ഷാജി കൈലാസ് പറഞ്ഞു, 'വല്യേട്ടൻ കാണാൻ തോന്നിപ്പിക്കുന്ന ട്രെയിലർ': കാർത്തിക് ജോ​ഗേഷ് അഭിമുഖം

'വല്യേട്ടൻ' അറയ്ക്കൽ മാധവനുണ്ണിയും സഹോദരങ്ങളും വീണ്ടും എത്തുമ്പോൾ, സിനിമയിൽ വരുത്തിയ ചെറിയ, വലിയ മാറ്റങ്ങളെക്കുറിച്ച് എഡിറ്റർ  കാർത്തിക് ജോ​ഗേഷ് പറയുന്നു.

Valliettan Malayalam Mammootty movie rerelease Karthik Jogesh interview

യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു റീ-റിലീസ് ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഒരു ദിവസത്തിനുള്ളിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടാനാകുക, അതും ടെലിവിഷനിലൂടെ ഒരായിരം തവണ സംപ്രേഷണം ചെയ്തതാണെന്ന് തമാശരൂപേണ പൊതുസംസാരമുള്ള ഒരു സിനിമ. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ 'വല്യേട്ടൻ' ആണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് പിന്നിലാകട്ടെ കാർത്തിക് ജോ​ഗേഷ് എന്ന യുവ എഡിറ്ററുടെ കൈകളാണുള്ളത്.

'വല്യേട്ടൻ' 4K ഡോൾബി അട്മോസ് റീമാസ്റ്റർ ചെയ്ത് വീണ്ടും തീയേറ്ററുകളിൽ എത്തിക്കുന്നത് അമ്പലക്കര ഫിലിംസാണ്. അറയ്ക്കൽ മാധവനുണ്ണിയും സഹോദരങ്ങളും വീണ്ടും തീയേറ്ററുകളിലേക്ക് എത്തുമ്പോൾ, സിനിമയിൽ വരുത്തിയ ചെറിയ, വലിയ മാറ്റങ്ങളെക്കുറിച്ച് എഡിറ്റർ  കാർത്തിക് ജോ​ഗേഷ് പറയുന്നു.

Valliettan Malayalam Mammootty movie rerelease Karthik Jogesh interview

'വല്യേട്ടൻ' എഡിറ്റ് ചെയ്തത് എൽ. ഭൂമിനാഥനാണ്. ഇപ്പോൾ 24 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തീയേറ്ററിലേക്ക് എത്തുമ്പോൾ, ട്രെയിലറും ടീസറും കാർത്തിക് ആണ് എഡിറ്റ് ചെയ്യുന്നത്. ഈ അവസരം എങ്ങനെയാണ് കൈകളിലേക്ക് വരുന്നത്?

സത്യത്തിൽ ഇത് എന്റെ കുടുംബത്തിന് കൂടെ വേണ്ടിയുള്ള ഒരു ട്രിബ്യൂട്ട് ആണ്. കാരണം, വല്യേട്ടനിലെ മമ്മൂട്ടി കഥാപാത്രം എന്റെ മൂത്ത അമ്മാവനെ റഫറൻസ് എടുത്ത് ചെയ്തതാണ്. അതുകൊണ്ട് തന്നെ എനിക്ക് വ്യക്തിപരമായി ഇതിലൊരു അടുപ്പമുണ്ട്. അപ്പോൾ പിന്നെ ഞാൻ തന്നെ ചെയ്തില്ലെങ്കിൽ പിന്നെ... അങ്ങനെയൊരു ട്രിബ്യൂട്ട് ആണിത്.

കാർത്തിക്കിന്റെ കുടുംബത്തിന്റെ കഥയാണോ അപ്പോൾ 'വല്യേട്ടൻ'?

'വല്യേട്ടൻ' സിനിമയുടെ കഥയ്ക്ക് കുടുംബവുമായി നേരിട്ട് ബന്ധമില്ല. പക്ഷേ, അതിലെ ആ അഞ്ച് സഹോദരങ്ങൾക്ക് പ്രചോദനം എന്റെ അമ്മയുടെ സഹോദരന്മാരാണ്. മൂത്ത സഹോദരൻ ജയകുമാർ ആണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പ്രചോദനം. അദ്ദേഹത്തിന്റെ അനുജന്മാർ, ബൈജു അമ്പലക്കര, അനിൽ അമ്പലക്കര ചേർന്നാണ് 'വല്യേട്ടൻ' നിർമ്മിച്ചത്. ഞാൻ എഡിറ്റർ‌ ശ്രീകർ പ്രസാദിന്റെ അസിസ്റ്റന്റായിരുന്നു. പിന്നീട് മദ്രാസ് ടാക്കീസിൽ ഇൻഹൗസ് എഡിറ്ററായി. ഞാൻ സ്വതന്ത്രമായി ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ആദ്യമായി അവസരം തന്നത് അമ്പലക്കര ഗ്ലോബൽ ഫിലിംസ് ആണ്, പേരറിയാത്തവർ എന്ന ചിത്രമായിരുന്നു അത്. പിന്നീട്  അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ഹേയ് ജൂഡ് പോലെയുള്ള സിനിമകൾ  ഞാൻ തന്നെയാണ് എഡിറ്റ് ചെയ്തത്.

കൈരളി ടിവിയിലൂടെ എല്ലാ ദിവസവും ആളുകൾ കാണുന്ന സിനിമ എന്ന് 'വല്യേട്ടനെ'ക്കുറിച്ച് ഒരു തമാശയുണ്ട്. സ്വാഭാവികമായും ഇത്രയും ജനകീയമായ ഒരു സിനിമയ്ക്ക് പുതുമയുള്ള ഒരു ട്രെയിലർ ഉണ്ടാക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടിച്ചു?

അതെ. ഈ ട്രെയിലർ ഒരുക്കുന്നതിലെ ഏറ്റവും വലിയ ചലഞ്ച് ഒരുപാട് ആളുകൾ കണ്ട്, ഇഷ്ടപ്പെട്ട്, ആഘോഷിച്ച സിനിമയാണ് 'വല്യേട്ടൻ'. അത് വീണ്ടും ടച്ച് ചെയ്യുമ്പോൾ തീർച്ചയായും റിസ്ക് ആണ്. എല്ലാ തലമുറയിലുള്ളവരെയും ഞാൻ അഭിമുഖീകരിക്കണമായിരുന്നു, ഈ സിനിമ ഇഷ്ടപ്പെട്ടവരും ഇനി കാണാൻ പോകുന്നവരും. അതായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്നത്. പിന്നെ ഒരുപാട് ആളുകൾ സോഷ്യൽ മീഡിയയിൽ മാഷപ്പും എഡിറ്റും എല്ലാം ചെയ്തതാണ് 'വല്യേട്ടൻ'. അതുകൊണ്ട് ഞാൻ ഇത് ചെയ്യുമ്പോൾ എന്തെങ്കിലും പുതുമ വേണം എന്നത് നിർബന്ധമായിരുന്നു. അതേസമയം സിനിമയുടെ എസ്സൻസ് നഷ്ടമാകാനും പാടില്ല. ടീസർ കട്ട് ചെയ്തത് ഞാൻ കുറച്ച് സൂക്ഷ്മതയോടെയാണ്. ഒരു ഇൻട്രോ പോലെയാണ് അത് ചെയ്തത്. വല്യേട്ടനും അനിയന്മാരും മടങ്ങിവരുന്നു എന്നൊരു ശൈലിയിൽ. ട്രെയിലർ ചെയ്തപ്പോൾ ഒരു മാസ്സ് ഫിലിം എന്ന രീതിയാണ് പിന്തുടർന്നത്. മാസ് ഘടകങ്ങൾക്ക് ഒരു കുറവും ഉണ്ടാകാതെ ചെയ്യണം എന്നതായിരുന്നു ചലഞ്ച്. ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ് ഒന്നാമത് എത്തി, ടീസർ രണ്ടാമത് എത്തി.

'വല്യേട്ടൻ' പുതുതായി ബി​ഗ് സ്ക്രീനിൽ എത്തുമ്പോൾ വലിയ മാറ്റങ്ങളുമായാണോ വരുന്നത്?

ടീസർ, ട്രെയിലർ മാത്രമേ ഞാൻ കട്ട് ചെയ്തിട്ടുള്ളൂ. പിന്നെ മൊത്തം സിനിമയിൽ ചെറിയ വെട്ടിയൊതുക്കലുകൾ നടത്തി. അത് സൂക്ഷ്മമാണ്. പ്രധാനപ്പെട്ട കഥാഭാ​ഗങ്ങളൊന്നും കട്ട് ചെയ്തിട്ടില്ല; ആളുകൾ ശ്രദ്ധിക്കുക തന്നെയില്ല. സംവിധായകന്റെ അനുമതിയോടെയാണ് ട്രിം ചെയ്തത്. ട്രെയിലറിലും ടീസറിലും പുതിയ മ്യൂസിക് ഉപയോ​ഗിച്ചിട്ടുണ്ട്. പക്ഷേ, സിനിമയിൽ രാജാമണി സർ ഉപയോ​ഗിച്ച സം​ഗീതം അതേപടി നിലനിർത്തി.

പുതിയ ടീസറും ട്രെയിലറും സംവിധായകൻ ഷാജി കൈലാസ് കണ്ടിരുന്നോ, എന്തായിരുന്നു പ്രതികരണം?

ട്രെയിലറും ടീസറും ഞാൻ ഷാജി കൈലാസ് സാറിനെ കാണിച്ചിരുന്നു. അദ്ദേഹത്തിന് ഭയങ്കരമായി ഇഷ്ടപ്പെട്ടു. "കാണാൻ തോന്നിപ്പിക്കുന്ന ട്രെയിലർ" എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. പിന്നീട് പ്രൊഡ്യൂസർ മമ്മൂട്ടിക്ക് ഫയലുകൾ അയച്ചു കൊടുത്തു. അദ്ദേഹത്തിനും അത് ഇഷ്ടമായി, പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

സ്വന്തം കുടുംബവുമായും ബന്ധമുള്ള സിനിമയല്ലേ? കാർത്തിക്കിന്റെ 'വല്യേട്ടൻ' ഓർമ്മകളെക്കുറിച്ച് പറയൂ...

'വല്യേട്ടൻ' ഞാൻ കുടുംബത്തോടൊപ്പം പോയി കണ്ടതാണ്. ആ ഒരു സമയത്ത് നരസിംഹം കഴിഞ്ഞ് നിൽക്കുന്ന സമയത്ത് മമ്മൂട്ടിക്കും ഒരു മാസ് സിനിമ വേണം എന്ന് നമ്മൾ ആ​ഗ്രഹിക്കില്ലേ? ഞാൻ ഒരു മമ്മൂട്ടി ആരാധകൻ കൂടെയാണ്. അദ്ദേഹത്തെ ഈ വേഷത്തിൽ കാണാൻ എല്ലാവരെയും പോലെ ഞാനും ആ​ഗ്രഹിച്ചിരുന്നു.

'പേരറിയാത്തവർ', 'കാട് പൂക്കുന്ന നേരം' കാർത്തിക്ക് തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമാണല്ലോ. അടുത്ത ചുവട് എന്താണ്?

സുഹൃത്തുക്കളോടൊപ്പം ചേർന്ന് പ്രോജക്റ്റുകളുണ്ട്. കുട്ടിക്കാലം മുതലെ സിനിമകളാണ് എനിക്ക് എല്ലാം. അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ പോകുമ്പോൾ അമ്മാവന്മാർ വാങ്ങിച്ചുവെച്ചിരുന്ന വി.സി.ആർ ടേപ്പുകൾ ഇപ്പോഴും ഓർമ്മയുണ്ട്. കിം​ഗ്, കമ്മീഷണർ മുതൽ ടെർമിനേറ്റർ വരെയുള്ള ചിത്രങ്ങൾ അന്നൊക്കെ കാർട്ടൂൺ കാണുന്ന ഇഷ്ടത്തോടെ കാണുമായിരുന്നു. എല്ലാവരും കളിക്കാൻ പോകുന്ന സമയത്ത് ഞാൻ സമയം ചെലവഴിച്ചിരുന്നത് സിനിമ കണ്ടായിരുന്നു. പിന്നെ എന്റെ അച്ഛൻ എസ്. ജോ​ഗേഷ് ഐ.പി.എസ് ഉദ്യോ​ഗസ്ഥനായിരുന്നു. അദ്ദേഹം ഒരിക്കലും എന്റെ സിനിമാമോഹത്തെ നിരുത്സാഹപ്പെടുത്തിയില്ല. ഞാൻ എൽവി പ്രസാദ് കോളേജ് ഓഫ് മീഡിയ സ്റ്റഡീസിൽ നിന്ന് എഡിറ്റിം​ഗും സൗണ്ട് ഡിസൈനുമാണ് പഠിച്ചത്. ഇപ്പോൾ 'വല്യേട്ടൻ' ട്രെയിലർ ചെയ്യുമ്പോൾ പോലും വിഷ്വലിനൊപ്പം ശബ്ദവും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ട്രെയിലറിന് ലഭിച്ച പ്രതികരണങ്ങളിൽ ഞാൻ സന്തുഷ്ടനാണ്. ഒരുപാട് ആളുകൾ വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യുന്നുണ്ട്. സിനിമ കാണാൻ തോന്നിപ്പിക്കുന്ന ട്രെയിലർ എന്നാണ് എല്ലാവരും പറയുന്നത്. അത് തന്നെയാണ് ഞാനും ആ​ഗ്രഹിച്ചത്.

(അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)

Latest Videos
Follow Us:
Download App:
  • android
  • ios