Asianet News MalayalamAsianet News Malayalam

ആധി ഇന്ത്യക്ക്, അയല്‍വാസികള്‍ കരുണ കാണിക്കുമോ? പാക് വനിതകള്‍ ഇന്ന് കിവീസിനെതിരെ

പാകിസ്ഥാന്‍ ചെറിയ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സെമിയിലേക്ക് മുന്നേറും.

pakistan vs new zealand women world cup match preview and more
Author
First Published Oct 14, 2024, 5:02 PM IST | Last Updated Oct 14, 2024, 5:02 PM IST

ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ന് നിര്‍ണായക മത്സരം. സെമി പ്രതീക്ഷകളുമായി ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രാത്രി 7.30നാണ് മത്സരം. ഇന്ത്യന്‍ വനിതളും ഈ മത്സര ഫലം ഉറ്റുനോക്കുകയാണ്. പാകിസ്ഥാന്‍ ചെറിയ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സെമിയിലേക്ക് മുന്നേറും. ന്യൂസിലന്‍ഡിനാണ് ജയമെങ്കില്‍ 6 പോയിന്റുമായി കിവികള്‍ സെമി ഉറപ്പിക്കും. നിലവില്‍ ന്യൂസിലന്‍ഡിനും ഇന്ത്യക്കും 4 പോയിന്റ് വീതമാണെങ്കിലും റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയ സെമിയിലേക്ക് കടന്നു.

ദക്ഷിണാഫ്രിക്കയില്‍ സഞ്ജു-അഭിഷേക് സഖ്യം തന്നെ! ഇഷാനെ തിരിച്ചുകൊണ്ടുവരും; സാധ്യതാ ടീമിനെ അറിയാം

ന്യൂസിലന്‍ഡിനെ 54 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലെത്താം. എന്നാല്‍ അതിന് താഴെയുള്ള റണ്‍സ് വ്യത്യാസത്തിലാണ് പാകിസ്ഥാന്‍ ജയിക്കുന്നതെങ്കില്‍ ഇന്ത്യ സെമിയിലേക്ക്. ഇനി പാകിസ്ഥാന്‍ സ്‌കോര്‍ പിന്തുടരുകയാണെങ്കില്‍ 10.4 ഓവറില്‍ വിജയിക്കണം. വിജയിക്കാന്‍ കൂടുതല്‍ ഓവറുകള്‍ വേണ്ടി വന്നാല്‍ ഇന്ത്യക്ക് സെമികളിക്കാം. മത്സരം മഴ മുടക്കിയാല്‍ ന്യൂസിലന്‍ഡ് സെമി കളിക്കും. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിയാണ് ഇന്ത്യക്ക് വിനയായത്. ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളോട് മാത്രമാണ് ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത്. ന്യൂസിലന്‍ഡ് ഓസീസിനോട് തോറ്റെങ്കിലും ഇന്ത്യയേയും ശ്രീലങ്കയേയും മറികടക്കാനായത് നേട്ടമായി.

ഇരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന നാലിലെത്തുക. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഓസീസിന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. അവര്‍ അവസാന നാലില്‍ എത്തുകയും ചെയ്തു. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച ഇന്ത്യക്ക് നാല് പോയിന്റുമായി രണ്ടാമതാണ്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുള്ള ന്യൂസിലന്‍ഡ് മൂന്നാമത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുള്ള പാകിസ്ഥാന്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളും പരാജയപ്പെട്ട ശ്രീലങ്കയുടെ സാധ്യതകള്‍ നേരത്തെ അവസാനിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios