1846 ല്‍ മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ച അദ്ദേഹത്തിന്‍റെ ധീരവും സാമ്പ്രദായിക രീതികള്‍ക്ക് എതിരായതുമായ നടപടികളിലൂടെ ജാതി-ലിംഗ-മതഭേദമന്യേ എല്ലാവര്‍ക്കും അദ്ദേഹം സംസ്കൃത പഠനം സാധ്യമാക്കിയെന്നും ഉപരാഷ്ട്രപതി അനുസ്മരിച്ചു. പള്ളിക്കൂടം എന്ന പേരില്‍ അദ്ദേഹം എല്ലാ ഇടവക പള്ളികളോടും ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതാണ് അദ്ദേഹത്തിന്‍റെ വിപ്ലവകരമായ സംഭാവന. മാത്രമല്ല, ഈ സ്കൂളുകളില്‍ അദ്ദേഹം ഉച്ച കഞ്ഞി വിതരണം ചെയ്തത് കൂടുതല്‍ കൂട്ടികളെ സ്കൂളിലെത്തിക്കാന്‍ സഹായിച്ചു.
സമാധാനപൂര്‍ണ്ണമായ മനുഷ്യബന്ധങ്ങള്‍ പരിശുദ്ധമാണെന്ന് പഠിപ്പിച്ച അദ്ദേഹത്തെ പോലെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സാമൂഹികമായും സാംസ്കാരികമായും ഒരുമിച്ച് നിര്‍ത്താനും രാജ്യത്തെ മുന്നോട്ട് നയിക്കാനുമുള്ള കാഴ്ചപ്പാടുകളുള്ള ഓരോ ചാവറയച്ചന്മാരെയും ഓരോ സമൂഹത്തിനും ഇന്ന് ആവശ്യമുണ്ടെന്നും ഉപരാഷ്ട്രപതി അനുസ്മരിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാതെ ആദ്യമായി സോന്‍റ് ജോസഫ്സ് പ്രസ് എന്ന സ്ഥാപനം സ്ഥാപിക്കുന്നതിലൂടെ സ്വാശ്രയത്വവും തദ്ദേശീയതയുടെ ശബ്ദവുമാകാന്‍ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. ഇത് സ്വദേശി, അഥവാ ആത്മനിര്‍ഭര്‍ ഭാരത് എന്നിവയ്ക്കുള്ള കേരളത്തിന്‍റെ ആദ്യകാല മാതൃകയായിരുന്നുവെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
കാര്‍മ്മലീത്ത മഠങ്ങളും നിരവധി സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുക വഴി അദ്ദേഹം 19-ാം നൂറ്റാണ്ടില്‍ തന്നെ സ്ത്രീ ശാക്തീകരണത്തിന് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി 1866 ല്‍ തുടങ്ങിയ 'എജ്യൂക്കന്‍റാറ്റ്' (ബോര്‍ഡിംഗ് ഹൌസ്) വഴി നിരവധി സ്ത്രീകള്‍ക്ക് മുന്നോട്ട് വരാന്‍ കഴിഞ്ഞു.
1869 ല്‍ പ്രായമായവരെ സഹായിക്കാനായി അദ്ദേഹം ആലപ്പുഴയിലെ കൈനകരിയില്‍ ആരംഭിച്ച 'ധര്‍മ്മശാല' അഥവാ 'ഉപവിശാല' അശരണര്‍ക്ക് കൈത്താങ്ങായി. അതുപോലെ തന്നെ അദ്ദേഹം ആരംഭിച്ച 'പിടിയരി പ്രസ്ഥാനം' വിഭവസമാഹരണ യജ്ഞത്തിനും ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനും തുടക്കം കുറിച്ച പ്രസ്ഥാനങ്ങളായിരുന്നുവെന്നും ഉപരാഷ്ട്രപതി അനുസ്മരിച്ചു.
'ഒരു മനുഷ്യനെപ്പോലും സഹായിക്കാത്ത ഒരു ദിവസം ഉണ്ടായാല്‍ അതിനെ നീ ജീവിതമായി കണക്കാക്കരുത്' എന്ന് അദ്ദേഹം തന്‍റെ 'ഒരു നല്ല അപ്പന്‍റെ ചാവരുള്‍' എന്ന തന്‍റെ പുസ്തകത്തിലെഴുതി. അതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിത വീക്ഷണം. നവോത്ഥാന ഉണര്‍വിനെ ജീവകാരുണ്യ പ്രവര്‍ത്തനമായും ആഗോളതലത്തിലുള്ള സര്‍വസാഹോദര്യം എന്ന ക്രിസ്ത്യന്‍ മൂല്യവുമായി സമന്വയിപ്പിച്ചയാളാണ് ചാവറയച്ചനെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അനുസ്മരിച്ചു.
കൊവിഡ് മഹാമാരിയൊഴിയുമ്പോള്‍, ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ സ്കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മുതല്‍ മൂന്ന് വരെ ആഴ്ച സാമൂഹ്യസേവനം നിര്‍ബന്ധമാക്കണമെന്നും അതുവഴി കുട്ടികള്‍ക്ക് മറ്റുള്ളവരെ പരിഗണിക്കാനും അവരുമായി പങ്കിടാനും കുട്ടികളെ പ്രാപ്തരാക്കുമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.