US Military Report : യുഎസ് സൈനിക പരിശീലന കേന്ദ്രങ്ങളില്‍ പരക്കെ ലൈംഗിക അതിക്രമങ്ങള്‍

First Published | Feb 19, 2022, 6:29 AM IST

അമേരിക്കന്‍ സൈനികരെ പരിശീലിപ്പിക്കുന്ന മിലിറ്ററി അക്കാദമികളില്‍ ലൈംഗിക അതിക്രമങ്ങളില്‍ വന്‍വര്‍ദ്ധന. 2020-21 അധ്യയന വര്‍ഷത്തില്‍  131 ലൈംഗികാതിക്രമ സംഭവങ്ങളാണ് യുഎസ് മിലിട്ടറി അക്കാദമികളില്‍ രേഖപ്പെടുത്തിയതത്. ലൈംഗികാതിക്രമങ്ങളെയും അക്രമങ്ങളെയും കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പെന്റഗണ്‍ വ്യാഴാഴ്ചയാണ് ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 


ഈ വിഷയത്തില്‍ പെന്റഗണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇക്കഴിഞ്ഞ വര്‍ഷത്തേത്. 

2018-2019 അധ്യയന വര്‍ഷത്തില്‍ നിന്ന് ഏഴ് ശതമാനം വര്‍ദ്ധനവാണ് ഇപ്പോഴുണ്ടായത്. 2019-2020 വര്‍ഷത്തില്‍ 88 ലൈംഗികാതിക്രമ റിപ്പോര്‍ട്ടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. കോവിഡ് കാരണം, വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ ആയിരുന്നതാവാം ഇതിനു കാരണമെന്നാണ് നിഗമനം. 



2020-2021 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗികതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വെസ്റ്റ് പോയിന്റ് സൈനിക പരിശീലന അക്കാദമിയിലാണ്. 2020-2021 കാലയളവില്‍ 46 ലൈംഗികാതിക്രമങ്ങളാണ് ഇവിടെ  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷം ഇത് 23 ആയിരുന്നു. 

നേവല്‍ അക്കാദമിയില്‍ ഈ കാലയളവില്‍ 33 ലൈംഗികാതിക്രമങ്ങളും എയര്‍ഫോഴ്സ് അക്കാദമിയില്‍ 52 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  

സൈന്യത്തിലെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു സ്വതന്ത്ര അവലോകന കമ്മീഷന്‍ രൂപീകരിക്കാന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 


കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കമ്മീഷന്‍ അതിന്റെ ജോലി പൂര്‍ത്തിയാക്കി 82 ശുപാര്‍ശകള്‍ പുറപ്പെടുവിച്ചു. അതില്‍ ചിലത് വരും വര്‍ഷങ്ങളില്‍ സൈനിക സേവന അക്കാദമികളില്‍ നടപ്പിലാക്കും. 


ലൈംഗികാതിക്രമങ്ങള്‍ക്കുള്ള പ്രോസിക്യൂഷന്‍ തീരുമാനങ്ങള്‍ അക്കാദമി സൂപ്രണ്ടുമാരില്‍ നിന്ന് ഒരു പ്രത്യേക ട്രയല്‍ കൗണ്‍സലിലേക്ക് കൈമാറും. 

അതിന് പുറമെ, ഈ പ്രശ്‌നങ്ങളുടെ മൂലകാരണം കണ്ടെത്താന്‍ ഒരു സര്‍വ്വേയും നടത്തും. സാധാരണയായി രണ്ട് വര്‍ഷത്തിലൊരിക്കലാണ് സര്‍വേ നടത്താറുള്ളത്. കൊവിഡ് കാരണം 2020 ല്‍ സര്‍വ്വേ നടത്തിയില്ല.
ഇത്തവണ സര്‍വേ നടത്തുന്നതോടെ ആക്രമണങ്ങള്‍, ലൈംഗിക പീഡനം എന്നിവയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.  

2015 മുതല്‍ ലൈംഗികാതിക്രമ കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ പ്രധാനമായും രണ്ട് സാധ്യതകളാണ് ഉള്ളതെന്ന് ദി സെക്ഷ്വല്‍ അസള്‍ട്ട് റെസ്‌പോണ്‍സ് ഓഫീസ് ഡയറക്ടര്‍ ഡോ. നേറ്റ് ഗാല്‍ബ്രീത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

''ഒന്നുകില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയിരിക്കാം അല്ലെങ്കില്‍ ആളുകള്‍ക്ക് ഇപ്പോഴാണ് കൂടുതല്‍ ധൈര്യം വന്നതും, കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതും'-ഗാല്‍ബ്രീത്ത് പറഞ്ഞു. 'കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കണം. ഇതിനായി കൂടുതല്‍ കാര്യക്ഷമമായ നയങ്ങള്‍ ഉണ്ടാക്കും. ഭയന്ന് മാറി ഇരുന്ന് ആളുകള്‍ക്ക് ധൈര്യസമേതം മുന്നോട്ട് വരാനും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതുവഴി സാധിക്കും. 


കുറ്റകൃത്യങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇരകളെ കൂടുതലായി സഹായിക്കുകയും, കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യും'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

Latest Videos

click me!