നിഫ്റ്റി ഇന്ന് 815.30 പോയിന്റ് താഴ്ന്നു. 4.78 ശതമാനമാണ് ഇന്ന് മാത്രം ദേശീയ ഓഹരി സൂചികയിലുണ്ടായ ഇടിവ്
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നിക്ഷേപകരുടെ ദുരിത ദിനം. ഓഹരി സൂചികകൾ കൂപ്പുകുത്തിയതോടെയാണിത്. റഷ്യ - യുക്രൈൻ യുദ്ധമാണ് നിക്ഷേപകരെ കൈയ്യിലുള്ള ഓഹരികൾ വിറ്റൊഴിക്കാൻ നിർബന്ധിതരാക്കിയത്.
ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 2,702.15 പോയിന്റ് താഴ്ന്നു. 4.72 ശതമാനമാണ് ഇടിവ്. 54529.91 പോയിന്റിലാണ് ബോംബെ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി ഇന്ന് 815.30 പോയിന്റ് താഴ്ന്നു. 4.78 ശതമാനമാണ് ഇന്ന് മാത്രം ദേശീയ ഓഹരി സൂചികയിലുണ്ടായ ഇടിവ്. 16248 പോയിന്റിലാണ് നിഫ്റ്റ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 ലെ എല്ലാ ഓഹരികളും ഇന്ന് ഇടിവ് നേരിട്ടു.
ആകെ 240 ഓഹരികൾ മാത്രമാണ് ഇന്ന് മൂല്യം വർധിപ്പിച്ചത്. 3084 ഓഹരികളുടെ മൂല്യം ഇന്നും ഇടിഞ്ഞു. 69 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. നിഫ്റ്റി 50 ലെ ടാറ്റ മോട്ടോർസ്, ഇന്റസ്ഇന്റ് ബാങ്ക്, യുപിഎൽ, ഗ്രാസിം ഇന്റസ്ട്രീസ്, അദാനി പോർട്സ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് ഇന്ന് വലിയ തിരിച്ചടി നേരിട്ടു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മൂന്ന് മുതൽ എട്ട് ശതമാനം വരെയാണ് സെക്ടറൽ സൂചികകളിൽ ഇന്ന് നേരിട്ട ഇടിവ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഇന്ന് അഞ്ച് ശതമാനത്തോളം താഴേക്ക് പോയി.