രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; ഒരു ഡോളര്‍ ലഭിക്കാന്‍ 85 രൂപ കൊടുക്കണം

By Web Team  |  First Published Dec 19, 2024, 12:29 PM IST

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ഏഴ് പാദങ്ങളിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും രൂപയ്ക്ക് തിരിച്ചടിയാണ്.


രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 85.06 വരെയെത്തി. ഇന്നലെ ഡോളറിനെതിരെ 84.95 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഗോള ആഭ്യന്തര ഘടകങ്ങളാണ് രൂപയുടെ മൂല്യത്തിലെ ഇടിവിന് കാരണം. അമേരിക്കയില്‍ പ്രതീക്ഷിച്ചത് പോലെ പലിശ നിരക്ക് കുറയ്ക്കുന്നതിന് സാധ്യതയില്ലെന്ന  യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ പ്രഖ്യാപനം ഡോളറിനെ ശക്തിപ്പെടുത്തിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇതോടെ ഓഹരി വിപണികളില്‍ കനത്ത വില്‍പന നടന്നു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ഏഴ് പാദങ്ങളിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതും രൂപയ്ക്ക് തിരിച്ചടിയാണ്. കൂടാതെ വ്യാപാര കമ്മി വര്‍ദ്ധിക്കുകയും മൂലധന നിക്ഷേപങ്ങള്‍ ദുര്‍ബലമാവുകയും ചെയ്തു. ഇതും രൂപയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പ്രത്യാഘാതം എന്തായിരിക്കും?

ഇറക്കുമതി ചെലവ്:  രൂപയുടെ മൂല്യം ഇടിയുമ്പോള്‍ രാജ്യത്തിന്‍റെ ഇറക്കുമതി ചെലവ് ഉയരും. ഇന്ത്യയ്ക്ക് ആവശ്യമുള്ള  87% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍, ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവും വര്‍ദ്ധിക്കുന്നു, ഇത് പണപ്പെരുപ്പ സമ്മര്‍ദ്ദം ഉയര്‍ത്തും.

Latest Videos

undefined

ഡോളറില്‍ വായ്പയെടുക്കുന്ന കമ്പനികള്‍ക്ക് തിരിച്ചടി : പല ഇന്ത്യന്‍ കമ്പനികളും ഡോളറില്‍ വായ്പ എടുത്തിട്ടുണ്ട്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരും. ഉദാഹരണത്തിന്, ഡോളറിന്‍റെ മൂല്യം 83 രൂപയായിരുന്നപ്പോള്‍ ഒരു കമ്പനി വായ്പ എടുത്തിട്ടുണ്ടെങ്കില്‍, അതേ വായ്പ തിരിച്ചടയ്ക്കാന്‍ ഇപ്പോള്‍ 84.4 രൂപ നല്‍കണം. ഇത് കമ്പനികള്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിച്ചേക്കാം.

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം: രൂപയുടെ മൂല്യം ദുര്‍ബലമായതിനാല്‍, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില വര്‍ദ്ധിക്കും. ഇത് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നു. പെട്രോള്‍, അടുക്കള സാധനങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്.

രൂപയുടെ ഇടിവ് ആര്‍ക്കാണ് നേട്ടം?

കയറ്റുമതി വ്യവസായങ്ങള്‍: രൂപയുടെ മൂല്യം കുറയുമ്പോള്‍, ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന ഡോളര്‍ കൂടുതല്‍ മൂല്യമുള്ളതായി തീരും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെക്സ്റ്റൈല്‍ വ്യവസായങ്ങള്‍ എന്നിവയ്ക്ക് രൂപയുടെ മൂല്യം കുറയുന്നത്  പ്രയോജനകരമാണ്.

സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ?

രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ആശങ്കയിലാക്കും. വര്‍ദ്ധിച്ചുവരുന്ന വ്യാപാര കമ്മി, പണപ്പെരുപ്പ സമ്മര്‍ദ്ദം, ഡോളറില്‍ കടമെടുക്കല്‍ എന്നിവ കമ്പനികള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.

tags
click me!