പ്രശ്നത്തിലാകുന്ന അമേരിക്കന്‍ വിദ്യാഭ്യാസം; ട്രംപിന്‍റെ കണ്ണ് വോട്ട് ബാങ്കിൽ

ങ്ങളുടെ കുട്ടികൾ എന്ത് പഠിക്കുന്നവെന്നതാണ് റിപ്പബ്ലിക്കുകാരുടെ പ്രശ്നം WOKE, LGBTQ+ ആശയങ്ങളും മറ്റും തങ്ങളുടെ കുട്ടികൾ പഠിക്കേണ്ടതില്ല എന്നാണ് അവരുടെ തീരുമാനം. ആ തീരുമാനം ട്രംപ് നടപ്പാക്കുന്നു. പക്ഷേ, ട്രംപിന്‍റെ പദ്ധതി മറ്റൊന്നാണ്. വായിക്കാം ലോകജാലകം. 
 

What is the reason why Trump is preparing to dissolve the US Department of Education


വിദ്യാഭ്യാസ വകുപ്പ് പിരിച്ച് വിടാനുള്ള എക്സിക്യൂട്ടിവ് ഓർഡറിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പ് വച്ചു. റിപബ്ലിക്കൻ പാർട്ടിയുടെ ദീർഘകാല സ്വപ്നം നടപ്പാക്കാനുള്ള ശ്രമമാണ് ട്രംപിന്‍റെത്. ട്രംപിന്‍റെ അനുയായികൾക്ക് ഇതൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കലും. നടപ്പാകുമന്ന് ഉറപ്പായിട്ടില്ല. കോൺഗ്രസിന്‍റെ സമ്മതം കൂടി വേണം അതിന്. അത്ര എളുപ്പമായിരിക്കില്ല അത് കിട്ടാൻ എന്നത് മറ്റൊരു കാര്യം.

അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ്

Latest Videos

1867 ലാണ് അമേരിക്കൻ വിദ്യാഭ്യാസ വകുപ്പിന്‍റെ ആദ്യരൂപം സ്ഥാപിതമായത്. ആഭ്യന്തര യുദ്ധകാലത്ത് പ്രസിഡന്‍റ്  ആൻഡ്രൂ ജോൺസണിന്‍റെ (Andrew Johnson) തീരുമാനം. പക്ഷേ, അത് പ്രചാരം നേടിയില്ല. നിലനിന്നുമില്ല. പല പല ഏജൻസികളുടെ കീഴിലും ഒക്കെയായി കാണാമറയത്തായി. പിന്നെ അത് പുനരുജ്ജീവിപ്പിച്ചത് ഡമോക്രാറ്റ് പ്രസിഡന്‍റ് ജിമ്മി കാർട്ടറാണ്, 1979-ൽ. റോണൾഡ് റീഗനെ (Ronald Reagan) പോലെയുള്ള റിപ്പബ്ലിക്കൻ നേതാക്കൾ അന്നതിനെ കഠിനമായി എതിർത്തു. കുട്ടികൾ എന്ത് പഠിക്കണമെന്ന് തീരുമാനിക്കാൻ സർക്കാർ വകുപ്പ് വേണ്ട എന്നായിരുന്നു വാദം.

1982 -ൽ റോണൾഡ് റീഗന്‍ പ്രസിഡന്‍റായപ്പോൾ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് (State of the Union Address)  ഒരു പ്രഖ്യാപനം നടത്തി. വിദ്യാഭ്യാസത്തിന്  ഒരു വകുപ്പ് വേണ്ട. ഫെഡറൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും പ്രഖ്യാപിച്ചു. 75,000 പേരെ പിരിച്ച് വിടാനായിരുന്നു തീരുമാനം. പക്ഷേ, ഒന്നും നടപ്പായില്ല. റിപ്പബ്ലിക്കൻ സ്വപ്നം അങ്ങനെ സ്വപ്നമായി തന്നെ ശേഷിച്ചു.

