ഓരോ പ്രമുഖരും അവരെ വിവിധ പേരുകളിലാണ് വിശേഷിപ്പിച്ചിരുന്നത്. വൃന്ദാവനത്തിലെ തുളസി, വാനമ്പാടി, സ്വരലക്ഷ്മി, എട്ടാമത്തെ സ്വരം, തപസ്വനി തുടങ്ങിയ വിശേഷണങ്ങളെല്ലാം ആ വ്യക്തിപ്രഭാവത്തിന്‍റെ കരുത്ത് വെളിപ്പെടുത്തുന്നു.
1952 നവംബർ 29, ദില്ലിയിലെ രാമകൃഷ്ണാശ്രമത്തിൽ ഒരു സംഗീത കച്ചേരി നടക്കുന്നു. കേൾവിക്കാരായുള്ളത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അടക്കമുള്ള പ്രമുഖർ. കച്ചേരി നയിക്കുന്നതാകട്ടെ സാക്ഷാൽ എം എസ് സുബ്ബുലക്ഷ്മിയും. ആ സ്വരമാധുരിയിൽ ലയിച്ചു പോയ ചാച്ചാജി എംഎസിനെ വണങ്ങി പറഞ്ഞ വാക്കുകൾ ഇങ്ങനെ: ‘ഈ സ്വര രാജ്ഞിക്ക് മുമ്പിൽ ഞാനാര്? വെറുമൊരു പ്രധാനമന്ത്രി'.
ചരിത്രത്തിലേയ്ക്ക് തിരിഞ്ഞു നോക്കിയാൽ, ഇത്തരത്തിൽ എം എസ് സുബ്ബുലക്ഷ്മി (1916 സെപ്തം 16 - 2004 ഡിസം 11) എന്ന സംഗീത പ്രതിഭയുടെ നിരവധി നിമിഷങ്ങൾ കാണാനാകും. 'ഭാരതത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന. 'വാനമ്പാടിയെന്ന എന്‍റെ ബഹുമതി ഞാൻ ഇവർക്ക് നൽകുന്നു' എന്നാണ് സുബ്ബുലക്ഷ്മിയെ പറ്റി സരോജിനി നായിഡു പറഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ഗുലാം അലി ഖാൻ 'സ്വരലക്ഷ്മി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കിഷോർ അമോൻകർ 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. ലതാ മങ്കേഷ്കർക്ക് എം എസ് ഒരു 'തപസ്വനി'യായിരുന്നു. അങ്ങനെ വിശേഷങ്ങള്‍ ഒരുപാടുള്ള എം എസ് സുബ്ബുലക്ഷ്മി.
2004 ഡിസംബർ 11 -നാണ് സംഗീത ലോകത്തെ ഇതിഹാസം ഓർമ്മയായത്. ഇന്ന് ആ അതുല്യ കലാകാരിയുടെ 24- ാം ചരമദിനമാണ്. നിരന്തരമായ സാധന കൊണ്ട് കർണ്ണാടക സംഗീതത്തിന്‍റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ് സുബ്ബുലക്ഷ്മി. ചലച്ചിത്ര പിന്നണിഗാന മേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്.
വളരെക്കുറച്ച് സിനിമകളിൽ മാത്രമേ എം എസ് സുബ്ബുലക്ഷ്മി പാടിയിട്ടുള്ളൂ. ശകുന്തള, സാവിത്രി, മീര എന്നീ മൂന്ന് ചിത്രങ്ങളിൽ സുബ്ബുലക്ഷ്മി പാടി അഭിനയിച്ചു. മൂന്ന് ചിത്രങ്ങളും സംഗീത സാന്ദ്രങ്ങളായതിനാൽ തന്നെയാകണം എംഎസ് ആ ചിത്രങ്ങളില്‍ അഭിനയിക്കാൻ തയ്യാറായതെന്ന് വേണം കരുതാൻ.
undefined
സേവാസദനം എന്ന ചിത്രത്തിലായിരുന്നു എം എസ് ആദ്യമായി അഭിനയിച്ചത്. 1945 -ൽ പുറത്തിറങ്ങിയ മീരയിലെ ഭക്തമീരയെ എം എസ് അനശ്വരയാക്കി. ഈ സിനിമയിലെ മീരാഭജനുകൾ എം എസിന് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. എന്നാൽ, സിനിമയുടെ ആ മായിക ലോകം അവരെ ഒട്ടും ഭ്രമിപ്പിച്ചില്ലെന്ന് മാത്രമല്ല പിന്നീടൊരിക്കലും ആ വഴിക്ക് തിരിഞ്ഞു നോക്കാതെ സംഗീതത്തിന്‍റെ വിസ്മയ ലോകത്ത് തന്നെ സുബ്ബുലക്ഷ്മി വീണ്ടും തിരികെയെത്തി. സംഗീതക്കച്ചേരികളുമായി ഉലകം ചുറ്റുന്നതിൽ അവര്‍ ആനന്ദം കണ്ടെത്തി.
കാലയവനികയ്ക്കുള്ളിൽ ആ സ്വര മാധുരി മറഞ്ഞെങ്കിലും എം.എസ്. സുബ്ബലക്ഷ്മിയുടെ ശ്രീവെങ്കടേശ സുപ്രഭാതം, നമ്മുടെ പ്രഭാതങ്ങളിൽ ഒരു ഉണര്‍ത്തുപ്പാട്ടായി ഇന്നും ഉയരുന്നു. 'കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം....' അതെ, ആ വാനംപാടി നമ്മുക്കിടയില്‍ നിന്നും വിടവാങ്ങി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഓരോ ദിവസത്തിന്‍റെയും പുതു ഊര്‍ജ്ജത്തിലേക്ക് ഒരു ജനതയെ ഉണര്‍ത്തിവിട്ട സ്വരമാധുരിയാണ് ഇന്നും എംഎസ് സുബ്ബുലക്ഷ്മി.