Asianet News MalayalamAsianet News Malayalam

96ൽ നിൽക്കുമ്പോഴും എന്തിനാണ് കണ്ണുംപൂട്ടി അടിച്ചതെന്ന് സൂര്യകുമാർ യാദവ്; ഹൃദയം തൊടുന്ന മറുപടിയുമായി സഞ്ജു

ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ സഞ്ജു ടി20യില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി റെക്കോര്‍‍ട്ടിരുന്നു.

Everyone has his own time, Sanju Samson to Suryakumar Yadav after Hyderabad Heroics
Author
First Published Oct 14, 2024, 4:28 PM IST | Last Updated Oct 14, 2024, 4:27 PM IST

ഹൈദരാബാദ്: ഒടുവില്‍ ആരാധകരും സഞ്ജു സാംസണും കാത്ത് കാത്തിരുന്ന സെഞ്ചുറി ഹൈദരാബാദില്‍ യാഥാര്‍ത്ഥ്യമായി. ഇനിയൊരു മോശം പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള വാതിലുകള്‍ അടയ്ക്കുമെന്ന തിരിച്ചറിവില്‍ ആടിത്തിമിര്‍ത്ത സഞ്ജു സാംസണോട് മത്സരശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു. ചേട്ടാ എന്ന് വിളിച്ചുകൊണ്ടാണ് സൂര്യകുമാര്‍ യാദവ് സംഭാഷണം തുടങ്ങിയത് തന്നെ. കാത്ത് കാത്തിരുന്നു ഒടുവില്‍ അത് സംഭവിച്ചു. എന്തു തോന്നുന്നു ഇപ്പോ എന്നായിരുന്നു സൂര്യകുമാര്‍ സഞ്ജുവുിനോട് ആദ്യം ചോദിച്ചത്.

സത്യം പറഞ്ഞാല്‍ തന്‍റെ സന്തോഷത്തിന് ഇപ്പോള്‍ അതിരുകളില്ലെന്ന് സഞ്ജു സൂര്യകുമാറിനോട് പറഞ്ഞു. പറയാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ വികാരാധീനനായി പോകുന്നു. ഇത് ഇപ്പോള്‍ സംഭവിച്ചതില്‍ ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടല്ലോ. ഈ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് അല്‍പം നീണ്ടുപോയെന്ന് അറിയാം. അത് നേടുന്നതുവരെയുള്ള കാലയളവ് വെല്ലുവിളികളുടേതുമായിരുന്നു. പക്ഷെ എന്‍റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.

നഷ്ടമാക്കിയ അവസരങ്ങളെക്കുറിച്ചോര്‍ത്ത് സഞ്ജുവിനും അഭിഷേകിനും ഭാവിയില്‍ ദു:ഖിക്കേണ്ടിവരും; ആകാശ് ചോപ്ര

ഞാനെന്‍റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്. എന്നില്‍ വിശ്വസിച്ച് എന്‍റെ ജോലി ചെയ്തു. സെഞ്ചുറി ആഘോഷിക്കാന്‍ എന്‍റെ കൂടെ താങ്കള്‍ കൂടിയുണ്ടായിരുന്നു എന്നതില്‍ എനിക്ക് അതിലേറെ സന്തോഷം എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. സഞ്ജുവിന്‍റെ ബാറ്റിംഗ് മറുവശത്തു നിന്ന് ശരിക്കും ആസ്വദിച്ചുവെന്ന് സൂര്യകുമാര്‍ പറഞ്ഞു. താന്‍ കണ്ടതില്‍ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്നായിരുന്നു ഇതെന്ന് സൂര്യകുമാര്‍ പറഞ്ഞു.

96ല്‍ നില്‍ക്കുമ്പോഴും എന്തിനാണ് കണ്ണും പൂട്ടി അടിക്കുന്നതെന്നായിരുന്നു പിന്നീട് സൂര്യകുമാറിന് അറിയേണ്ടിയിരുന്നത്. അതിന് സഞ്ജു നല്‍കിയ മറുപടിയും രസകരമായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, പ്രത്യേകിച്ച് ശ്രീലങ്കൻ പര്യടനം മുതല്‍ നമ്മള്‍ ടീമിനകത്ത് ഉണ്ടാക്കിയൊരു അന്തരീക്ഷം ഉണ്ട്. അവിടെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് സ്ഥാനമില്ല. ആക്രമണോത്സുകനായി കളിക്കുക, വിനയത്തോടെ പെരുമാറുക എന്നതാണ് നമ്മുടെ കോച്ചും ക്യാപ്റ്റനുമെല്ലാം പറയുന്നത്. അതാണ് താന്‍ അങ്ങനെ കളിച്ചതെന്ന് സഞ്ജു പറഞ്ഞപ്പോള്‍ വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ ഉപരി ടീമിന്‍റെ നേട്ടത്തിന് മുന്‍തൂക്കം നല്‍കുന്ന സഞ്ജവിന്‍റെ ശൈലി എല്ലാവര്‍ക്കും പാഠമാണെന്ന് സൂര്യകുമാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios