'ഒരു കണ്ണാടിയിലെ പ്രതിബിംബം നോക്കി രാത്രിയിൽ എങ്ങനെ അപ്പൻഡിക്സിൻ്റെ ബേസിൽ തയ്യലിട്ടു'; വൈറലായി കുറിപ്പ്

മനോജ് വെള്ളനാട് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് സ്വന്തമായി തന്റെ അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ ചെയ്ത് മാറ്റിയ ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ് എന്ന ഡോക്ടറെക്കുറിച്ചാണ്. 

how doctor Leonid Ivanovich Rogozov done his own appendicitis surgery viral facebook post

വയറ് വേദന അസഹനീയമായപ്പോൾ വൃദ്ധാവനിലെ 32 -കാരനായ രാജാ ബാബു യൂട്യൂബ് നോക്കി സ്വന്തം വയറ്റില്‍ ശസ്ത്രക്രിയ ചെയ്ത വാർത്ത  ഇപ്പോൾ ചർച്ചകളിൽ നിറയുകയാണ്. വളരെ വിചിത്രമാണെന്നും, അയാളുടെ മാനസികാവസ്ഥ പരിശോധിക്കേണ്ടതാണെന്നുമൊക്കെ പല തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ ഒരു കുറിപ്പും ഇപ്പോൾ വൈറലാവുന്നുണ്ട്.  ന്യൂറോ സർജൻ കൂടിയായ ഡോ.മനോജ് വെള്ളനാട് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് സ്വന്തമായി തന്റെ അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ ചെയ്ത് മാറ്റിയ ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ് എന്ന ഡോക്ടറെക്കുറിച്ചാണ്. 

ഫേസ്ബുക്ക് പോസ്റ്റ്:  

Latest Videos

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 

'വയറു വേദന മാറാത്തതിനാൽ സ്വന്തമായി വയറു തുറന്ന് ഓപറേഷൻ ചെയ്യാൻ ശ്രമിച്ച ഒരാൾ നോർത്തിന്ത്യയിലെ ഏതോ ഒരാശുപത്രിയിൽ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ് എന്നാണ് വാർത്തകൾ. സാധാരണ ഗതിയിൽ നല്ല മാനസികാരോഗ്യമുള്ള ഒരാളങ്ങനെ ചെയ്യാൻ സാധ്യതയില്ല. എന്തായാലും സങ്കടകരവും വളരെ കൗതുകകരവുമാണ് സംഗതി. എന്നാൽ പണ്ടാരിക്കൽ ഒരു ഡോക്ടർ ഇങ്ങനെ ഒറ്റയ്ക്ക് സ്വന്തം വയറ്റിൽ സർജറി ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ പേര് ലിയോനിഡ് ഇവാനോവിച്ച് റോഗോസോവ് എന്നാണ്. 1960-ൽ, 26-ാം വയസിൽ സോവിയറ്റ് യൂണിയൻ്റെ ആന്റാർട്ടിക് എക്സ്പെഡിഷന്റെ ഭാഗമായി നോവോലാസറേവ്സ്കയ എന്ന സ്റ്റേഷനിലേക്ക് അയയ്ക്കപ്പെട്ടപ്പോൾ, അവിടുത്തെ ഏക ഡോക്ടറായിരുന്നു അയാൾ.

1961 ഏപ്രിൽ 29-നാണ് അയാൾക്ക് അസുഖം തുടങ്ങിയത്. വയറുവേദന, ഓക്കാനം, പനി. ആദ്യം സാധാരണ വയറുവേദനയാണെന്ന് കരുതിയെങ്കിലും, പിറ്റേ ദിവസത്തോടെ വലതുവശത്തെ വേദനയും പനിയും ശക്തമായി. അപ്പൻഡിസൈറ്റിസ് എന്ന് സ്വയം രോഗനിർണയം നടത്തിയ അയാൾ, ആദ്യം മരുന്നുകൾ കൊണ്ട് സ്വയം ചികിത്സിക്കാൻ ശ്രമിച്ചു. പക്ഷേ, അവസ്ഥ മോശമാകുകയും അപ്പൻഡിക്സ് പൊട്ടാനുള്ള സാധ്യത മുൻകൂട്ടി കാണുകയും ചെയ്തപ്പോൾ, ശസ്ത്രക്രിയ അനിവാര്യമാണെന്ന് അയാൾക്ക് മനസ്സിലായി. 
കൊടുംതണുപ്പും ഭീകരമായ കാലാവസ്ഥയും കാരണം പുറത്തുനിന്ന് സഹായം എത്തിക്കാനും സാധ്യമല്ലായിരുന്നു. അതുകൊണ്ട് ഉള്ള സൗകര്യങ്ങൾ വച്ച് സ്വന്തമായി സർജറി ചെയ്യുകയേ വഴിയുള്ളൂ.

