ആ ജീവിതത്തിലെ അനർഘനിമിഷങ്ങൾ, ക്യാമറക്കണ്ണിലെ ഉമ്മൻ ചാണ്ടി, റസാഖ് താഴത്തങ്ങാടിയുടെ ചിത്രങ്ങൾ

First Published | Jul 18, 2023, 4:16 PM IST

പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്ന കല കൂടിയാണ് രാഷ്ട്രീയം. തടസ്സങ്ങള്‍ അതിജീവിച്ചാണ് ഓരോ നേതാക്കളും രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരാറുള്ളതും. അങ്ങനെ താന്‍ നേരിട്ട എല്ലാ പ്രതിബന്ധങ്ങളെയും ചാടിക്കടന്നുവന്ന നേതാവാണ് ഉമ്മന്‍ ചാണ്ടിയും. ഓരോ കാലത്തും അതീവ ശ്രദ്ധയോടെ കരുനീക്കങ്ങള്‍ നടത്തി പ്രതിസന്ധികളെ മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ചിരിയില്‍ എല്ലാം ഒതുക്കിയിരുന്നു, ഏറെ തന്ത്രശാലിയായ അദ്ദേഹം. ദശകങ്ങളോളം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്ന അദ്ദേഹം മാധ്യമ ക്യാമറകളുടെയും പ്രിയങ്കരനായിരുന്നു. 

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പ്രയാണത്തിലെ പിരിമുറുക്കമേറിയ സന്ദര്‍ഭങ്ങളും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയായുമുള്ള ജീവിത മുഹൂര്‍ത്തങ്ങളുമെല്ലാം ഇങ്ങനെ മലയാള മാധ്യമങ്ങളില്‍ പല തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2003 -ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാന മാധ്യമ ഫോട്ടോഗ്രാഫി അവാര്‍ഡ് വാങ്ങിയ റസാഖ് താഴത്തങ്ങാടിയുടെ ക്യാമറയുടെ പ്രിയപ്പെട്ട ഒബ്ജക്ട് ആയിരുന്നു ഉമ്മന്‍ചാണ്ടി. മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റായ റസാഖ് താഴത്തങ്ങാടിയുടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ഉമ്മന്‍ ചാണ്ടിയാണ് ഇനിയുള്ള ഫോട്ടോകളില്‍.  

പ്രതിബന്ധങ്ങളില്‍ തളരാത്ത പോരാളി

കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും കോണ്‍ഗ്രസ് രാഷ്ട്രീയം ഏറെ സങ്കീര്‍ണ്ണമായ കാലത്തിലൂടെ കടന്ന് പോയപ്പോഴെല്ലാം തന്നെ അതിനെയെല്ലാം തരണം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു. 
 

കരുണാകരനൊപ്പം

കേരള സംസ്ഥാന രൂപീകരണത്തിന്‍റെ 50 സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനിടെ മുന്‍ മുഖ്യമന്ത്രി കരുണാകരനൊപ്പം ഉമ്മന്‍ ചാണ്ടി. സമീപം വെളിയം ഭാര്‍ഗ്ഗവനും വി എസ് അച്ചുതാനന്ദനും.


അബ്ദുള്‍ കലാമിനൊപ്പം 
രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിനൊപ്പം നര്‍മ്മം പങ്കിടുന്ന മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി.

കെ എം മാണിക്കൊപ്പം

കേരളാ കോണ്‍ഗ്രസിലെ പകരം വയ്ക്കാനില്ലാത്ത നേതാവും മുന്‍ ധനമന്ത്രിയുമായ കെ എം മാണിക്കൊപ്പം അല്പനേരം നര്‍മ്മ സംഭാഷണത്തില്‍ . 

ചെന്നിത്തലയ്ക്കൊപ്പം

രമേശ് ചെന്നിത്തലയ്ക്കൊപ്പം ഒരു രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ ഉമ്മന്‍ ചാണ്ടി. ഇരുവരും തമ്മില്‍ അക്കാലത്തുണ്ടായിരുന്ന  ചെറിയ അകല്‍ച്ച മുഖഭാവങ്ങളില്‍ വ്യക്തം. 

