പലരും സിഗരറ്റ് ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട് സ്‌മോക്ക്, താങ്ക്യു.’
First Published | Jun 15, 2021, 11:28 AM ISTമലയാളികളുടെ സ്വന്തം സത്യന്റെ മാഷിന്റെ ഓർമ്മകൾക്ക് ഇന്ന് അമ്പതാണ്ട്. ജീവിതത്തിൽ അധ്യാപകനായും പട്ടാളക്കാരനായും പൊലീസുകാരനായും അഭിനേതാവായും നിറഞ്ഞാടിയ ഒരേയൊരു സത്യൻ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴണമെന്ന് കൊതിച്ച, സിനിമയെ അത്രത്തോളം സ്‍നേഹിച്ചിരുന്നു മഹാനടനായിരുന്നു സത്യൻ. അഭിനയ ചക്രവർത്തി എന്നതിലുപരി സിനിമയിലെയും ജീവിതത്തിലെയും കൃത്യനിഷ്ഠ കൊണ്ടും സ്വഭാവ മഹിമ കൊണ്ടും ജന മനസുകളിൽ സത്യന്റെ തട്ട് ഇന്നും ഉയർന്നു തന്നെയാണ്.
ജീവിതത്തിന്റെ അവസാന കാലത്ത് ഗുരുതരമായ രക്താർബുദത്തോട് പടപൊരുതുകയായിരുന്നു സത്യൻ. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടരുകയായിരുന്നു. ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയിൽ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.
സിനിമയിലെ വലിയ താരമായിരുന്നെങ്കിലും സത്യൻ ഒരിക്കൽപ്പോലും മദ്യപിച്ചോ സിഗരറ്റ് വലിച്ചോ കണ്ടിട്ടില്ലെന്ന് മകൻ സതീഷ് സത്യൻ പറയുന്നു. ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് പക്ഷെ അത് ആരും അറിയരുതെന്ന് നിർബദ്ധമുണ്ടായിരുന്നു സത്യന്. മദ്യപാനം ഒരിക്കലും നല്ല ശീലമല്ലെന്നും ഒരിക്കലും മദ്യപാനി ആകരുതെന്നും സത്യൻ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും സതീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പലയിടത്തും പോകുമ്പോഴൊക്കെ അദ്ദേഹത്തിന് പലരും സിഗരറ്റ് ഓഫർ ചെയ്യും. അപ്പോൾ സത്യൻ കൂളായി പറയും ‘സോറി ഐ ഡോണ്ട് സ്‌മോക്ക്, താങ്ക്യു.’