അങ്ങനെ 1961 ഏപ്രിൽ 30-ന് രാത്രി, റോഗോസോവ് ശസ്ത്രക്രിയ ആരംഭിച്ചു. കൂടെയുള്ള ഒരു മെറ്റിരിയോളജിസ്റ്റിനെയും (വ്ലാഡിമിർ കോർഷാക്) മെക്കാനിക്കിനെയും (സിനോവി ടെപ്ലിൻസ്കി) തൻ്റെ സഹായികളായി തിരഞ്ഞെടുത്തു. ഒരാൾ ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും മറ്റൊരാൾ ലൈറ്റ് പിടിക്കുകയും ചെയ്തു. മൂന്നാമതൊരാൾ സ്റ്റാൻഡ്-ബൈ ആയി നിന്നു, കാരണം സർജറി കണ്ട് സഹായികൾക്ക് ബോധം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടി കണക്കിലെടുക്കണമല്ലോ. മാത്രമല്ല, രോഗിക്ക് ഹൃദയസ്തംഭനം വന്നാൽ എങ്ങനെ CPR കൊടുക്കണം, അഡ്രിനാലിൻ കൊടുക്കണം എന്നതൊക്കെ കൂട്ടുകാരെ റോഗോസോവ് പഠിപ്പിക്കുകയും ചെയ്തിരുന്നു.
അയാൾ തൻ്റെ വയറിന്റെ വലതു വശത്ത് ലോക്കൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചു. ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച്, അതിൽ നോക്കിക്കൊണ്ട് 10-12 സെന്റിമീറ്റർ നീളത്തിൽ മുറിവുണ്ടാക്കി. ശസ്ത്രക്രിയ മുന്നോട്ടു പോകുന്തോറും അനസ്തേഷ്യയുടെ ഫലം കുറഞ്ഞു വന്നു, അയാൾക്ക് കടുത്ത വേദന തോന്നി. പക്ഷെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടറായ രോഗിയ്ക്ക് (രോഗിയായ ഡോക്ടർക്ക്) ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടു. ഒരു ഘട്ടത്തിൽ തൻ്റെ കൈകൾ അനക്കാൻ പോലും പ്രയാസമായി. പക്ഷേ ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുത്ത് അയാൾ മുന്നോട്ട് പോയി.

ഒടുവിൽ വയറിനുള്ളിൽ കൈകൊണ്ട് തപ്പി അപ്പൻഡിക്സ് എന്ന ഫ്രഷ് നെത്തോലി പോലുള്ള നീളൻ മാംസക്കഷണത്തെ അയാൾ കണ്ടെത്തി. അത് വീർത്ത് പഴുപ്പ് നിറഞ്ഞ നിലയിലായിരുന്നു. ഏതാനും മണിക്കൂറുകൾ കൂടി വൈകിയിരുന്നെങ്കിൽ പൊട്ടിപ്പോയേനെ. അവൻ അത് ശ്രദ്ധാപൂർവം മുറിച്ചുമാറ്റി, മുറിവ് തുന്നി. 

രണ്ടു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ അങ്ങനെ വിജയകരമായി അവസാനിച്ചു. രോഗി (ഡോക്ടർ) ആന്റിബയോട്ടിക്കുകൾ കഴിച്ച് ഉറങ്ങാൻ കിടന്നു. അഞ്ച് ദിവസത്തിന് ശേഷം തുന്നലുകൾ നീക്കം ചെയ്തു, രണ്ടാഴ്ച കൊണ്ട് പൂർണ ആരോഗ്യം വീണ്ടെടുത്തു.
1962-ൽ റോഗോസോവ് സോവിയറ്റ് യൂണിയനിലേക്ക് മടങ്ങിയപ്പോഴേക്കും അയാളുടെ ഈ സാഹസികത അയാളെ അതീവ പ്രശസ്തനാക്കിയിരുന്നു. "ഓർഡർ ഓഫ് ദ റെഡ് ബാനർ ഓഫ് ലേബർ" എന്ന വലിയ ബഹുമതി വരെ ലഭിച്ചു. 2000-ൽ, 66-ാം വയസ്സിൽ ശ്വാസകോശ അർബുദം മൂലം മരണമടയും വരെ അയാൾ സർജനായി തന്നെ തുടർന്നു.

ഒരു കണ്ണാടിയിലെ പ്രതിബിംബം നോക്കി, ആ രാത്രിയിൽ എങ്ങനെ അയാൾ അപ്പൻഡിക്സിൻ്റെ ബേസിൽ തയ്യലിട്ടു എന്നത് അത്ഭുതമാണ്. ഇതാണ്, ഗതികെട്ടാൽ മനുഷ്യൻ എന്തത്ഭുതവും പ്രവർത്തിക്കും എന്ന് പറയുന്നത്.' - ഡോ.മനോജ് വെള്ളനാട് 

വയറ് വേദന അസഹനീയം, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍, 11 തുന്നിക്കെട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

vuukle one pixel image
click me!