കുഞ്ഞേലിക്ക് നഷ്ടമായ മനോഹരമായ ജീവിതഘട്ടങ്ങള്‍ തിരിച്ച് നല്‍കാന്‍ നിര്‍വാഹമില്ലെന്നിരിക്കെ, എന്നോടൊപ്പം, എന്നിലൂടെ അവയൊക്കെ അറിയിക്കാനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്.
ഡിഗ്രിക്ക് അപേക്ഷ നല്‍കാന്‍ പോയ കോളേജിന്റെ പ്രശസ്തിയെക്കുറിച്ചും വലിപ്പത്തെക്കുറിച്ചും വാതോരാതെ സംസാരിച്ച എന്റെ കണ്ണുകളിലേക്ക് അമ്മ അഭിമാനത്തോടെ നോക്കിയപ്പോള്‍ ഞാനോര്‍ത്തില്ല ആ നോട്ടത്തിന്റെ അര്‍ത്ഥം. എന്റെ അതേ പ്രായത്തില്‍ കുഞ്ഞേലിയും കൂടി വിയര്‍പ്പൊഴുക്കി പണിതതായിരുന്നു ആ കോളേജ് കെട്ടിടം.
ഫോണിന്റെ ഒരറ്റത്ത് കുശലം ചോദിച്ചും, ഉപദേശിച്ചും വഴക്കിട്ടും കുഞ്ഞേലി ഇല്ലാത്ത ഒരു ദിവസവും എന്റെ ജീവിതത്തില്‍ കടന്നുപോകാറില്ല. സമ്മിശ്രഭാവങ്ങളും വികാരങ്ങളും മുമ്പത്തെ പോലെ നേരിട്ട് പ്രകടിപ്പിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ അതൊക്കെ ഫോണിലൂടെ പ്രകടിപ്പിക്കുകയാണ് കുഞ്ഞേലി. സത്യത്തില്‍, അതാണ് എന്റെ ദിവസങ്ങളെ പൂര്‍ണമാക്കുന്നതെന്ന് തോന്നാറുണ്ട്. അത്രയ്ക്ക് മനോഹരമായി അവ ദിനചര്യകളോട് ചേര്‍ന്നു പോകുന്നുമുണ്ട്. ചിലപ്പോള്‍ ഒരു മടിയന്‍ കേള്‍വിക്കാരിയാകും ഞാന്‍, ചിന്തകള്‍ കാടുകയറും. പലപ്പോഴും വിഷയമാകുക, കുഞ്ഞേലിയുടെ ജീവിതം നല്‍കുന്ന പാഠങ്ങളാവും.
ഇത്രമാത്രം എന്നെ സ്വാധീനിച്ചൊരു സ്ത്രീ ഇല്ലെന്നിരിക്കെ വനിതാ ദിനത്തിനും മദേഴ്‌സ് ഡേക്കും മുടങ്ങാതെത്തും അവിടുന്നൊരു പരാതിപ്പെരുമഴ. മറ്റുള്ളവരുടെ വാട്‌സാപ്പ് സ്റ്റാറ്റസുകളില്‍ നിറയുന്ന ആശംസകളും, സന്തോഷാശ്രു പൊഴിക്കുന്ന അവരുടെ മാതാശ്രീകളും കുഞ്ഞേലിയുടെ ആ ദിവസങ്ങളെ വല്ലാതെ അലോസരപ്പെടുത്തും. പരിഭവം നിറച്ചുകൊണ്ടുള്ള ആ ഫോണ്‍ സംഭാഷണങ്ങളിലുണ്ടാവും അമ്മയുടെ അന്നത്തെ മൂഡ്. എല്ലാദിവസവും വുമണ്‍സ് ഡേയും മദേഴ്‌സ് ഡേയുമൊക്കെയാണെന്നുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ക്ക് കുറുകെ ആ പരിഭവമങ്ങനെ ആശംസ കാംക്ഷിച്ച് കിടക്കും.
