു. ആദ്യ ഇന്നിംഗ്സില്‍ ബംഗാള്‍ 311 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 292 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ബംഗാള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു നില്‍ക്കെയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ആദ്യ ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ ബംഗാള്‍ മൂന്ന് പോയന്‍റ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായ അഭിമന്യു ഈശ്വരൻ രഞ്ജി സെഞ്ചുറിയിലൂടെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ മൂന്നാം ഓപ്പണറാവാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു.അഭിമന്യു ഈശ്വരന്‍റെ കരിയറിലെ 27-മത് ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്.

തിലക് വര്‍മ നായകന്‍, അഭിഷേക് ശര്‍മ വൈസ് ക്യാപ്റ്റൻ; എമേര്‍ജിംഗ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമായി

ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിരവധി തവണ ഉള്‍പ്പെട്ടെങ്കിലും 29കാരനായ അഭിമന്യു ഈശ്വരന് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. നേരത്തെ ദുലീപ് ട്രോഫിയില്‍ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും അഭിമന്യു ഈശ്വരന്‍ സെഞ്ചുറി നേടിയിരുന്നു. ഇതിന് പുറമെ ഇറാനി ട്രോഫിയിലും സെഞ്ചുറി നേടി. എന്നിട്ടും സെലക്ടര്‍മാര്‍ അഭിമന്യു ഈശ്വരനെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് രഞ്ജി ട്രോഫിയിലും അഭിമന്യു സെഞ്ചുറി നേടിയത്.

ഓസ്ട്രേലിയയിലെ മൂന്നാം ഓപ്പണറാവാൻ അഭിമന്യു ഈശ്വരനൊപ്പം ശക്തമായി മത്സരിക്കുന്ന റുതുരാജ് ഗെയ്ക്‌വാദ് ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ 86 റണ്‍സുമായി തിളങ്ങിയെങ്കിലും മഹാാഷ്ട്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കാനായിരുന്നില്ല. ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 519 റണ്‍സിന് മറുപടിയായി മഹാരാഷ്ട്ര 428 റണ്‍സിന് ഓള്‍ ഔട്ടായി ലീഡ് വഴങ്ങി. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ജമ്മു കശ്മീര്‍ വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios