'പിള്ളേർക്ക് രസിക്കണം'; പാട്ട് എഴുതും മുൻപ് ലാൽ സാർ പറഞ്ഞു
"സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് ബറോസ്. 'പിച്ച് പെർഫെക്റ്റ്' ഉൾപ്പെടെ അൻപതിലേറെ ഹോളിവുഡ് സിനിമകൾക്ക് പശ്ചാത്തല സംഗീതം പകർന്ന മാർക് കിലിയനാണ് ബറോസിൻറെ ബിജിഎം ചെയ്തിരിക്കുന്നത്."
പ്രഖ്യാപന സമയം മുതൽ സിനിമാപ്രേമികളിൽ കൗതുകം സൃഷ്ടിച്ചിട്ടുള്ള പ്രോജക്റ്റ് ആണ് ബറോസ്. മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റ ചിത്രം എന്നതുതന്നെ അതിന് കാരണം. നാരല പതിറ്റാണ്ടായി മലയാളിയുടെ കണ്ണകലത്തിലുള്ള പ്രിയതാരം ആദ്യമായി സംവിധായകനാവുമ്പോൾ ചില സർപ്രൈസുകൾ കാത്തുവച്ചിട്ടുണ്ടെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. ചിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ വരുന്ന ഒരു ഗാനത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ കൃഷ്ണദാസ് പങ്കിയാണ്. തൻറെ ബറോസ് അനുഭവത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള, ഏറെ പ്രത്യേകതകളുള്ള ഈ ചിത്രത്തിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിൻറെ സന്തോഷം കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവെക്കുന്നു. വിനായക് ശശികുമാറും ലക്ഷ്മി ശ്രീകുമാറും ബറോസിൽ ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
'ബറോസി'ന്‍റെ വിളി
ഖത്തർ വേൾഡ് കപ്പ് സമയത്ത് ലാൽ സാർ പാടിയ ഒരു ട്രിബ്യൂട്ട് സോംഗ് ഞാനായിരുന്നു എഴുതിയത്. ടി കെ രാജീവ് കുമാർ സാർ ആണ് അതിൻറെ വീഡിയോ സംവിധാനം ചെയ്തത്. കൂടാതെ രാജീവ് കുമാർ സാർ ഡയറക്റ്റ് ചെയ്ത ലാൽ സാറിൻറെ ചില ഷോകൾക്കും ഞാൻ തിരക്കഥ എഴുതിയിട്ടുണ്ട്. ബറോസിലെ പാട്ടിൻറെ കാര്യവും രാജീവ് സാർ ആണ് ആദ്യം അറിയിക്കുന്നത്. സാധാരണ രീതിയിൽ നിന്ന് വിട്ട്, വളരെ വ്യത്യസ്തമായി ചെയ്യേണ്ട ഒരു പാട്ട് ഉണ്ട്, കൃഷ്ണദാസ് എഴുതിയാൽ നന്നായിരിക്കുമെന്ന് രാജീവ് കുമാർ സാർ ആണ് ലാൽ സാറിന് സജസ്റ്റ് ചെയ്തത്.
സിനിമയ്ക്കുവേണ്ടി പാട്ട് എഴുതുന്നത് ആദ്യമായിട്ടാണ്. പക്ഷേ അല്ലാതെ ചില ഗാനങ്ങൾക്ക് വരികൾ എഴുതിയിട്ടുണ്ട്. 2023 ലെ ജി 20 സമ്മിറ്റിന്റെ ഭാഗമായി കുമരകത്ത് നടന്ന, ഷെർപകളുടെ മീറ്റിംഗിൻറെ എൻറർടെയ്ൻമെൻറ് ഷോ ഡിറക്റ്റ് ചെയ്തത് രാജീവ് കുമാർ സാർ ആയിരുന്നു. അതിൻറെ തിരക്കഥയും പാട്ടുകളും ഞാനാണ് എഴുതിയത്. പ്രശസ്ത നാദസ്വര വിദ്വാൻമാരായ പണിക്കർ ബ്രദേഴ്സിൻറെ സ്മരണാർഥം രമേശ് നാരായണൻ ഒരുക്കിയ ഒരു ഗാനത്തിനും വരികൾ എഴുതിയിട്ടുണ്ട്. എം ജയചന്ദ്രനായിരുന്നു അത് പാടിയത്. എങ്കിലും ഖത്തർ വേൾഡ് കപ്പ് സമയത്തെ ട്രിബ്യൂട്ട് സോംഗ് ആണ് ലിറിസിസ്റ്റ് എന്ന നിലയിൽ ഒരു ബ്രേക്ക് നൽകിയത്.
'ബറോസ്' ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍
ലാൽ സാർ പറഞ്ഞത്
പാട്ടിനെക്കുറിച്ച് ഒരുപാട് സജക്ഷൻസ് ലാൽ സാർ പറഞ്ഞിട്ടുണ്ട്. പലവട്ടം, പല ഡ്രാഫ്റ്റുമായി ഇരുന്നിട്ടുണ്ട്. പിള്ളേർക്ക് സുഖിക്കണം എന്നാണ് ഈ പാട്ടിനെക്കുറിച്ച് ലാൽ സാർ തന്ന പ്രധാന സജക്ഷൻ. കുട്ടികൾക്ക് രസകരമാവുന്നതാവണം. വലിയ കാവ്യാത്മകയിലേക്ക് പോകുന്നതിന് പകരം കുഞ്ഞുങ്ങൾക്ക് റിലേറ്റ് ചെയ്യാൻ പറ്റണം എന്നും പറഞ്ഞു. സിനിമയെക്കുറിച്ചും അതിന്റെ കഥയെക്കുറിച്ചുമൊക്കെ വ്യക്തമായ ചിത്രം തന്നിരുന്നതുകൊണ്ട് എഴുത്ത് പ്രയാസകരമായിരുന്നില്ല. ഒരു ദിവസം കൊണ്ട് എഴുതാൻ സാധിച്ചു. കഥയുടെ ഏറ്റവും നിർണ്ണായക ഘട്ടത്തിൽ വരുന്ന ഒരു ഗാനം കൂടിയാണ് ഇത്. ഗംഭീരമായാണ് അത് ദൃശ്യവത്കരിച്ചിരിക്കുന്നത്. ഗ്രാഫിക്സും 3 ഡിയുമൊക്കെ അത്രയും പ്രാധാന്യത്തോടെ ചെയ്തിരിക്കുന്ന ഗാനം. ഗംഭീരം ആയിരിക്കും വിഷ്വൽസ്. അത്രയ്ക്ക് കോസ്റ്റ്ലി ആണ് ഇതിൻറെ വിഷ്വൽസ്. പാട്ടിന് ഒരു കോടിക്ക് മുകളിൽ ബജറ്റ് ഉണ്ട് എന്നാണ് അറിഞ്ഞത്.
പാട്ടിൻറെ ആദ്യ ഡ്രാഫ്റ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചില വാക്കുകളൊക്കെ സംഗീത സംവിധായകൻ ലിഡിയൻ നാദസ്വരത്തിൻറെ ആവശ്യപ്രകാരം മാറ്റിയിട്ടുണ്ട്. വരികൾ പൂർണ്ണമായും എഴുതിയിട്ട് സംഗീതം പകർന്ന പാട്ടാണ് ഇത്. കാരണം വരികൾക്ക് പ്രാധാന്യമുണ്ട്. സിനിമയുടെ സാരാംശം ഈ പാട്ടിൻറെ വരികളിൽ ഉണ്ട്. ഇന്ത്യൻ ഐഡൽ ജൂനിയർ 1 വിജയിയും ഇന്ത്യൻ ഐഡൽ 14 ഫോർത്ത് റണ്ണർ അപ്പുമായ അഞ്ജന പത്മനാഭനാണ് പാടിയിരിക്കുന്നത്.
