എജുക്കേഷൻ വിത്ത് ഔട്ട് ബോർഡേഴ്സ് എന്ന സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ അതിശയകരമായ പ്രകടനം
ദുബൈ: ഇന്നേക്ക് 14 വർഷം. ഫ്രഞ്ച് സ്പൈഡർമാനെന്ന് ലോകം വാഴ്ത്തിപ്പാടുന്ന അലൈൻ റോബർട്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കീഴടക്കിയ വാർത്ത ഒരുപാട് ശ്രദ്ധയാകർഷിച്ചിരുന്നു. ഒരു തിങ്കളാഴ്ച വൈകുന്നേരത്ത് സൂര്യൻ കെട്ടടങ്ങിയപ്പോഴാണ് അന്നത്തെ 48കാരനായ റോബർട്ട് ബുർജ് ഖലീഫയുടെ കെട്ടിടം തനിക്കുള്ള ചവിട്ടുപടിയാക്കി മാറ്റിയത്. ആയിരക്കണക്കിന് കാണികൾ നെഞ്ചിടിപ്പോടെ നോക്കി നിൽക്കെയാണ് 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ കീഴടക്കാൻ റോബർട്ട് ഇറങ്ങിപുറപ്പെട്ടത്. എജുക്കേഷൻ വിത്ത് ഔട്ട് ബോർഡേഴ്സ് എന്ന സമ്മേളനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ അതിശയകരമായ പ്രകടനം നടന്നത്.
ശക്തിയായി വീശിയ കാറ്റ് തുടക്കത്തിൽ വെല്ലുവിളി ഉയർത്തിയെങ്കിലും കാണികളുടെ കരഘോഷങ്ങൾക്കിടയിൽ റോബർട്ട് ആ തടസ്സം കാര്യമാക്കിയിരുന്നില്ല. ബുർജ് ഖലീഫയിൽ മൂന്നിടത്തു മാത്രമാണ് റോബർട്ട് വിശ്രമിച്ചത്. ഏഴ് മണിക്കൂറെങ്കിലും എടുത്ത് മാത്രമേ കെട്ടിടത്തിന്റെ മുകളിൽ എത്താൻ കഴിയൂ എന്നായിരുന്നു കണ്ടു നിന്നവർ ഉൾപ്പടെ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ആറ് മണിക്കൂറിനുള്ളിലാണ് അലൈൻ റോബർട്ട് തന്റെ യജ്ഞം പൂർത്തിയാക്കിയത്. ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടിക്കയറുന്ന അലൈൻ റോബർട്ടിന്റെ സാഹസികതയ്ക്ക് സാക്ഷിയാകാൻ എത്തിയത് ആയിരങ്ങളായിരുന്നു.
കനത്ത സുരക്ഷ സന്നാഹങ്ങളായിരുന്നു അന്ന് ബുർജ് ഖലീഫയ്ക്ക് ചുറ്റും ഒരുക്കിയിരുന്നത്. ആംബുലൻസും മെഡിക്കൽ സൗകര്യങ്ങളും തയാറായിരുന്നു. റോബർട്ട് കയറിക്കൊണ്ടിരുന്ന കെട്ടിടത്തിന്റെ ഭാഗങ്ങളിലെക്ക് ഇലക്ട്രിക് ലൈറ്റുകൾ എത്തിച്ചിരുന്നു. പതിവില്ലായിരുന്നെങ്കിലും ദുബൈ ശൈഖിന്റെ അഭ്യർത്ഥന മാനിച്ച് ശരീരത്തിൽ കയറും സുരക്ഷാ ബെൽറ്റും ഘടിപ്പിച്ചാണ് റോബർട്ട് ബുർജ് ഖലീഫയിലൂടെ കയറിയത്.
സുരക്ഷാ കവചങ്ങളില്ലാതെ അതി സാഹസികമായി ഉയരമേറിയ കെട്ടിടങ്ങൾ ചാടിക്കയറുന്നതാണ് അലൈൻ റോബർട്ടിന്റെ വിനോദം. ബുർജ് ഖലീഫ കീഴടക്കുന്നതിന് മുൻപ് ന്യൂയോർക്ക് എംപറർ സ്റ്റേറ്റ് കെട്ടിടം, ക്വാലാലംപൂർ പെട്രോണാസ് കെട്ടിടം, ചിക്കാഗോയിലെ വില്ലിസ് ടവർ ഉൾപ്പടെ എഴുപതോളം കെട്ടിടങ്ങൾ റോബർട്ട് തന്റെ സാഹസികതയിലൂടെ കീഴടക്കിയിട്ടുണ്ട്. ബുർജ് ഖലീഫ കീഴടക്കാൻ 2010ലും റോബർട്ട് ശ്രമിച്ചിരുന്നു. എന്നാൽ ചൂട് കാലാവസ്ഥ കാരണം പിന്മാറുകയായിരുന്നു.