ആക്ഷൻ അല്ല, ഇനി റൊമാന്റിക് കോമഡി: 'പണി' ഛായാഗ്രാഹകൻ ജിന്റോ ജോർജ്
സിനിമയുടെ ദൃശ്യങ്ങൾ എങ്ങനെയാകണം എന്നതിൽ ജോജു ജോർജിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വളരെ ക്രിസ്പ് ആയിട്ട് കാര്യങ്ങൾ പറഞ്ഞുതരാൻ അദ്ദേഹത്തിനറിയാം.
പ്രേക്ഷകശ്രദ്ധ നേടിയ, ജോജു ജോർജിന്റെ ചിത്രം 'പണി'യുടെ ഛായാഗ്രാഹകൻ ജിന്റോ ജോർജ് സംസാരിക്കുന്നു.
"പണി" രണ്ട് ഛായാഗ്രാഹകർ ചേർന്ന് ഷൂട്ട് ചെയ്ത സിനിമയാണ്. ആദ്യത്തെയാൾ വേണു ആണ്. എങ്ങനെയാണ് ഇത് സംഭവിച്ചത്?
വേണു സർ ആണ് സിനിമയുടെ ആദ്യ പകുതി ഷൂട്ട് ചെയ്തത്. അദ്ദേഹത്തിന് അസൗകര്യം കാരണം പ്രോജക്റ്റിൽ നിന്നും പിന്മാറേണ്ടി വന്നു. പിന്നീടാണ് ഞാൻ വന്നത്. മൂന്നു നാല് ദിവസം ഷൂട്ട് ചെയ്യാനാണ് ഞാൻ വന്നത്. പക്ഷേ, എനിക്ക് ചെയ്യാനുണ്ടായിരുന്ന മറ്റൊരു പ്രോജക്റ്റ് മാറിപ്പോയത് കൊണ്ട് പിന്നീട് ഞാൻ ഇത് ഏറ്റെടുത്തു. ഏകദേശം 60 ദിവസം എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.
വേണു, മലയാളത്തിലെ തന്നെ വളരെ മുതിർന്ന ഛായാഗ്രാഹകനാണ്. അദ്ദേഹത്തിന്റെ ജോലി പിന്തുടരുന്നത് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു?
വേണു സർ ചെയ്തതിന്റെ ബാക്കി അതേ സ്റ്റൈലിൽ പിന്തുടരുകയാണ് ഞാൻ ചെയ്തത്. ലെൻസും ലൈറ്റിങ്ങും എല്ലാം അതുപോലെ തന്നെ തുടരാൻ തീരുമാനിച്ചു. പിന്നെ, സിനിമയുടെ ദൃശ്യങ്ങൾ എങ്ങനെയാകണം എന്നതിൽ ജോജു ജോർജിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വളരെ ക്രിസ്പ് ആയിട്ട് കാര്യങ്ങൾ പറഞ്ഞുതരാൻ അദ്ദേഹത്തിനറിയാം.
ജിന്റോ ശ്രദ്ധിക്കപ്പെട്ടത് "ചാവേർ" സിനിമയിലെ ഛായാഗ്രഹണത്തിനാണ്.
അതെ. ചാവേർ ചലഞ്ചിങ് ആയ പ്രോജക്റ്റ് ആയിരുന്നു. എനിക്ക് ചലഞ്ചുകൾ ഇഷ്ടമാണ്. ആ ചിത്രം ഷൂട്ട് ചെയ്യാൻ വിളിക്കുമ്പോൾ തന്നെ ടിനു പാപ്പച്ചൻ കൃത്യമായി പറഞ്ഞിരുന്നു, വിഷ്വലിന് പ്രധാന്യമുള്ള സിനിമയാണെന്ന്. "അജഗജാന്തര"ത്തിന് ശേഷം ടിനുവുമായി ഞാൻ ചെയ്യുന്ന സിനിമ കൂടെയായിരുന്നു ചാവേർ. ടിനു അങ്ങനെയാണ്, പരീക്ഷണങ്ങൾ ഇഷ്ടമുള്ളയാളാണ്.
ഇതുവരെയുള്ള മൂന്ന് സിനിമകൾ ആക്ഷന് പ്രാധാന്യമുള്ള സിനിമകളാണ്. ഇനി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്നുണ്ടോ?
എന്റെ നാലാമത്തെ സിനിമ ഒരു റൊമാന്റിക് കോമഡിയാണ്. അൽത്താഫ് സംവിധാനം ചെയ്യുന്ന "ഓടും കുതിര ചാടും കുതിര." അത് ഇതുവരെയുള്ള സിനിമകളിൽ നിന്നും തീർച്ചയായും വ്യത്യസ്തമാണ്.
ജിന്റോ എങ്ങനെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്?
ഗിരീഷ് ഗംഗാധരൻ ആണ് എന്റെ ഗുരു. "മറിയംമുക്ക്" ആയിരുന്നു ആദ്യ സിനിമ. പിന്നീട് "ജല്ലിക്കട്ട്"വരെ അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റന്റും അസോസിയേറ്റുമായി ജോലി ചെയ്തു. ജല്ലിക്കട്ട് സമയത്താണ് ടിനു പാപ്പച്ചനുമായി പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചു. ഞാൻ പഠിച്ചത് വിഷ്വൽ കമ്മ്യൂണിക്കേഷനാണ്. പിന്നെ എല്ലാവരെയും പോലെ സിനിമയിൽ ചാൻസ് ചോദിച്ച് മുംബൈയിൽ പോയി, കറങ്ങിത്തിരിഞ്ഞ് നാട്ടിൽ തന്നെയെത്തി. പിന്നെ കല്യാണം, വീടുകയറിത്താമസം, ഉദ്ഘാടനം, മ്യൂസിക് വീഡിയോ, ഷോർട്ട്ഫിലിം അങ്ങനെ എല്ലാ പരിപാടിയും ചെയ്തിട്ടാണ് ഒടുവിൽ സിനിമയിൽ അവസരം കിട്ടിയത്.