ഇടയ്‌ക്കൊക്കെ കുറച്ച് സെന്‍സിറ്റീവ് ആണെങ്കിലും കുഞ്ഞേലി ആള് സിങ്കപ്പെണ്ണാണ്. സങ്കീര്‍ണമായൊരു ഭൂതകാലവും, സമരങ്ങള്‍ നിറയുന്ന വര്‍ത്തമാനവും പ്രതീക്ഷാ ഭാരത്തോടെ ഉറ്റുനോക്കുന്ന ഭാവിയും പേറുന്നവള്‍. എന്റെ ജീവിതത്തിലെ ഉരുക്കുവനിത, കുഞ്ഞേലി -എന്റെ അമ്മ.
പഠിക്കാനേറെ ഇഷ്ടമുണ്ടായിരുന്ന കുഞ്ഞേലിക്ക് ആറാം ക്ലാസ് വരെ മാത്രമേ അതിനുള്ള സാഹചര്യം ലഭിച്ചുള്ളൂ. പട്ടിണിയും പരിവട്ടവും പേറുന്ന എണ്‍പതുകളിലെ തറവാട്ട് വീട്ടിലെ മൂത്ത പെണ്‍തരിയായിരുന്നു കുഞ്ഞേലി. പതിവുപോലെ സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീട്ടിലെത്തിയതായിരുന്നു. അന്നാണ് അമ്മയ്ക്ക് പുതിയ വാവയുണ്ടാകുന്നതും, കുഞ്ഞേലി വീണ്ടും വല്ല്യേച്ചി പട്ടം അണിയുന്നതും. പട്ടിണിയുടെ പങ്കിലേക്കുള്ള സ്‌കൂളില്‍ നിന്നുള്ള അന്നത്തെ ഓട്ടം എത്തിച്ചത് പുതിയ ചുമതലകളിലേക്കും, ജീവിതാധ്യായത്തിലേക്കുമാണ്. സ്‌കൂളില്‍ വച്ച പുസ്തകസഞ്ചി എടുത്തു കൊണ്ടുവരാന്‍പോലും പിന്നീട് കഴിഞ്ഞില്ല. സഹോദരങ്ങളുടെ മേല്‍നോട്ടവുമായി തുടര്‍ന്നങ്ങോട്ടുള്ള വര്‍ഷങ്ങള്‍ പോയി. സാഹചര്യങ്ങളോട് ഇണങ്ങിയും സമരസപ്പെട്ടും നീങ്ങുന്നതിനിടയില്‍ വിദ്യാഭ്യാസത്തിനു വീണു, ഫുള്‍സ്റ്റോപ്പ്.
ദാരിദ്ര്യം കൂടുകയായിരുന്നു. അതിനാല്‍, അമ്മയോളം പ്രായമുളളവരുടെ കൂടെ കുഞ്ഞേലി കൂലിപ്പണിക്കു പോയി. 'ഇന്നത്തെ കുട്ടികള്‍ ബാഗുമിട്ട് പഠിക്കാന്‍ പോവുന്നത് പോലെ, ഞാനീ പ്രായത്തില്‍ സഞ്ചിയും തൂക്കി പണിക്കായിരുന്നു പോയത്' - ഒരിക്കല്‍ തമാശരൂപേണ പറഞ്ഞ ആ ഐറണി എന്റെ കണ്ണുനനയിച്ചു. അക്ഷരങ്ങളെ കുറേയേറെ പ്രണയിച്ചിരുന്ന ഒരു ആറാം ക്ലാസുകാരിയാണ് അക്ഷരങ്ങളില്‍ നിന്നും വളരെ ദൂരം സഞ്ചരിച്ച് എന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് ഒരു നിമിഷം ഓര്‍ത്തു.
ഡിഗ്രിക്ക് അപേക്ഷ നല്‍കാന്‍ പോയ കോളേജിന്റെ പ്രശസ്തിയെക്കുറിച്ചും വലിപ്പത്തെക്കുറിച്ചും വാതോരാതെ സംസാരിച്ച എന്റെ കണ്ണുകളിലേക്ക് അമ്മ അഭിമാനത്തോടെ നോക്കിയപ്പോള്‍ ഞാനോര്‍ത്തില്ല ആ നോട്ടത്തിന്റെ അര്‍ത്ഥം. എന്റെ അതേ പ്രായത്തില്‍ കുഞ്ഞേലിയും കൂടി വിയര്‍പ്പൊഴുക്കി പണിതതായിരുന്നു ആ കോളേജ് കെട്ടിടം. അതറിഞ്ഞ നിമിഷം വളരെ വൈകാരികമായിരുന്നെനിക്ക്.
കുഞ്ഞേലിക്ക് നഷ്ടമായ മനോഹരമായ ജീവിതഘട്ടങ്ങള്‍ തിരിച്ച് നല്‍കാന്‍ നിര്‍വാഹമില്ലെന്നിരിക്കെ, എന്നോടൊപ്പം, എന്നിലൂടെ അവയൊക്കെ അറിയിക്കാനുള്ള ശ്രമമായിരുന്നു പിന്നീടങ്ങോട്ട്. എന്റെ സൗഹൃദങ്ങള്‍ കുഞ്ഞേലിയുടെയും പ്രിയപ്പെട്ടവരായി. ഓരോ ദിവസത്തെയും കഥകള്‍ പറഞ്ഞു. വായിക്കുന്ന പുസ്തകങ്ങളില്‍ അമ്മയും ശ്രോതാവായി. കുഞ്ഞേലി ഞങ്ങളോടൊപ്പം വീണ്ടും വളര്‍ന്നു, കൂടെ സൗഹൃദവലയവും. ഏത് വിഷയവും തുറന്ന് സംസാരിക്കാന്‍ പാകപ്പെട്ട വ്യക്തിബന്ധമായി അത് വേരോടി.
ശുഭാപ്തിവിശ്വാസത്തെ പ്രാര്‍ഥനയില്‍ ചാലിച്ച് കുഞ്ഞേലിയുടെ ഒരു പ്രയോഗമുണ്ട്, ജീവിതം മടുത്തവനെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്. പൂര്‍ണ ഗര്‍ഭാവസ്ഥയില്‍ ഡ്യൂ ഡേറ്റ് നാളെ എന്നിരിക്കെയുള്ള മകള്‍ക്ക് കൂട്ടായി കിലോമീറ്ററുകള്‍ താണ്ടി ബി എഡ് ഫൈനല്‍ പരീക്ഷയ്‌ക്കെത്തുമ്പോഴും തകര്‍ക്കപ്പെടാത്ത ആ ശുഭാപ്തി വിശ്വാസം മാത്രമായിരുന്നു കൈമുതല്‍. പരീക്ഷ എഴുതുന്ന മകളെ ജനല്‍കോണിലൂടെ ഉറ്റുനോക്കിയ ആ കണ്ണുകളില്‍ നിറഞ്ഞത് ജീവിതം കൊണ്ട് മനസിലാക്കിയ ചില തിരിച്ചറിവുകളായിരുന്നു.
കുഞ്ഞേലിയെന്ന അച്ചുതണ്ടിനു ചുറ്റും ആ നിമിഷം അച്ഛനും ഭര്‍ത്താവുമൊക്കെ ധൈര്യവാന്‍മാരായി മാറുന്നത് ഞാന്‍ കണ്ടു. ബാക്കിയായ അവസാന പരീക്ഷയ്ക്ക് ആറു ദിവസം പ്രായമായ കുഞ്ഞനാമി അമ്മമ്മയുടെ ചൂട് പറ്റി അമ്മയ്ക്ക് കൂട്ടിരുന്നു. 'എന്തൊരു കരുത്തയാണ് താന്‍' എന്നൊക്കെ കേട്ടപ്പോള്‍ ഉള്ളില്‍ തോന്നിയത് ഇതാണ്, സത്യമാണ്, കരുത്തുള്ളവളാണ് ഞാന്‍, കാരണം, കരുത്തുള്ള ഒരു സ്ത്രീ വളര്‍ത്തിയതാണെന്നെ... നന്ദി, അമ്മ... നല്ലതിന്റെ ഒരു മുഴുവന്‍ കാലവുമായി കൂടെയുള്ളതിന്...
എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം