എല്ലാത്തരം കുടിയേറ്റവും തടയാന്‍ ട്രംപ്; എതിര്‍പ്പുമായി കോടതിയും മനുഷ്യാവകാശ സംഘടനകളും

മേരിക്കയില്‍ കാര്യങ്ങൾ കുഴമറിയുകയാണ്. രാജ്യം ഇതുവരെ നിലനിര്‍ത്തിയിരുന്ന എല്ലാത്തരം കുടിയേറ്റ നിയമങ്ങളും ഉപേക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് ട്രംപ് ഭരണകൂടം. എന്നാല്‍, കോടതിയും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. വായിക്കാം ലോകജാലകം. 

Trump to stop all forms of immigration


നധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുകയാണ് അമേരിക്കൻ സർക്കാർ. അതും തീരെയും മനുഷ്യത്വമില്ലാതെ കാലിലും, കൈയിലും ചങ്ങലയിട്ട് പൂട്ടി, കഴുത്തിൽ പിടിച്ച്, കൊടുംകുറ്റവാളികളെ കൈകാര്യം ചെയ്യുന്ന പോലെ.  261 വെനിസ്വേലക്കാരെ എൽ സാൽവദോറിലെ കുപ്രസിദ്ധമായ ജയിലിലേക്കാണ് നാടുകടത്തിയത്. 1798 -ലെ നിയമമനുസരിച്ചാണ് എല്ലാം, നിയമവിരുദ്ധമല്ലെന്നാണ് പ്രസിഡന്‍റിന്‍റെ വാദം.

The Alien Enemies Act -അതാണ് അമേരിക്കൻ പ്രസിഡന്‍റ് പറയുന്ന നിയമം. 261 വെനിസ്വേലക്കാരിൽ 137 പേരെയും നാടുകടത്തിയത് ഈ നിയമം ഉദ്ധരിച്ചാണ്. വെനിസ്വേലൻ അധോലോക സംഘത്തിലെ അംഗങ്ങളാണവരെന്നും അമേരിക്കയിലേക്കുള്ള കടന്ന് കയറ്റം ഒരു ഭീഷണിയാണെന്നും പ്രസിഡന്‍റ് ആരോപിച്ചു. നാടുകടത്തൽ നിരോധിച്ച കോടതി നടപടി പോലും വകവച്ചില്ല.  The Alien Enemies Act അമേരിക്കൻ പ്രസിഡന്‍റിന് നൽകുന്നത് പരിധിയില്ലാത്ത അധികാരമാണ്. ഒരു നടപടിക്രമങ്ങളും പാലിക്കാതെ ശത്രുരാജ്യത്തെ പൗരനെ തടഞ്ഞുവയ്ക്കാനും പുറത്താക്കാനും അധികാരം നൽകുന്ന നിയമം.

Latest Videos

Read More: പ്രശ്നത്തിലാകുന്ന അമേരിക്കന്‍ വിദ്യാഭ്യാസം; ട്രംപിന്‍റെ കണ്ണ് വോട്ട് ബാങ്കിൽ

1798 -ലാണ് നിയമം പാസായത്. ഫ്രാൻസുമായി യുദ്ധമുണ്ടാവുമെന്ന സാഹചര്യത്തിലായിരുന്നു അത്. യുദ്ധ സാഹചര്യത്തിൽ അമേരിക്കയ്ക്ക് ഭീഷണിയാകുന്ന കടന്നുകയറ്റങ്ങൾ നടത്തുന്ന ശത്രുസ്ഥാനത്തുള്ള രാജ്യത്തെ പൗരൻമാരെ തടഞ്ഞുവയ്ക്കാമെന്ന് നിയമം അനുശാസിക്കുന്നു. ഈ നിയമം മുമ്പ് മൂന്ന് പ്രാവശ്യമേ ഉപയോഗിച്ചിട്ടുള്ളു. ആദ്യം 1812 -ലെ യുദ്ധകാലത്ത്, പിന്നെ ഒന്നാം ലോക മഹായുദ്ധക്കാലത്ത്. അവസാനം നടപ്പാക്കിയത് രണ്ടാം ലോക മഹായുദ്ധ കാലത്ത്. ജാപ്പനീസ് പൗരൻമാർക്കെതിരായി. 1,20,000 പേരെ വിചാരണയില്ലാതെ തടവുകാരാക്കി, ആയിരക്കണക്കിന് പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

തന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്നെ ഡോണൾഡ് ട്രംപ് ഈ നിയമത്തിന്‍റെ പ്രയോഗം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകൾ അന്നേ പ്രതിഷേധിച്ചു. ഇപ്പോൾ ട്രംപിന്‍റെ ഉത്തരവിനെ ജഡ്ജി തന്നെ എതിർത്തു. പക്ഷേ, സർക്കാർ അനുസരിച്ചില്ല. പ്രസിഡന്‍റ് തന്നെ ജഡ്ജിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടു. നിയമവിരുദ്ധം എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.  പക്ഷേ, പ്രസിഡന്‍റിനെ ആർക്കും തടയാനായിട്ടില്ല.

Read More: അറസ്റ്റ് മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നിലെ കൂട്ടക്കൊലയ്ക്ക്; പക്ഷേ, ഉള്ളറകളില്‍ ഒരു ഏകാധിപതി ഒരുങ്ങുകയാണോ?

ഇപ്പോൾ ക്യൂബ, വെനിസ്വേല, ഹെയ്തി, നിക്കരാഗ്വ, എന്നിവിടങ്ങളിൽ നിന്നെത്തിയ 53,000 അഭയാർത്ഥികൾക്കുള്ള താൽകാലിക അനുമതി റദ്ദാക്കുമെന്നാണ് അറിയിപ്പ്. ഏപ്രിൽ 24 ന് മുമ്പ് നാടുവിടണം. അല്ലെങ്കിൽ അതിനകം സ്ഥിരാനുമതി കിട്ടണം. ഈ അഭയാർത്ഥികളെ ജോ ബൈഡന്‍റെ കാലത്ത് കൊണ്ട് വന്നതാണ്. CHNV parole programme (ക്യൂബ, ഹെയ്തി, നിക്വരാഗേ, വെനിസ്വല -തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികൾക്ക് വേണ്ടിയുള്ള പദ്ധതി) എന്ന സ്പോൺസർഷിപ്പ് വഴി. ട്രംപ് അധികാരമേറ്റയുടൻ അത് റദ്ദാക്കിയിരുന്നു. അതേപോലെ റഷ്യൻ അധിനിവേശത്തിനിടെ പലായനം ചെയ്ത് അമേരിക്കയിലെത്തിയ 24,000 യുക്രൈയ്ൻ പൗരൻമാരുടെ അനുമതിയും റദ്ദാക്കുന്ന കാര്യം പരിഗണനയിലാണ്.

അനധികൃത കുടിയേറ്റം തടയാനാണ് ബൈഡൻ CHNV പദ്ധതി നടപ്പാക്കിയത്. അതേപോലെ ഹെയ്തിക്കാർക്കുള്ള TPS (Temporary Protected Status) പദ്ധതിയും റദ്ദാക്കാനാണ് ട്രംപിന്‍റെ നീക്കം. ഈ എന്ന പദ്ധതിയുടെ കുടക്കീഴിൽ അമേരിക്കയിലുള്ളത് 5 ലക്ഷം ഹെയ്തിക്കാരാണ്. അമേരിക്കൻ സ്വപ്നവുമായി ഇനിയാരും അങ്ങോട്ട് പോകേണ്ടെന്ന് ചുരുക്കം. സ്വന്തം രാജ്യത്തെ സംഘർഷവും ദാരിദ്ര്യവും കാരണം നാടുവിട്ട് പോരുന്നവർ ഇനിയെങ്ങോട്ട് പോകുമെന്ന് ചോദ്യത്തിന് ഉത്തരമില്ല. ഒരു രാജ്യത്തിന് എല്ലാവരേയും താങ്ങിനിർത്താൻ പറ്റില്ലെന്ന വാദം അംഗീകരിക്കുമ്പോഴും മാനുഷിക മൂല്യം കണക്കാക്കണം എന്ന വാദത്തിനുമുണ്ട് വില.

Read More:   ടെസ്‍ല വീണപ്പോൾ കൈ പിടിച്ച് ട്രംപ്; മസ്കിന് ഇത് മധുരപ്രതികാരം

 

vuukle one pixel image
click me!