തുടക്കം നാല് വരിയിൽ, ഒടിയൻ മുതൽ ബറോസ് വരെ; ഗാനരചയിതാവ് ലക്ഷ്മി ശ്രീകുമാറുമായി അഭിമുഖം
സംവിധായകന്‍ വി എ ശ്രീകുമാർ മേനോന്‍റെ മകള്‍ കൂടിയാണ് ലക്ഷ്മി.
'നെഞ്ചില് കാളകൊളമ്പ് കണ്ണില് കാരിരുൾ മുള്ള്..ഒടിയാ..', ഈ വരികൾ കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ തെളിയുന്നൊരു മുഖമുണ്ട്. ഒടിയനിലെ മോഹൻലാൽ. അത്രത്തോളം വൈകാരികമായി മോഹൻലാൽ ഈ പാട്ട് സീനിൽ എത്തിയപ്പോൾ പ്രേക്ഷകന്റെ കണ്ണും മനവും ഒരുപോലെ നിറഞ്ഞിരുന്നു. ഒപ്പം ആ വരികളും മലയാളികളുടെ മനസിൽ ഉടക്കി. അതി വൈകാരികമായ ഈ ഗാനം എഴുതിയത് സംവിധായകനായ ശ്രീകുമാർ മേനോന്റെ മകൾ ലക്ഷ്മിയാണ്. ഒപ്പം 'മുത്തപ്പന്റെ ഉണ്ണി' എന്ന ഗാനവും രചിച്ചത് ലക്ഷ്മി തന്നെ. പിന്നാലെ ബ്രോ ഡാഡിയിലെ 'പറയാതെ വന്നെൻ' എന്ന ഗാനവും 'തെക്ക് വടക്കി'ലെ അഞ്ച് ഗാനങ്ങളും ലക്ഷ്മിയുടെ തൂലികയിൽ നിന്നും പിറന്നു. ഇതുവരെ രചിച്ച എല്ലാ പാട്ടുകളും ഹിറ്റാക്കി മാറ്റിയ ലക്ഷ്മിയുടേതായി വരാനിരിക്കുന്നത് ബറോസിലെ ഗാനമാണ്. തന്റെ പാട്ടെഴുത്തിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ലക്ഷ്മി സംസാരിക്കുന്നു.
ഔസേപ്പച്ചൻ സാറിലൂടെ തുടക്കം
കുട്ടിക്കാലം മുതലേ കുറച്ചൊക്കെ എഴുതുന്ന ആളായിരുന്നു ഞാൻ. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് മാതൃഭൂമി ആഴ്ച പതിപ്പിൽ എന്റെ ഒരു കവിത അച്ചടിച്ച് വരുന്നത്. അതായിരുന്നു തുടക്കം. എന്നാൽ എഴുത്തിൽ അത്ര സജീവമായിരുന്നില്ല ഞാൻ. കലോത്സവത്തിലോ യൂത്ത് ഫെസ്റ്റിവലിലോ കവിത മത്സരങ്ങൾക്കൊന്നും പങ്കെടുത്തിട്ടുമില്ല. പ്ലസ് ടു കഴിഞ്ഞ നിൽക്കുന്ന സമയത്ത് ഒരു സിനിമയ്ക്ക് വേണ്ടി ഞാനൊരു പാട്ടെഴുതി. ഔസേപ്പച്ചൻ സാറായിരുന്നു മ്യൂസിക്. അങ്ങനെയായിരുന്നു ഗാനരചനയിലേക്ക് എത്തുന്നത്. പക്ഷേ ആ സിനിമ പുറത്തുവന്നില്ല. എന്നാലത് ഒടിയനിലേക്കുള്ള വഴിതുറന്നു.
നാല് വരിയിൽ ക്ലിക്കായി, പിന്നീട് ഹിറ്റ് ഗാനങ്ങൾ
ആദ്യമൊരു സിനിമയ്ക്ക് എഴുതിയത് കൊണ്ട് തന്നെ, അച്ഛന് എന്നിൽ കുറച്ച് വിശ്വാസം ഉണ്ടായിക്കാണണം. ഒടിയനിൽ അവസരം പെട്ടെന്ന് കിട്ടുകയായിരുന്നില്ല. എനിക്കൊരു ചാൻസ് തരുന്നു, നന്നായിട്ട് എഴുതിയാൽ മുന്നോട്ട് പോകാം എന്ന ആലോചനയിൽ ആയിരുന്നു. വെറുതെ ഒന്ന് പരീക്ഷിച്ച് നോക്കിയതാണ്. എം ജയചന്ദ്രൻ സാറായിരുന്നു മ്യൂസിക്. റഫീക്ക് സാറും അതിൽ രണ്ട് പാട്ടുകൾ എഴുതിയിരുന്നു. അവർക്കൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു എന്നതാണ് വലിയ കാര്യം.
'മുത്തപ്പന്റെ ഉണ്ണി' എന്ന പാട്ടാണ് ഒടിയന് വേണ്ടി ആദ്യം എഴുതുന്നത്. നാല് വരിയാണ് എഴുതി കൊടുക്കാൻ പറഞ്ഞത്. അത് ക്ലിക്കായി. പിന്നീടാണ് ഒടിയനിലേക്ക് പൂർണമായും സെലക്ട് ആകുന്നത്. ശേഷം നെഞ്ചില് കാളക്കൊളമ്പ് എന്ന ഗാനം കൂടി എഴുതി. ഈ പാട്ട് സ്ക്രീനിൽ കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടം തോന്നിയിരുന്നു. അതിലെ ലാൽ സാറിന്റെ അഭിനയം നമ്മുടെ മനസിനെ തൊടുന്നതാണല്ലോ. പാട്ട് എഴുതി ആദ്യമായി കാണുന്ന സിനിമയും അതാണ്. വളരെ ഇമോഷണൽ ആയിട്ടുള്ളൊരു മൊമന്റായിരുന്നു അത്.
അച്ഛന്റെ ആദ്യത്തെ ഫീച്ചർ ഫിലിം കൂടി ആയിരുന്നു ഒടിയൻ. ആ പടത്തിൽ അച്ഛനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വളരെ സന്തോഷമുള്ളൊരു കാര്യമായിരുന്നു. ഒത്തിരി സ്പെഷ്യലായിട്ടുള്ള സിനിമ കൂടിയാണത്. ശേഷം ബ്രോ ഡാഡിയിലും എത്തി. എഴുതിയ പാട്ടുകൾ ജനശ്രദ്ധനേടി എന്നതിൽ സന്തോഷമുണ്ട്. അങ്ങനെയൊന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണല്ലോ. പക്ഷേ പ്രതീക്ഷിക്കാത്തതാണ് നടന്നത്. ദൈവത്തിനോട് നന്ദി പറയുന്നു.
എന്‍റെ വിമർശകനും അച്ഛൻ തന്നെ
വേറെ ആരുടെയും സിനിമകളൊന്നും അച്ഛൻ ഇടപെടാറില്ല. പിന്നെ അച്ഛന്റെ സിനിമയിൽ എഴുതിയതിനെ കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു. നന്നായിട്ട് എഴുതിയാൽ നിനക്ക് കൊള്ളാമെന്നാണ് അന്ന് പറഞ്ഞത്. എന്റെ ഏറ്റവും കടുത്ത വിമർശകൻ അച്ഛനാണ്. അദ്ദേഹത്തിൽ നിന്നും നല്ലൊരു വാക്ക് കിട്ടുക എന്നത് വളരെ വിരളമാണ്. ഒത്തിരി പാട്ടൊക്കെ എഴുതി ഒരഞ്ചാറ് വർഷമൊക്കെ കഴിയുമ്പോൾ നല്ലൊരു വാക്ക് കേട്ടാലായി.
ഷൂട്ടിംഗ് സെറ്റിലിരുന്നെഴുതിയ 'ബറോസ്' ഗാനം
ഒടിയനിലെ പാട്ടുകൾ ഇഷ്ടപ്പെട്ട് ലാൽ സാറാണ് ബറോസിലേക്ക് എന്നെ വിളിക്കുന്നത്. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു അത്. കൊച്ചിയിലെ ലൊക്കേഷനിൽ വച്ചായിരുന്നു പാട്ടെഴുതുന്നത്. ഒന്ന് രണ്ട് വർഷത്തെ പ്രോസസ് ആയിരുന്നു അത്. ഇത്രയും ടൈമും ഇൻവോൾവും എടുത്ത് ആദ്യമായാണ് ഞാൻ ഒരു സിനിമയിൽ വർക്ക് ചെയ്യുന്നതും. വളരെ സൂക്ഷ്മമായി എടുക്കുന്ന സിനിമയായത് കൊണ്ട് തന്നെ ലിറിക്സിലും അതുണ്ടായിരുന്നു. ഓരോ കാര്യങ്ങളും എനിക്ക് ലാൽ സാർ പറഞ്ഞു തരുമായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടയിൽ അദ്ദേഹം അടുത്ത് വരും, സംസാരിക്കും. അതിനുള്ളിൽ ഒരു നാല് വരി നമ്മളെഴുതും. ആദ്യമൊന്ന് എഴുതും. അതിനെക്കാൾ ഭംഗിയുള്ള ഒന്ന് രണ്ട് കാര്യങ്ങൾ അദ്ദേഹം ആവശ്യപ്പെടും. അതിനനുസരിച്ച് ചെയ്യും. രണ്ട് മൂന്ന് തിരുത്തലുകൾക്കൊടുവിൽ പെർഫെക്ട് ആയിട്ടുള്ള വരികൾ കിട്ടും. അങ്ങനെ ഒരു എക്സ്പീരിയൻസ് മുൻപ് ഉണ്ടായിട്ടുമില്ല.
ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ദീപക് ദേവ്..
സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ആദ്യമായി വർക്ക് ചെയ്യുന്നത് ഔസേപ്പച്ചൻ സാറിന്റെ കൂടെയാണ്. ഗാനരചനയിൽ എന്റെ ഗുരു എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ മ്യൂസിക്കിൽ വർക്ക് ചെയ്തത് തന്നെ ഒന്നൊന്നര എക്സ്പീരിയൻസ് ആയിരുന്നു. അന്ന് പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. ഇതേപറ്റി കൂടുതൽ ഒന്നും ധാരണയും ഇല്ല. ഒരു പാട്ടിന്റെ അച്ഛനും അമ്മയുമാണ് സംഗീത സംവിധായകനും ഗാനരചയിതാവും എന്ന് അദ്ദേഹം എപ്പോഴും പറയും. തുല്യമായ പ്രധാന്യം രണ്ടിനും നൽകണമെന്നതാണ് സാറിന്റെ രീതി. ആ വാക്കുകൾ ഞാൻ ഒരിക്കലും മറക്കില്ല.
എം ജയചന്ദ്രൻ സാറ്(ഒടിയൻ) ഭയങ്കര സ്ട്രിക്ട് ആണ്. ഒരു പാട്ട് എഴുതാൻ അദ്ദേഹം നമ്മോട് മൂന്ന് ഓപ്ഷൻ ചോദിക്കും. നല്ല ഓപ്ഷനുകളും ആയിരിക്കണം. എക്സാം പേപ്പർ കറക്ട് ചെയ്യുന്നത് പോലെ അതുമായി അദ്ദേഹത്തിനടുത്തേക്ക് പോകണം. അവയിൽ ഏതെങ്കിലും സാറ് എടുക്കും. അതിന്റെ നെല്ലും പതിരും വേർതിരിക്കും. ഗംഭീര എക്സ്പീരിയൻസ് ആണത്. നമ്മുടെ ഉള്ളിൽ നിന്നും ബെസ്റ്റ് കിട്ടുന്നത് വരെ സാറ് വെറുതെ വിടില്ല. ദീപക് സാറ് ഭങ്കര മാജിക് ആണ്. ഭയങ്കര ചില്ലായിട്ടുള്ള ആളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബ്രോ ഡാഡിയിൽ ഒറ്റ ദിവസം കൊണ്ടാണ് പാട്ടെഴുതിയതും. ബ്രോ ഡാഡി എങ്ങനെ ആയിരിക്കണം എന്നത് പൂർണമായും അദ്ദേഹത്തിന് അറിയാമായിരുന്നു. ആ ബ്രീഫ് ആണ് ദീപക് സാർ എനിക്ക് തന്നത്. അതിനനുസരിച്ച് പാട്ട് വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതും.
എഴുത്തിന് ദൈവാനുഗ്രഹവും ഉണ്ടാകണം
അഭിനയിക്കുക എന്ന് പറയുമ്പോൾ, ഒരു കഥാപാത്രം നമുക്ക് തരികയും അത് അഭിനയിച്ച് ഫലിപ്പിക്കുകയും ആണല്ലോ. അതുപോലെ തന്നെ ഒരു സിറ്റുവേഷൻ നമുക്ക് തരികയും അതിന് വേണ്ടി നമ്മൾ എഴുതുകയുമാണ് ചെയ്യുന്നത്. ആ കള്ളികളിൽ നിന്നിട്ടുള്ള സ്വാതന്ത്ര്യമാണ് നമുക്ക് എടുക്കാൻ പറ്റു. ബ്രീഫിംഗ് ക്ലിയർ ആകുന്തോറും പാട്ടുകൾ നല്ലതാകും എന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് എന്തൊക്കെ വേണമെന്നതിൽ സംവിധായകനും തിരക്കഥാകൃത്തിനും വ്യക്തമായ ധാരണയുണ്ടാകും. അതുപോലെ സംഗീത സംവിധായകർക്കും ഉണ്ടാകും. എഴുത്തിനെ അതൊരുപാട് സഹായിക്കും.
പാട്ടെഴുതുമ്പോൾ ദൈവാനുഗ്രഹം കൂടി ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അതില്ലെങ്കിൽ എത്ര ആലോചിച്ചാലും കറക്ട് ആയിട്ടുള്ളൊരു വാക്കോ പ്രയോഗമോ കിട്ടണമെന്നില്ല. മ്യൂസിക് ഡയറക്ടർ ആഗ്രഹിക്കുന്ന മീറ്ററിൽ അവ വരണം. ചില സംഗീത സംവിധായകൻ വരികൾക്ക് വേണ്ടി ചെറിയൊരു അയവ് കാണിക്കും. ചിലർ അങ്ങനെയല്ല. അത്രത്തോളം മനോഹരമായിട്ടാകും അവരത് ചെയ്ത് വച്ചിട്ടുണ്ടാകുക. അത്രയും മീറ്ററിൽ ലിറിക് വന്നാലേ ആ പാട്ട് മനോഹരമാകൂ. വരികൾക്ക് വേണ്ടി മ്യൂസിക് മാറ്റിയാൽ ഭംഗി പോകും. അപ്പോളതൊരു ദൈവാധീനം തന്നെയാണ്.
