Web Desk | Updated: Mar 25, 2025, 3:19 PM IST
അമ്മ തന്നെ കണ്ടുപിടിക്കല്ലേ എന്ന് പ്രാർത്ഥിച്ചാണ് സുധി നിൽക്കുന്നത് . പക്ഷെ ഓർഡർ എടുക്കാൻ പോകാതിരിക്കാനും വയ്യ. അതുകൊണ്ട് മുഖത്തൊരു മാസ്ക് ഒക്കെ ഇട്ട് മുടന്തനായി അഭിനയിച്ച് എങ്ങനെയൊക്കെയോ സുധി ടേബിളിലെ ഓർഡർ എടുത്തു. ഭാഗ്യത്തിന് ചന്ദ്രയ്ക്ക് അത് സുധിയാണെന്ന് മനസ്സിലായില്ല . ചന്ദ്രയുടെ ഫോൺ വന്നപ്പോൾ മാറി നിന്ന് താൻ മീറ്റിങ്ങിലാണെന്നും, പിന്നീട് വിളിക്കാമെന്നും പറഞ്ഞ് സുധി തഞ്ചത്തിൽ രക്ഷപ്പെട്ടു.
അതേസമയം സ്റ്റുഡിയോയിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയിരിക്കുകയാണ് വർഷ. അവൾ രേവതിയോട് തനിക്കൊരു കോഫി ഇട്ട് തരുമോ എന്ന് ചോദിക്കുന്നു. രേവതി കോഫീ ഇടാൻ പോയ സമയത്ത് വർഷ വീട്ടിലെ കൊതുകുകളെ കൊല്ലാനായി മോസ്‌ക്വിറ്റോ സ്പ്രേ എടുത്ത് വീട്ടിൽ മുഴുവനും അടിക്കുന്നു. മണം ശ്വസിച്ച് അസ്വസ്ഥയായ രേവതി വർഷയോട് സ്പ്രേ അടിക്കുന്നത് നിർത്താൻ പറഞ്ഞെങ്കിലും വർഷ അത് കേട്ടില്ല . സ്പ്രേ മുഴുവനും വർഷ അടിച്ച് തീർത്തു. അപ്പോഴേക്കും വർഷയ്ക്ക് സ്റ്റുഡിയോയിൽ നിന്ന് കാൾ വരികയും ഉടനെ സ്റ്റുഡിയോയിലേക്ക് പോകുകയും ചെയ്തു.
അപ്പോഴാണ് അച്ഛൻ വീട്ടിലേയ്ക്ക് എത്തുന്നത് . വീട്ടിൽ വന്ന് കയറിയതും സ്പ്രേയുടെ മണം ശ്വസിച്ച് അച്ഛൻ ആകെ അസ്വസ്ഥനായി. രേവതി ഉടനെ അച്ഛന് വെള്ളം കൊടുത്തെങ്കിലും ശ്വാസം മുട്ടൽ കൂടി വരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രേവതി ഉടൻ അച്ഛനെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും സച്ചിയും കൂട്ടുകാരൻ മഹേഷും ആശുപത്രിയിലെത്തി. നിലവിൽ കുഴപ്പമില്ലെന്നും മോസ്‌ക്വിറ്റോ സ്പ്രേ ശ്വസിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടാണ് ഇങ്ങനെ വരാൻ കാരണമെന്നും ഡോക്ടർ വ്യക്തമാക്കി. അപ്പോഴേക്കും ചന്ദ്ര അങ്ങോട്ട് വന്നു . സ്പ്രേ അടിച്ചത് രേവതി ആണെന്ന് കരുതി ചന്ദ്ര രേവതിയെ കുറ്റപ്പെടുത്തി. എന്നാൽ താൻ അല്ല അത് ചെയ്തതെന്നും വർഷയാണ് സ്പ്രേ അടിച്ചതെന്നും രേവതി പറഞ്ഞതോടെ ചന്ദ്രയുടെ വായടഞ്ഞു.
അതുവരെ രേവതിയെ കുറ്റപ്പെടുത്തിയ ചന്ദ്ര വർഷയെന്നു കേട്ടപ്പോൾ വാ തുറന്നില്ല . സ്വാഭാവികം . ചന്ദ്രയ്ക്ക് അല്ലെങ്കിലും രേവതിയെയും സച്ചിയേയും കുറ്റപ്പെടുത്താൻ ആണല്ലോ പണ്ടും ഇഷ്ട്ടം . അപ്പോഴേക്കും വിവരമറിഞ്ഞ് സുധിയും ശ്രീകാന്തും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. വർഷ കാരണമാണ് അച്ഛന് ഇങ്ങനെ സംഭവിച്ചതെന്ന ദേഷ്യത്തിലാണ് സച്ചിയുടെ നിൽപ്പ് . ശ്രീകാന്തിനോട് പൊട്ടിത്തെറിക്കാൻ ഒരുങ്ങി നിൽക്കുന്ന സച്ചിയേ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.