ഫേസ്ബുക്കടക്കം സോഷ്യൽമീഡിയ നഗ്നത വരുന്ന കലാസൃഷ്ടികൾ തടയുന്നു, വിയന്ന ടൂറിസംബോർഡിന് 'ഒൺലിഫാൻസി'ൽ അക്കൗണ്ട്
ഒൺലിഫാൻസിലെ വിയന്ന ടൂറിസത്തിന്റെ അക്കൗണ്ടിലെ ആദ്യ വരിക്കാർക്ക് ഒരു വിയന്ന സിറ്റി കാർഡോ അല്ലെങ്കിൽ ഒരു കലാസൃഷ്ടി നേരിൽ കാണാനുള്ള പ്രവേശന ടിക്കറ്റോ ലഭിക്കും.
കല(art) സ്വതന്ത്രമായ ആവിഷ്കാരമാണ്. അവിടെ നഗ്നതയും കാണപ്പെടേണ്ടത് ആ മൂല്യത്തോടെയാണ്. എന്നിരുന്നാലും ഫേസ്ബുക്ക്(facebook), ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ(social media) നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ അനുവദിക്കുന്നില്ല. അത്തരം ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്‍താൽ അക്കൗണ്ട് പൂട്ടുന്നതടക്കമുള്ള നടപടിയും സ്വീകരിക്കാറുണ്ട്. എന്നാൽ, വിയന്നയിൽ നഗ്നത വരുന്ന കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി പുതിയ ചില വഴികൾ കണ്ടെത്തിയിരിക്കുകയാണ് ടൂറിസം ബോർഡ്. അതിനായി, സെന്‍സര്‍ഷിപ്പ് ഇല്ലാതെ കലയെ തുറന്ന് കാട്ടുന്നതിനായി 'ഒൺലിഫാൻസ്' എന്ന പ്ലാറ്റ്ഫോമിൽ ടൂറിസം ബോർഡ് ഒരു അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. നഗ്നതയുടെ ചിത്രീകരണങ്ങൾ അനുവദിക്കുന്ന ഒരേയൊരു സോഷ്യൽ നെറ്റ്‌വർക്കാണ് ഒൺലിഫാൻസ്(onlyfans). 18 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ഈ പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം.
ജൂലൈയിൽ, ജപ്പാനിലെ ഫോട്ടോഗ്രാഫർ നോബുയോഷി അരകിയുടെ സൃഷ്ടികൾ കാണിച്ചതിന്‍റെ പേരിൽ ആൽബെർട്ടീന മ്യൂസിയത്തിന്റെ പുതിയ TikTok അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതില്‍ ഒരു സ്ത്രീയുടെ സ്തനം ഭാഗികമായി കാണാമെന്നതായിരുന്നു കാരണം. മ്യൂസിയം ഒരു പുതിയ അക്കൗണ്ട് ആരംഭിക്കാൻ നിർബന്ധിതരായതും അങ്ങനെയാണ്.
2019 -ൽ പ്രശസ്ത കലാകാരൻ പീറ്റര്‍ പോളിന്‍റെ ഒരു കലാസൃഷ്ടിയും ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന്‍റെ ലംഘനമാണ് എന്ന് അവകാശപ്പെട്ട് തടഞ്ഞിരുന്നു. ഇത്തരം സാമൂഹികമാധ്യമങ്ങളില്‍ പെയിന്‍റിംഗ് അടക്കമുള്ള കലാസൃഷ്ടികളെപ്പോലും നഗ്നതയുടെ പേരില്‍ തടയാറുണ്ട്. 2018 -ൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ 25,000 വർഷം പഴക്കമുള്ള വീനസ് ഓഫ് വില്ലൻഡോർഫ് പ്രതിമയുടെ ഫോട്ടോ ഫേസ്ബുക്ക് അശ്ലീലമായി കണക്കാക്കുകയും പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. എന്നാലിപ്പോൾ, 'ഒൺലിഫാൻസ്' പ്രൊഫൈലിൽ സെൻസർഷിപ്പ് ഭീഷണിയിൽ നിന്ന് സുരക്ഷിതമായി ഈ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ഒൺലിഫാൻസിലെ വിയന്ന ടൂറിസത്തിന്റെ അക്കൗണ്ടിലെ ആദ്യ വരിക്കാർക്ക് ഒരു വിയന്ന സിറ്റി കാർഡോ അല്ലെങ്കിൽ ഒരു കലാസൃഷ്ടി നേരിൽ കാണാനുള്ള പ്രവേശന ടിക്കറ്റോ ലഭിക്കും. ഓസ്ട്രിയൻ സർക്കാർ വിദേശ പൗരന്മാർക്കുള്ള അതിർത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കഴിഞ്ഞു. വിയന്നയെ ഒരു ട്രാവല്‍ ഡെസ്റ്റിനേഷനായി ഉയർത്താനുള്ള ശ്രമങ്ങൾ പുതുക്കുകയാണ് ഇപ്പോൾ. 2019 -നെ അപേക്ഷിച്ച് 2020 -ൽ 78.4% സന്ദര്‍ശകരുടെ വരവ് കുറഞ്ഞിരുന്നു. ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഒൺലിഫാൻസിൽ അക്കൗണ്ട് എടുത്തതും അതിലൂടെ കലാസൃഷ്ടികൾ പങ്കുവയ്ക്കുന്നതും.
എന്നാൽ, ഇത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി മാത്രമല്ല, മറിച്ച് ഒരു കല സെന്‍സര്‍ഷിപ്പേതുമില്ലാതെ പ്രദര്‍ശിപ്പിക്കുന്നതുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. എല്ലാ തരത്തിലുമുള്ള ഓൺലൈൻ സ്രഷ്‌ടാക്കൾക്കും സെൻസർഷിപ്പുകളില്ലാതെ കണ്ടന്റുകൾ പങ്കുവയ്ക്കാനുള്ള പ്ലാറ്റ്‌ഫോമായിട്ടാണ് 2016 -ൽ ഒൺലിഫാൻസ് സ്ഥാപിതമായത്, എന്നിരുന്നാലും ഇത് പകർച്ചവ്യാധിയോടെ സെക്സ് വർക്കിന്റെ പര്യായമായി മാറി. കഴിഞ്ഞ വര്‍ഷം 7.5 മില്ല്യണ്‍ ഉപയോക്താക്കളില്‍ നിന്നും 85 മില്ല്യണ്‍ ഉപയോക്താക്കളായി മാറി. വലിയ സാമ്പത്തികനേട്ടം ഇത് ഇതിന്‍റെ സ്രഷ്ടാക്കള്‍ക്ക് നേടിക്കൊടുത്തു.
ഏതായാലും ഇപ്പോൾ 'ഒൺലിഫാൻസി'ലൂടെ തങ്ങളുടെ കലകൾ കൂടുതലായും ആളുകളിലേക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വിയന്ന.