വി എസിനൊപ്പം 

സമകാലികരായ രണ്ട് രാഷ്ട്രീയ വ്യക്തിത്വങ്ങള്‍. രാഷ്ട്രീയ കേരളത്തില്‍ ഇടത് പക്ഷത്ത് വിഎസിനുണ്ടായിരുന്ന ജനകീയത വലത് പക്ഷത്ത് ഉമ്മന്‍ ചാണ്ടിയും അവകാശപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

1970 ലെ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ നിന്നും വിജയിച്ച് പിണറായി വിജയനും പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ച് ഉമ്മന്‍ ചാണ്ടിയും ആദ്യമായി ഒരു മിച്ചാണ് നിയമസഭയിലെത്തിയത്.  
 

നിറഞ്ഞ ചിരി

ഈ ചിരിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഹൈലൈറ്റ്.  രാഷ്ട്രീയ അസ്വസ്ഥതകള്‍ക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമുയരുമ്പോള്‍ ആദ്യ മറുപടിയായെത്തുക ഈ ചിരിയായിരിക്കും.

വിഎസിനും മമ്മൂട്ടിക്കും ഒപ്പം

മമ്മൂട്ടിയോടും വി എസ് അച്ചുതാനന്ദനോടും കുശലം പറയുന്ന മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി.

എ കെ ആന്‍റണിക്കൊപ്പം 

ഉമ്മന്‍ ചാണ്ടിയും എ കെ ആന്‍റണിയും എന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വിശ്വസ്തരായ സുഹൃത്തുക്കളായിരുന്നു. 

അധികാരമേല്‍ക്കല്‍ ചടങ്ങ്

മുഖ്യമന്ത്രിയുടെ ഓഫീസിലായാലും ഉമ്മന്‍ ചാണ്ടിക്ക് ചുറ്റും ആള്‍ക്കൂട്ടത്തിന് ഒരിക്കലും കുറവുമുണ്ടായിരുന്നില്ല. 

ഒരു കൈത്താങ്ങ്

ഇന്ദിരാ ഗാന്ധി അനുസ്മരണത്തിനിടെ ഉമ്മന്‍ ചാണ്ടിയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുന്ന കൊടുക്കുന്നില്‍ സുരേഷ്. സമീപം സോണിയ ഗാന്ധിയും ഹൈബി ഈഡനും. 

സുകൃതം സുവര്‍ണ്ണം

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്‍റെ അമ്പതാം വര്‍ഷികത്തിന് സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ വീഡിയോ കോളില്‍ സംസാരിക്കുന്നു. 

ജനങ്ങളോട് അല്പനേരം

ആള്‍ക്കൂട്ടമായിരുന്നു എന്നും ഉമ്മന്‍ ചാണ്ടിയുടെ ശക്തി. എവിടെയും എപ്പോഴും അദ്ദേഹത്തിനൊപ്പം ഒരു ആള്‍ക്കൂട്ടമുണ്ടാകും. എല്ലാവരോടും കുശലാന്വേഷണം നടത്തിയും ഒരു ചെറു പുഞ്ചിരി കൈമാറിയും കൈവീശിക്കാണിച്ചും ഉമ്മന്‍ ചാണ്ടി നടന്ന് നീങ്ങും.  

കുടുംബത്തോടൊപ്പം അല്പ നേരം

പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ ചാണ്ടി, തന്‍റെ കുടുംബത്തോടൊപ്പമുള്ള ഒരു അപൂര്‍വ്വ നിമിഷം. 

ദൈവ സന്നിധിയില്‍ നിന്നൊരു മടക്കം

വിശ്വാസികളോടൊപ്പമായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും. പള്ളി സന്ദര്‍ശനം കഴിഞ്ഞ് ഇറങ്ങി വരുന്ന ഉമ്മന്‍ ചാണ്ടി.

ഒരു യുഗം കൂടി വിട പറയുന്നു

ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങലോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരു യുഗത്തിന്‍റെ കൂടി അന്ത്യമാവുകയാണ്. ജനകീയനായ രാഷ്ട്രീയ നേതാവിന് വിട. 

Latest Videos

click me!