മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ;'ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിക്കുന്നു, ഓന്തിനെ പോലെ നിറം മാറി'
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാടും വയനാടും ചേലക്കരയിലും രാഷ്ട്രീയ മത്സരമാണ് നടന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എസ്‍ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല. അവര്‍ക്കൊപ്പമുള്ള ഫോട്ടോ ആര്‍ക്കും എടുക്കാം. പിണറായിയ്ക്കൊപ്പം എസ്‍ഡിപിഐ നേതാക്കളുള്ള ഫോട്ടോ ഉണ്ട്. അത് വേണമെങ്കില്‍ കാണിച്ചുതരാം. എസ്‍ഡിപിഐയോടുള്ള കോണ്‍ഗ്രസ് നിലപാട് നേരത്തെ പറഞ്ഞതാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എന്നും രാവിലെ എഴുന്നേറ്റ് ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും വിഡി സതീശൻ പറഞ്ഞു.
പാലക്കാട് എസ്‍ഡിപിഐ വോട്ടല്ല യുഡിഎഫിന് കിട്ടിയത്. ഇ ശ്രീധരന് കഴിഞ്ഞ തവണ ലഭിച്ച വോട്ടാണ് യുഡിഎഫിന് ഇത്തവണ കൂടിയത്. ചേലക്കരയിലെ പരാജയത്തിന്‍റെ ഉത്തരവാദിത്വം തനിക്കുമുണ്ട്. രമ്യ ഹരിദാസിന്‍റെ ഒരു പരാതിയും ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതൽ വോട്ടുകള്‍ ചേലക്കരയിൽ യുഡിഎഫിന് നേടാനായി. എതിര്‍സ്ഥാനാര്‍ത്ഥിയുടെ 24000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഞങ്ങൾ കുറച്ചത്. എനിക്ക് കണ്ടകശനിയാണെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. എന്നെ പറഞ്ഞതെല്ലാം ബാധിച്ചത് സുരേന്ദ്രനെയും ബിജെപിയെയുമാണ് യുഡിഎഫിന്‍റെ അടിത്തറ കൂടുതൽ വിപുലമാക്കുമെന്നും വിഡി സതീശൻ പറഞ്ഞു.