പാട്ടെഴുതാൻ സ്ത്രീകളും വരണം
സ്ത്രീ രചയിതാക്കൾ വന്നാൽ ഇരുകയ്യും നീട്ടി ഇഡസ്ട്രികൾ സ്വീകരിക്കും. തമിഴിലെ താമരൈ മാം മലയാളത്തിലെ അനു എലിസബത്ത് ഒക്കെ ഉദാഹരണമാണ്. നന്നായി ഗാനങ്ങൾ എഴുതുന്നവർക്ക് അതിനനുസരിച്ചിട്ടുള്ള അംഗീകാരവും ലഭിക്കും. പുതുതായി വന്നൊരാളാണ് ഞാൻ. എനിക്ക് തരക്കേടില്ലാത്തൊരു സ്വീകരണം തന്നെയാണ് മലയാള സിനിമയിൽ നിന്നും ലഭിച്ചത്. ഇനിയും നിരവധി സ്ത്രീ രചയിതാക്കൾ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതും. വന്ന് കഴിഞ്ഞാൽ ഒരു അതിരുകളും ഇല്ലാത്തൊരു സ്പെയ്സ് മലയാളം, തമിഴ് ഉൾപ്പടെയുള്ള ഇഡസ്ട്രികൾ നമുക്ക് നൽകും.
60 സെക്കന്‍റ് വീഡിയോ വൻ ഹിറ്റ്; പിന്നാലെ പുതിയ പരീക്ഷണം, 4218 കിലോ മീറ്റർ താണ്ടാൻ കാർത്തിക് സൂര്യ
പാട്ടെഴുത്തും ജോലിയും ഒരുപോലെ
മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എം എ മലയാളത്തിൽ ഒന്നാം റാങ്കോടെ പാസായ ആളാണ് ഞാൻ. എം എ കഴിഞ്ഞ് അവിടെ തന്നെ ഒന്നര വർഷം പഠിപ്പിക്കാൻ കയറി. ഇപ്പോൾ ഫാമിലി ബിസിനസ് തന്നെയാണ്. അച്ഛന്റെ മുപ്പത് വർഷമായുള്ള പരസ്യ കമ്പനിയിലാണ്. കമ്പനിയിലെ കണ്ടന്റ് റൈറ്ററായി ജോലി നോക്കുന്നു. പാട്ടെഴുത്തും ജോലിയും ഒരുപോലെ കൊണ്ടു പോകുന്നുമുണ്ട്.
കൂടുതൽ പാട്ടുകൾ എഴുതണമെന്നതാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. ഇന്ന ഴോണറിലുള്ള പാട്ടുകൾ എഴുതണം എന്നില്ല. തെക്ക് വടക്ക് സിനിമയിലൂടെ കൺഫർട്ട് സോൺ ഒക്കെ പോയി. 'കസ കസ' ആണ് ആദ്യം എഴുതിയത്. അതിൽ 'അപ്പി സോംഗ്' വരെ നമ്മളെ കൊണ്ട് എഴുതിപ്പിച്ചു. അവസരങ്ങൾ കിട്ടണമെന്നെ ഉള്ളൂ. കൺഫർട്ട് സോണുകൾ ബ്രേക്ക് ചെയ്തിട്ടുള്ള പാട്ടുകൾ എഴുതണം എന്നത് തന്നെയാണ് ആഗ്രഹം.
അച്ഛന്റെ വഴിയേ സംവിധായികയാകാൻ ഇല്ല
നിലവിൽ എന്തായാലും സിനിമയുടെ മറ്റ് മേഖലകളിലേക്ക് ഇല്ല. സംഭവിക്കുമ്പോൾ സംഭവിച്ചു എന്ന് പറയാം എന്നെ ഉള്ളൂ. സംവിധാനം ഒന്നും എനിക്ക് പറ്റുന്ന പണിയാണെന്ന് തോന്നുന്നില്ല. നിലവിൽ ബറോസിനായി കാത്തിരിക്കുകയാണ്. ഒരുപാട് പ്രതീക്ഷകൾ ഉള്ളൊരു സിനിമയാണ്. ഹോളിവുഡിൽ നിന്നുള്ളവർ വരെ പങ്കാളികളായ വലിയൊരു സിനിമയാണത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം