പ്രശാന്ത് നീൽ ചിത്രത്തിന്റെ എഡിറ്റർ മലയാളി യൂട്യൂബർ, ഇത് സ്വപ്‍ങ്ങളുടെ 'ബഗീര'- അഭിമുഖം

'ആർസിഎം പ്രൊമോ ആൻഡ് റീമിക്സ്' എന്ന യൂട്യൂബ് ചാനലും അതിലെ പ്രണവിന്റെ മാഷപ്പ് കട്ടുകളും ഒരിക്കലെങ്കിലും സോഷ്യൽ മീഡിയയിൽ കാണാത്തവരുണ്ടാകില്ല. ഹോംബാലെയുടെ ബിഗ് ബജറ്റ് ചിത്രത്തിലേയ്ക്ക് പ്രണവിനെ എത്തിച്ചതും ഇതേ യൂട്യൂബ് ചാനലാണ്.

hombale films prashanth neel movie bagheera editor pranav sri prasad interview

'കെജിഎഫ്', 'കാന്താര', 'സലാർ' പോലെ ബിഗ് ബജറ്റ്- പാൻ ഇന്ത്യൻ സിനിമകളുടെ നിർമ്മാതാക്കളാണ് ഹോംബാലെ ഫിലിംസ്. ഹോംബാലെ നിർമ്മിച്ച് പ്രശാന്ത് നീൽ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം 'ബഗീര' ഒക്ടോബർ 31ന് തിയേറ്ററുകളിലെത്തും. സൂരി സംവിധാനം ചെയ്ത് കന്നഡ സൂപ്പർസ്റ്റാർ ശ്രീ മുരളി നായകനാകുന്ന ബഗീരയുടെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് മലയാളി യൂട്യൂബറും തിരുവനന്തപുരം സ്വദേശിയുമായ പ്രണവ് ശ്രീ പ്രസാദ് ആണ്. RCM Promo & Remix  എന്ന യൂട്യൂബ് ചാനലും അതിലെ പ്രണവിന്റെ ചില മാഷപ്പ് കട്ടുകളും ഒരിക്കലെങ്കിലും സോഷ്യൽ മീഡിയയിൽ കാണാത്തവരുണ്ടാകില്ല. ഹോംബാലെയുടെ ബിഗ് ബജറ്റ് ചിത്രത്തിലേയ്ക്ക് പ്രണവിനെ എത്തിച്ചതും ഇതേ യൂട്യൂബ് ചാനലാണ്. സ്വപ്‍നങ്ങൾക്ക് പിന്നാലെ പാഞ്ഞ് അതെത്തിപ്പിടിച്ച കഥയാണ് പ്രണവിന് പറയാനുള്ളത്. പ്രണവ് ശ്രീ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് സംസാരിക്കുന്നു.

ആർസിഎം പ്രൊമോ ആൻഡ് റീമിക്സിൻ്റെ പ്രണവ് ശ്രീ പ്രസാദ്

ആർസിഎം എഡിറ്റ് ആൻഡ് കട്ട്സ് എന്ന യൂട്യൂബ് ചാനൽ സിനിമയിലേയ്ക്കുള്ള വഴി എന്ന നിലയ്ക്കാണ് തുടങ്ങിയതും വീഡീയോകൾ ചെയ്തതും. എനിക്കതിൽ നിന്ന് പ്രതിഫലം കിട്ടുന്നുണ്ടായില്ല. 'ഷോറീൽ' എന്ന തരത്തിൽ വർക്കുകൾ പ്രദർശിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. ഷോർട്ട് ഫിലിം ചെയ്‍ത് സിനിമയിൽ കയറുക, സംവിധാന സഹായിയായി സിനിമയിൽ കയറുക എന്നൊക്കെ പറയും പോലെയായിരുന്നു ഇതും. എന്റെ സ്വപനങ്ങൾക്ക് വേണ്ടി ചെയ്‍ത് തുടങ്ങിയതാണ് എല്ലാം. ഇപ്പോൾ 200K സബ്സ്ക്രൈബേഴ്സ് ഉണ്ട് ചാനലിന്. ഓഡിയോ ഒന്നും മാനിപ്പുലേറ്റ് ചെയ്‍തല്ല ഉപയോഗിക്കാറുള്ളത്, കോപ്പിറൈറ്റ് ക്ലെയിമുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മോണിറ്റൈസ് ചെയ്യാനാകില്ല.