അതാണിപ്പോൾ ട്രംപ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വകുപ്പ് അടച്ച് പൂട്ടി അധികാരം അതാത് സംസ്ഥാനങ്ങൾക്ക് നൽകാനാണ് പ്രസിഡന്‍റിന്‍റെ ഉത്തരവ്. പക്ഷേ, കോൺഗ്രസിന്‍റെ സമ്മതം വേണം. സെനറ്റിൽ 60 പേരുടെ പിന്തുണ. റിപ്പബ്ലിക്കൻ അംഗങ്ങൾ 53, ഏഴ് ഡമോക്രാറ്റുകളെ കൂടി കിട്ടിയാലെ സെനറ്റിൽ അത്  പാസാകു. പക്ഷേ, അപ്പോഴും ജനപ്രതിനിധി സഭയിൽ പിന്തുണ പ്രയാസമാണ്. ഇനി കോൺഗ്രസിന്‍റെ സമ്മതം കിട്ടിയില്ലെങ്കിലും വകുപ്പിലെ ജീവനക്കാരുടെ എണ്ണവും അധികാരവും കുറക്കാൻ പ്രസിഡന്‍റിന് കഴിയും.

Read More: ടെസ്‍ല വീണപ്പോൾ കൈ പിടിച്ച് ട്രംപ്; മസ്കിന് ഇത് മധുരപ്രതികാരം

സാംസ്കാരിക യുദ്ധങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ ആഞ്ഞടിക്കുന്ന സാംസ്കാരിക യുദ്ധങ്ങളാണ് റിപ്പബ്ലിക്കൻ എതിർപ്പിന് കാരണം എന്ന് പറയുന്നവരുണ്ട്. പ്രധാനമായും യൂണിവേഴ്സിറ്റികളിൽ ചുവടുറപ്പിക്കുന്ന 'WOKE' ആശയങ്ങൾ. അത് കുട്ടികളിൽ കുത്തിവയ്ക്കുന്നത് നല്ല കാര്യങ്ങളല്ല എന്നാണ് യാഥാസ്ഥിതിക പക്ഷം.

സാംസ്കാരിക യുദ്ധങ്ങൾ (Culture war) പുതിയ കാര്യമല്ല, ഒരു രാജ്യത്തിനും. അമേരിക്കയിൽ അടിമക്കച്ചവടം നിരോധിക്കാനുള്ള ശ്രമം, കറുത്ത വർഗക്കാരുടെ അവകാശങ്ങൾ എടുത്ത് കളയാനുള്ള വെളുത്ത വർഗക്കാരുടെ ആഹ്വാനം... സാംസ്കാരിക യുദ്ധങ്ങൾ  അന്നേ തുടങ്ങി എന്ന് പറയുന്നുണ്ട്. പക്ഷേ, 1960 -കളിലാണ് ശരിയ്ക്കുള്ള തുടക്കം. പ്രകടമായ തുടക്കം.

പൌരാവകാശ സംഘടനകൾ, വനിതാവകാശ സംഘടനകൾ, സ്വവർഗാനുരാഗികളുടെ സംഘടനകൾ ഇവരെല്ലാം അന്ന് വരെയുള്ള സാമൂഹ്യസ്ഥിതിയെ വെല്ലുവിളിക്കാൻ തുടങ്ങി. 80 -കൾ ആയപ്പേഴേക്ക് യുദ്ധം മുറുകി. അപ്പോഴേക്ക് റിപ്പബ്ലിക്കൻ പാർട്ടി യാഥാസ്ഥിതിക പക്ഷത്തേക്ക് ചാഞ്ഞിരുന്നു. ആശങ്കകൾ കൂടിക്കൂടിവന്നു. കുട്ടികൾ എന്തൊക്കെ സ്കൂളുകളിൽ പഠിക്കുന്നു എന്നതടക്കം അവരുടെ ആശങ്കയായി.

പുതിയ യുദ്ധം

ഈ ആശങ്കകൾ വീണ്ടും തുടങ്ങിയത് കൊവിഡ് കാലത്ത് സ്കൂളുകൾ അടച്ച് വിദ്യാർത്ഥികൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ്. അപ്പോഴാണ് എന്താണ് കുട്ടികൾ പഠിക്കുന്നതെന്ന് അച്ഛനമ്മമാർ അറിയുന്നത്. LGBTQ പോലുള്ളവ തലവേദനയായി. ഈ യാഥാസ്ഥിതിക പക്ഷക്കാരാണ് ഇപ്പോഴത്തെ സാംസ്കാരിക യുദ്ധത്തിന്‍റെ ഒരു വശത്ത്. മറുവശത്ത് ലിബറൽ എന്നറിയപ്പെടുന്ന തീവ്ര സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരും. 'WOKE' എന്നത് തന്നെ ഒരു തീവ്ര ആശയ സംഹിതയായി മാറി എന്നത് മറ്റൊരു കാര്യം. പക്ഷേ, അതിന്‍റെ മിത രൂപം പോലും യാഥാസ്ഥിതിക പക്ഷത്തിന് സ്വീകാര്യമല്ല. അവർ വാളെടുത്തു. അവരാണ് ഇന്ന് ട്രംപിന്‍റെ പക്ഷത്ത് അണിനിരക്കുന്നത്. WOKE സ്വഭാവമുള്ള ലിബറൽ ആശയങ്ങളും പ്രതിഷേധങ്ങളും യൂണിവേഴ്സിറ്റികളിൽ വേരുപിടിക്കുന്നത് തടയണമെന്നതാണ് ലക്ഷ്യം. പക്ഷേ, സർക്കാരിന്‍റെ ഈ ഇടപെടൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് സെനറ്റ് സ്ഥാനാർത്ഥിയായിരുപ്പോൾ, 2021 -ൽ നടത്തിയ പ്രസംഗം ഈ നയങ്ങളുടെ രത്നച്ചുരുക്കമാണ്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ യൂണിവേഴ്സിറ്റികളെ ഇല്ലാതാക്കുകയാണ് വേണ്ടത് എന്നായിരുന്നു വാൻസിന്‍റെ വാക്കുകൾ.

Read More: പുടിന് വിധേയനായ ട്രംപ്; മൂന്നാം ലോക മഹായുദ്ധത്തിന് വഴി തെളിയുകയാണോ?

അറിവിനെ ഭയക്കുന്ന അധികാരി 

ഇതിന്‍റെയെല്ലാം അടിസ്ഥാനം അധികാരം നഷ്ടപ്പെടുമെന്ന ഭയമാണെന്നാണ് വിശകലനം. മാറ്റങ്ങളുണ്ടായാൽ നിയന്ത്രണം നഷ്ടപ്പെടും, പിന്നാലെ അധികാരവും. ആ പേടിയാണ് രാഷ്ട്രീയ നേതാക്കളെ നയിക്കുന്നതെന്ന് വ്യാഖ്യാനം. റഷ്യയിൽ പുടിൻ പ്രസിഡന്‍റായപ്പോൾ ആദ്യം ചെയ്തത് പടിഞ്ഞാറിന്‍റെയും ലിബറൽ ആശയങ്ങളുടേയും സ്വാധീനം യൂണിവേഴ്സിറ്റികളിൽ നിന്ന് പറിച്ചെറിയുകയാണ്. ഹംഗറിയിൽ വിക്ടർ ഓർബനും ഇതുതന്നെയാണ് ചെയ്തത്. ഇപ്പോൾ അമേരിക്കയിൽ ട്രംപ് ചെയ്യുന്നതും.

യൂണിവേഴ്സിറ്റികളിൽ വേറെ ചില നടപടികൾ എടുത്തിരുന്നു ട്രംപ് സർക്കാർ. കഴിഞ്ഞ വർഷം ഇസ്രയേൽ യുദ്ധത്തിനെതിരായി പ്രതിഷേധം നയിച്ച വിദ്യാർത്ഥിയെ തടഞ്ഞുവച്ചത്  അതിലൊന്ന്. മഹമൂദ് ഖലീൽ (Mahmoud Khalil) കൊളംബിയൻ യൂണിവേഴ്സിറ്റി ബിരുദധാരിയാണ്. പലസ്തീനി വംശജൻ. ഗ്രീൻ കാർഡുമുണ്ട്. അതൊരു തുടക്കം മാത്രമെന്നാണ് പ്രസിഡന്‍റ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കൊളംബിയ പോലെ മറ്റ് യൂണിവേഴ്സിറ്റികളിലും ഭീകരവാദ അനുകൂല, ജൂതവിരുദ്ധ, അമേരിക്കൻ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരുപാട് പേരുണ്ട്. അതൊന്നും ഇനി വച്ചുപൊറുപ്പിക്കില്ലെന്നും.

ചില തെറ്റിദ്ധാരണകൾ

അത് രാഷ്ട്രീയ ലക്ഷ്യങ്ങൾ. വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് അമേരിക്കൻ ജനതക്ക് തന്നെ തെറ്റിദ്ധാരണകളുണ്ടെന്നാണ് വിദഗ്ധപക്ഷം. സ്കൂളുകൾ നിയന്ത്രിക്കുന്നതും കരിക്കുലം തീരുമാനിക്കുന്നതും വകുപ്പാണെന്നതാണ് ഏറ്റവും വലിയ തെറ്റിധാരണ. പക്ഷേ, അതൊക്കെ സംസ്ഥാനങ്ങളുടെ ചുമതലയാണ്. വിദ്യാഭ്യാസ വായ്പകൾ, പെൽ ഗ്രാന്‍റുകൾ, അതായത് വരുമാനം കുറഞ്ഞ കുട്ടികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് സൌകര്യം ഒരുക്കുക, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള ഫണ്ട്, പൌരാവകാശ നിയമം നടപ്പാക്കുക ഒക്കെ ചെയ്യുന്നതും ഇതേ വകുപ്പാണ്. 4,400 ജീവനക്കാർ, 2024 -ലെ ബജറ്റ് 238 ബില്യൻ. ആകെ ഫെഡറൽ ബജറ്റിന്‍റെ 2 ശതമാനത്തിൽ താഴെ മാത്രം.

Read More: എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍

ചില വിട്ടുവീഴ്ചകൾ

പെൽ ഗ്രാന്‍റുകളടക്കം തുടരുമെന്ന് പിന്നീട്  അറിയിപ്പ് വന്നു. തിരിച്ചടി ഉണ്ടായേക്കുമെന്ന സംശയമാവാം കാരണം. അതും വായ്പകൾ കൂടുതലും റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ട്രംപ് - മസ്ക് വെട്ടുകളുടെ തിക്തഫലം അനുഭവിച്ചു റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ. സ്വന്തം മണ്ഡലങ്ങളിൽ ജനം തിരിഞ്ഞു. പിടിച്ച് നിർത്തി ചോദ്യം ചെയ്തു. ഒച്ചയിട്ടു.

ചില വിദ്യാഭ്യാസ വായ്പകൾ തുടർന്നേക്കും. മറ്റ് ചിലത് വേറെ വകുപ്പുകൾ ഏറ്റെടുക്കേണ്ടിവരും. പക്ഷേ, യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ഭീതിക്ക് കാരണമായിരിക്കുന്നു പ്രസിഡന്‍റിന്‍റെ നീക്കം. ഗവേഷണ ഗ്രാന്‍റുകളായി കൊടുക്കുന്ന കോടിക്കണക്കിന് ഡോളർ ഇനി കിട്ടുമെന്ന് ഉറപ്പില്ല. അതോടെ രാജ്യത്ത് ബ്രെയിൻ ഡ്രെയിൻ (Brain drain) ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വിദ്യാഭ്യാസവും വോട്ടും

കാര്യമെന്തായാലും, വിദ്യാഭ്യാസം ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ വിഭജിക്കുന്ന വിഷയമെന്നാണ് നിരീക്ഷണം. ഉദാഹരണമായി സിഎന്‍എന്‍ ചൂണ്ടിക്കാണിക്കുന്നത് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പാണ്. റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും ഇത്തവണ ലക്ഷ്യമിട്ടത്, തൊഴിലാളി വർഗത്തെയും കോളജ് വിദ്യാഭ്യാസം ഇല്ലാത്തവരെയുമാണ്. കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസിന് കിട്ടിയത് 56 ശതമാനം കോളജ് ബിരുദധാരികളുടെ വോട്ട്. ബിരുദമില്ലാത്തവരുടെ 56 ശതമാനം ട്രംപിനും വോട്ട് ചെയ്തു. വോട്ട് വരുന്നത് ഏതുവഴിക്കെന്ന് രണ്ട് പാർട്ടികൾക്കും അറിയാമെന്ന് അർത്ഥം.

vuukle one pixel image
click me!