മോഹന്‍ലാലിനും ടി കെ രാജീവ് കുമാറിനുമൊപ്പം കൃഷ്‍ണദാസ് (ഫയല്‍ ചിത്രം)
സംഗീതമയം ബറോസ്
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് ബറോസ്. പിച്ച് പെർഫെക്റ്റ് ഉൾപ്പെടെ അൻപതിലേറെ ഹോളിവുഡ് സിനിമകൾക്ക് പശ്ചാത്തല സംഗീതം പകർന്ന മാർക് കിലിയനാണ് ബറോസിൻറെ ബിജിഎം ചെയ്തിരിക്കുന്നത്. ലിഡിയൻ നാദസ്വരമാണ് സംഗീതം. ഹാൻസ് സിമ്മറിൻറെ ഫ്ലൂട്ടിസ്റ്റ് ആണ് ബറോസിൽ മാർക് കിലിയനുവേണ്ടി ഒരു ഭാഗം വായിച്ചിരിക്കുന്നത്. അങ്ങനെ പ്രഗത്ഭരുടെ ഒരു സംഗമമുണ്ട് ചിത്രത്തിൽ.
ക്യാമറയ്ക്ക് പിന്നിലെ മോഹൻലാൽ
ക്യാമറയ്ക്ക് പിന്നിൽ മറ്റൊരു ലാൽ സാറിനെയാണ് കണ്ടത്. ഒരു കുട്ടിയുടെ ആകാംക്ഷയോടെയാണ് അദ്ദേഹം കാര്യങ്ങൾ ചെയ്തത്. ലാൽ സാറിനെപ്പോലെയുള്ള ഒരാൾക്ക് ഏത് തരത്തിലുള്ള സിനിമ വേണമെങ്കിലും സംവിധാന അരങ്ങേറ്റത്തിനായി തെരഞ്ഞെടുക്കാം. കമേഴ്സ്യൽ ആയ സാധ്യതകൾ മാത്രം മുന്നിൽ കണ്ട് ഒരു ചിത്രം ഒരുക്കാം. പക്ഷേ വ്യത്യസ്തമായ ഒരു വഴിയേ സഞ്ചരിക്കണമെന്നായിരുന്നു അദ്ദേഹത്തിൻറെ തീരുമാനം. അത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. മലയാളം ഇൻഡസ്ട്രിയെ സംബന്ധിച്ച് പുതിയ ഒന്നായിരിക്കണം തൻറെ ചുവടുവെപ്പ് എന്നാണ് അദ്ദേഹം കരുതിയത്. 3 ഡി പോലും സാധാരണ ഉള്ളതുപോലെ കൺവെർട്ടഡ് 3 ഡിയല്ല, ഒറിജിനൽ 3ഡിയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അത് ഏറെ പ്രയാസകരമാണ്. എത്രയോ നാളത്തെ അധ്വാനവും മുതൽമുടക്കും അതിൻറെ പിന്നിലുണ്ട്. ലാൽ സാറിനേ ഇത് ഡയറക്റ്റ് ചെയ്യാനും പറ്റൂ എന്നാണ് ഞാൻ കരുതുന്നത്.
ടി കെ രാജീവ് കുമാറിനൊപ്പം കൃഷ്‍ണദാസ്
ടെലിവിഷൻ, സിനിമ
മാധ്യമപവർത്തകനായി തുടങ്ങി പിന്നീട് ടെലിവിഷനിലേക്കും സിനിമയിലേക്കും എത്തിയ ആളാണ് കൃഷ്ണദാസ് പങ്കി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത അക്കാമ്മ സ്റ്റാലിനും പത്രോസ് ഗാന്ധിയും എന്ന ആക്ഷേപഹാസ്യ പരമ്പരയ്ക്ക് തിരക്കഥ ഒരുക്കിയത് കൃഷ്ണദാസ് ആണ്. ഷാജി കൈലാസിൻറെ അസിസ്റ്റൻറ് ഡയറക്ടർ ആയാണ് സിനിമയിലെ തുടക്കം. തിരക്കഥയെഴുതിയ ആദ്യ സിനിമ മനു സുധാകരൻറെ സംവിധാനത്തിൽ എത്തിയ ബൂമറാംഗ് ആയിരുന്നു. തിരക്കഥയെഴുതിയ അടുത്ത ചിത്രം ഷെയ്ൻ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ബർമുഡയാണ്. അടുത്ത വേനലവധിക്കാലത്തേക്ക് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയാണ് ഇത്. പുതിയ പ്രോജക്റ്റുകൾ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും കൃഷ്ണദാസ് പറയുന്നു.