2021,22 സമയത്തൊക്കെ സിനിമയിൽ നിന്ന് ചില ഓഫറുകൾ വന്നിരുന്നു. ട്രെയ്‌ലർ, ടീസർ കട്ടുകൾ ചെയ്യാനായിരുന്നു അത്. മലയാളം, തമിഴ് ഭാഷകളിൽ വീഡിയോകൾ ചെയ്തിരുന്നതുകൊണ്ട് രണ്ട് ഭാഷകളിൽ നിന്നും ഓഫറുകൾ വന്നു. ഞാനപ്പോൾ പിജി പഠിക്കുകയാണ്. പരീക്ഷയും മറ്റു കാര്യങ്ങളും കൊണ്ട് ആദ്യ കാലത്ത് വന്ന സിനിമകൾ സ്വീകരിക്കാനായില്ല. അവസാന പരീക്ഷയെല്ലാം കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് സുരാജ് വെഞ്ഞാറമൂട് ചിത്രം ഹെവനിൽ നിന്ന് ഓഫർ വന്നത്. ഹെവൻ്റെ ട്രെയ്‌ലർ ചെയ്യാനായിരുന്നു ആവശ്യം, അതാണ് ആദ്യത്തെ സിനിമ.
 

hombale films prashanth neel movie bagheera editor pranav sri prasad interview

(പ്രശാന്ത് നീലിനൊപ്പം)                                                           

 

റൈറ്റ് ടൈം- ബഗീര

2022 സമയത്ത് കൂടുതൽ ഓഫറുകൾ വന്നുതുടങ്ങി. ഹെവൻ ചെയുതുകൊണ്ടിരുന്നപ്പോഴാണ് ബഗീരയുടെ ടീമിൽ നിന്ന് വിളി വരുന്നത്. വീഡിയോകൾ കണ്ടിരുന്നു സിനിമയിൽ ജോലി ചെയ്യാൻ താല്‍പര്യം ഉണ്ടോ എന്നു ചോദിച്ചു. ഡയറക്ഷൻ ഡിപ്പാർട്മെൻ്റിൽ നിന്നാണ് കോൾ വന്നത്. സിനിമയിൽ മുമ്പ് ജോലി ചെയ്‍തിരുന്നോ എന്നെല്ലാം അന്വേഷിച്ച് മനസിലാക്കി. ട്രെയ്‌ലറൊക്കെ ചെയ്തുകൊണ്ടിണ്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോഴാണ് സിനിമയുടെ എഡിറ്റ് ചെയ്യുന്നോ എന്ന് ചോദിച്ചത്. ഇത്രയും വലുതല്ലെങ്കിലും മറ്റു ചില സിനിമാ ഓഫറുകൾ മുമ്പും വന്നിട്ടുണ്ട്. അപ്പോഴത് സ്വീകരിക്കാൻ ധൈര്യമുണ്ടായില്ല.

പിന്നീട് ട്രെയ്‌ലറുകളൊക്കെ ചെയ്‍ത് സിനിമയുടെ വർക്ക് ഫ്ലോ മനസിലായി ആത്മവിശ്വാസം വന്നതുകൊണ്ടാണ് ബഗീരയ്ക്ക് യെസ് പറഞ്ഞത്. കുറച്ചുകൂടി മുമ്പ്, ഒരു ആറുമസം മുമ്പാണ് ബഗീരയിൽ നിന്ന് വിളി വന്നതെങ്കിൽ ഒരുപക്ഷേ എനിക്കാ ഓഫർ സ്വീകരിക്കാനാകുമായിരുന്നില്ല. ചെറിയ പടങ്ങളുടെ ഓഫറുകൾ വന്നപ്പോൾ പോലും അതിനുള്ള അനുഭവ പരിചയം ആയില്ലെന്ന ചിന്തയിൽ ഒഴിവാക്കുകയായിരുന്നു.
hombale films prashanth neel movie bagheera editor pranav sri prasad interview
പ്രശാന്ത് നീലിന്റെ 'സലാർ'

ബഗീരയാണ് സലാറിലെത്തിച്ചത്. ഹോംബാലെ തന്നെയാണല്ലോ രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാക്കൾ. 2023 ഡിസംബറിലായിരുന്നു സലാർ റിലീസ്. നവംബറിലാണ് സലാറിൽ ജോയിൻ ചെയ്‍തത്. സിജി ആൻഡ് എഡിറ്റ് ഏകോപിപ്പിച്ച് കൊണ്ടുപോകാൻ ഹോംബാലെയുടെ നിർദേശപ്രകാരം ബഗീര നിർത്തിവച്ചാണ് പോകുന്നത്. സിനിമയുടെ എഡിറ്റർ ഉജ്വൽ കുൽകർണിക്ക് ചില ആരോഗ്യപ്രള്‍നങ്ങൾ വന്നതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ആ സമയം സിജി വർക്കുകൾ ഒരുപാട് ബാക്കിയുണ്ടായിരുന്നു. സലാർ ടീമിനെ മുഴുവൻ പരിചയമുണ്ടായിരുന്നതുകൊണ്ട് അങ്ങനെയൊരു ആവശ്യം വന്നപ്പോൾ ഏറ്റെടുക്കുകയായിരുന്നു.

ഏല്‍പ്പിച്ച ജോലികൾ പൂർത്തിയാക്കി ഞാൻ ബഗീരയിലേയ്ക്ക് കടന്നു. ബഗീര ടീസർ ഇറക്കേണ്ട സമയമായിരുന്നു. പണി നിർത്തിവെച്ച് പോയതുകൊണ്ട് ഇവിടെയും ജോലികൾ ബാക്കിയായിരുന്നു. ബഗീരയുടെ ടീസർ കണ്ടിട്ടാണ് പ്രശാന്ത് നീൽ സലാറിന്റെ സെക്കന്റെ ട്രെയ്‌ലർ ചെയ്യാൻ പറയുന്നത്. അങ്ങനെ സെക്കന്റെ ട്രെയ്‌ലറും പിന്നീട് സിനിമയുടെ റിലീസ് വരെ മറ്റ് എഡിറ്റിങ് ജോലികളിലുമുണ്ടായി. സലാറിന്റെ ഭാഗമായിരുന്നതുകൊണ്ട് പ്രശാന്ത് നീലിനൊപ്പം ഒരുപാട് സമയം ചെലവഴിക്കാൻ പറ്റി.

hombale films prashanth neel movie bagheera editor pranav sri prasad interview

(പ്രണവ് ശ്രീ പ്രസാദ്)

എഡിറ്ററല്ല, സംവിധായകൻ

എന്റെ അറിവിൽ അറിയപ്പെടുന്ന നല്ല സംവിധായകരെല്ലാവരും നല്ല എഡിറ്റർമാർ കൂടിയാണ്. പ്രശാന്ത് നീൽ, രാജമൗലി, രാജ്‍കുമാർ ഹിരാനി ഇവരെല്ലാം നല്ല എഡിറ്റർമാരായതുകൊണ്ടാണ് നല്ല സംവിധായകരുമായതെന്നാണ് വിശ്വാസം. ഒരു ഡയറക്ടർ നല്ല എഡിറ്റർ കൂടിയായിരിക്കുന്നത് നല്ലതാണെന്നാണ് കരുതുന്നത്. സിനിമ എഡിറ്റ് ചെയ്യുന്നതൊന്നും മനസിലുണ്ടായിരുന്നില്ല. എഡിറ്റ് ചെയ്‍ത വീഡിയോകൾ ഉപയോഗിച്ച് പ്രിയദർശൻ, ശങ്കർ, മണിരത്നം അങ്ങനെ ആരുടെയെങ്കിലുമൊപ്പം സംവിധാന സഹായിയാകണം. എഡിറ്ററായാണ് തുടങ്ങാനാകുന്നതെങ്കിൽ ശ്രീകർ പ്രസാദിനൊപ്പം ജോലി ചെയ്യണമെന്നും. ശ്രമങ്ങളെല്ലാം അതിനുവേണ്ടിയായിരുന്നു.

സ്വപ്‍ങ്ങൾക്ക് പിന്നാലെ

എം കോം ആണ് പഠിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠിക്കണം എന്നായിരുന്നു ആഗ്രഹം. അതിനു പറ്റിയില്ല. സ്‍കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്. 12 വർഷത്തോളമായി എഡിറ്റിങ് ചെയ്യുന്നുണ്ട്. എഡിറ്റിങ് എന്താണെന്നൊന്നും അറിഞ്ഞിട്ടല്ല, ചെയ്യാനിഷ്‍ടമായിരുന്നു. അച്ഛനൊരു ഫോട്ടോഗ്രാഫറാണ്. സ്റ്റുഡിയോയിലെ കമ്പ്യൂട്ടറിൽ എന്നെ ഫോട്ടോഷോപ്പ് പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഞാൻ വീഡിയോകൾക്ക് പിന്നാലെയായിരുന്നു. നീ നന്നാവില്ല, ഫോട്ടോഗ്രാഫറൊന്നും ആകാൻ പോകുന്നില്ലെന്ന് പറയുമായിരുന്നു. എഡിറ്ററാകണമെന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. വലിയ സംവിധായകർക്കൊപ്പം അസിസ്റ്റ് ചെയ്യാനായിരുന്നു ശ്രമങ്ങളെല്ലാം.

വീട്ടുകാർക്ക് ഞാൻ എഡിറ്റിങ് ചെയ്യുന്നതിനോട് ഒരു 'ലവ് - ഹേറ്റ്' റിലേഷൻഷിപ്പായിരുന്നു. പ്ലസ് ടു ഒക്കെ പഠിച്ചുകൊണ്ടിരുന്നപ്പോൾ സിനിമയാണ് ആഗ്രഹമെന്ന് അറിയിച്ചു. ഒരു ജോലി വാങ്ങി സേഫ് ആയ ശേഷം എന്തുവേണമെങ്കിലും ചെയ്യാം എന്നായിരുന്നു മറുപടി. പക്ഷേ കോളേജ് കഴിഞ്ഞതിന് പിന്നാലെ അതൊക്കെ വിട്ട് എഡിറ്റിങ്, യൂട്യൂബ് ചാനൽ എന്നൊക്കെ പറഞ്ഞ് ഇറങ്ങിയപ്പോൾ വീട്ടിൽ നിന്നും സമ്മർദ്ദമായി. രാപ്പകലില്ലാതെ ഉറക്കം കളഞ്ഞ് സിസ്റ്റത്തിന് മുന്നിൽ ഇരിക്കുന്നത് കാണാം, യാതൊരു വരുമാനവുമില്ല. എന്റെ യാത്ര ശരിയായ ദിശയിലേക്കല്ലെന്നും ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും തോന്നിക്കാണും. ഞാൻ എന്നെതന്നെ തെളിയിച്ച് തുടങ്ങിയതിൽപ്പിന്നെ പൂർണ്ണ പിന്തുണയുണ്ട്.

hombale films prashanth neel movie bagheera editor pranav sri prasad interview

 

വിജയ്ക്ക് ആക്ഷൻ പറയണം

ഞാനൊരു വിജയ് ആരാധകനാണ്. അദ്ദേഹത്തെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. ദളപതി അങ്ങനെ എന്നെന്നേക്കുമായി സിനിമവിട്ട് പോകുമെന്നൊന്നും കരുതുന്നില്ല. അദ്ദേഹം ഒരു ബ്രേക്ക് എടുത്ത് തിരികെവരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നെങ്കിലും അങ്ങനെയൊരു സിനിമ ചെയ്യാനായാൽ സന്തോഷം. 'ദളപതി 69'ൽ ഒരു പ്രൊമോ കട്ട് കിട്ടിയാലും ഞാൻ ഹാപ്പി.

സഹായികളില്ലാതെ പൂർത്തിയാക്കിയ 'ബഗീര'

2022 മെയ് മാസത്തിലാണ് 'ബഗീര' തുടങ്ങുന്നത്. ജൂണിൽ ഞാൻ സിനിമയുടെ ഭാഗമായി. ഒറ്റയ്ക്കാണ് ബഗീര ചെയ്യുന്നത്. ഞാൻ മാത്രമാണ് സിനിമയുടെ എഡിറ്റർ. മറ്റ് സഹായികളാരുമില്ല. സിനിമാ മേഖലയ്‍ക്ക് ഞാൻ പുതിയയാളാണ്. എനിക്ക് അസിസ്റ്റന്റ്‍സിനെ വേണമെന്ന് നിർബന്ധം പിടിക്കാനാകില്ല. എന്നേപ്പോലെ പേരോ പ്രശസ്തിയോ ഇല്ലാത്തൊരാളെ വിശ്വസിച്ച് ഒരു സിനിമ ഏല്‍പിച്ചിരിക്കുകയാണ്. രാപ്പകലില്ലാത്ത ജോലിയായിരുന്നു. പക്ഷേ ഈ സിനിമ തന്ന ആത്മവിശ്വാസമുണ്ട്. എനിക്കിത് വലിയ അനുഭവപാഠമായിരുന്നു.

നീളം കൂടുതലുള്ള മാഷപ്പ് വിഡിയോകൾ ചെയ്തിട്ടുണ്ട്. അതും ക്രിയേറ്റീവായി വലിയ അധ്വാനം വേണ്ട ജോലിയാണ്. ഒറ്റയ്ക്കാണല്ലോ അതെല്ലാം ചെയ്യുന്നത്. സിനിമയ്ക്കായി ചെയ്‍തതിന്റെ ഒരു മിനിയേച്ചർ വേർഷനായാണ് ഇപ്പോൾ ആ മാഷപ്പുകളെ തോന്നിയത്. അതുകൊണ്ടാണ് തുടക്കത്തിൽ വലിയ ബുദ്ധിമുട്ടില്ലാതെ പോയത്. പിന്നെ ശീലമായി വന്നപ്പോൾ വർക്ക് ഫ്ലോ കിട്ടി. ബഗീരയുടെ ഫൈനൽ എഡിറ്റാണ് ഇപ്പോൾ നടക്കുന്നത്. ഒക്ടോബർ 31ന് ചിത്രം തിയേറ്ററുകളിലെത്തും. അഞ്ച് ഭാഷകളിലാണ് സിനിമ പ്ലാൻ ചെയ്തിരുന്നത്. ബിസിനസ് കാരണങ്ങൾ കൊണ്ട് ഒക്ടോബർ 31ന് തന്നെ റിലീസ് ചെയ്യണമെന്ന് വന്നു. അതുകൊണ്ടാണ് ആദ്യ ഘട്ടത്തിൽ കന്നഡ, തെലുങ്ക് ഭാഷകളിലായി ചുരുക്കേണ്ടി വന്നത്. 'സിങ്കം എഗെയ്ൻ', 'അമരൻ' ഒക്കെ ഇതേസമയത്ത് റിലീസിന് വരുന്നതുകൊണ്ട് ഹിന്ദി, തമിഴ് ഭാഷകളിൽ തിയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ട് വരാമെന്ന് കണ്ടാണ് ആദ്യ ഘട്ടത്തിൽ ഈ ഭാഷകൾ ഒഴിവാക്കിയത്. സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്കനുസരിച്ച് മറ്റു ഭാഷകൾ പിന്നീട് വരും. കേരളത്തിലും കന്നഡ വേർഷൻ ആകും റിലീസിനെത്തുക.

ശ്രീ മുരളിയുടെ സ്വാഗ്

സൂപ്പർ പവറുള്ള ഒരു സൂപ്പർ ഹീറോ കഥയല്ല ബഗീര. ഒരു റിയലിസ്റ്റിക് സൂപ്പർഹീറോ ആണ് ശ്രീ മുരളിയുടെ കഥാപാത്രം. ഒരു റിയലിസ്റ്റിക് ഹീറോ എങ്ങനെയുണ്ടാകുമോ അതാണ് സിനിമയിൽ കാണുക. ഓവറായി ഒന്നുമില്ല. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഹൈപ്പുമൊക്കെയായി രോമാഞ്ചമുണ്ടാക്കുന്ന കഥപറച്ചിൽ രീതിയല്ല. കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ട്രെയ്‌ലറിൽ കണ്ടത് എന്താണോ പൂർണ്ണമായും അതുതന്നെയാണ് 'ബഗീര'.

Latest Videos
Follow Us:
Download App:
  • android
  • ios