എടവണ്ണ പഞ്ചായത്തിലെ അരിമംഗലം എംജിഎൽസി, തൃക്കലങ്ങോട്ടെ തരിക്കുളം, കരുവാരക്കുണ്ടിലെ അരിമണൽ, മഞ്ഞൾപ്പാറ എംജിഎൽസികൾ എന്നീ സ്കൂളുകളിലെ നാനൂറോളം കുട്ടികൾക്കാണ്, ജില്ലയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ പിടിവാശി കാരണം ഉച്ചഭക്ഷണം നിഷേധിക്കപ്പെട്ടത്.
ഇന്നലെ അധ്യയന വര്‍ഷത്തിന്‍റെ ആദ്യദിവസമായതിനാല്‍ ഉച്ചവരെയേ ക്ലാസുകള്‍ ഉണ്ടായിരുന്നൊള്ളൂ. അതിനാല്‍ ഉച്ചയ്ക്ക് ശേഷം കുട്ടികളെ വീട്ടിലേക്ക് പറഞ്ഞച്ചു. എന്നാല്‍ ഉച്ചഭക്ഷണം ഇല്ലാത്തതിനാല്‍ രണ്ടാം ദിവസമായ ഇന്നും കുട്ടികളെ ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയക്കാനാണ് അധ്യാപകരുടെ തീരുമാനം.
മാതാപിതാക്കള്‍ക്ക് വലിയ വരുമാനമൊന്നുമില്ലാത്ത മേഖലകളിലെ കുട്ടികളും, ആദിവാസിമേഖലകളിലെ കുട്ടികളും പഠിക്കുന്ന സ്കൂളുകളാണ് ഇവ. സ്കൂളില്‍ നിന്നും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം പ്രദേശത്തെ കുട്ടികള്‍ക്ക് വലിയൊരു അനുഗ്രഹമായിരുന്നു.
സംസ്ഥാനത്തെ പിന്നാക്ക - ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന 273 ബദൽ സ്കൂളുകൾ ഈ വർഷം മുതൽ പ്രവർത്തിക്കേണ്ടെന്നും, ഇവിടെയുള്ള കുട്ടികളെ തൊട്ടടുത്ത സ്കൂളുകളിലേക്ക് മാറ്റണമെന്നുമുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് സ്കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം (മെയ് 25) മുമ്പാണ് പുറത്തിറക്കിയത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ ഉത്തരവിനെതിരെ മലപ്പുറത്തെ നാല് സ്കൂളുകള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസ് എടുത്ത കോടതി, നാല് സ്കൂളുകളും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണമെന്നും കുട്ടികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പറഞ്ഞയക്കരുതെന്നും ഉത്തരവിട്ടു.
കൂടാതെ ഇവിടെ ജോലി ചെയ്തിരുന്ന വിദ്യാ വളണ്ടിയര്‍മാരെ പറഞ്ഞയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് അനുസരിച്ച് ജൂൺ 1-ന് സ്കൂളിലെത്തിയ കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിന്‍റെ കാര്യത്തില്‍ തീരുമാനമാകാത്തതോടെ തുവ്വക്കാട്ടെ അരിമംഗലം ബദൽ സ്കൂളിലെ 140 കുട്ടികളെയും ഇന്നലെയും ഇന്നും വീട്ടിലേക്ക് പറഞ്ഞയച്ചു.
പ്രദേശത്ത് 19 വർഷമായി പ്രവർത്തിക്കുന്ന സ്കൂളാണ് പെട്ടെന്ന് ഒരു ദിവസം വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ മികച്ച സൗകര്യങ്ങളുള്ള ബദൽ സ്കൂളുകളെ പൂട്ടുന്ന ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തുവരികയായിരുന്നു.
രക്ഷിതാക്കള്‍ സ്കൂള്‍ അടയ്ക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെ സ്കൂള്‍ പിടിഎ കമ്മിറ്റികളാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. പിടിഎ കമ്മറ്റികള്‍ മുൻ എംഎൽഎ അഡ്വ. എം ഉമറിന്‍റെ നേതൃത്വത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് അനുകൂല ഉത്തരവുണ്ടായത്.
''ഇന്നലെയും ഭക്ഷണം കിട്ടീല, ഇന്നും ഭക്ഷണം കിട്ടീല, ഇന്നുച്ചയ്ക്ക് വീട്ടിക്ക് പോണം എന്നാണ് മാഷ്മ്മാര് പറയ്ന്നത്'', സ്കൂളിലെ കുട്ടികൾ പറയുന്നു. ഇന്നലെയും ഇന്നുമായി ഉച്ചയ്ക്ക് ശേഷമുള്ള അധ്യയനം ഈ കുട്ടികൾക്ക് നഷ്ടമായി. വിദ്യാഭ്യാസവകുപ്പിന്‍റെ നടപടി വൈകിയാൽ ഇനിയുള്ള ദിവസങ്ങളിലും ഈ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടമാകും.
ഹൈക്കോടതി ഉത്തരവ് കൈയില്‍ കിട്ടിയില്ല എന്ന മുടന്തന്‍ ന്യായം പറയുന്ന ജില്ലയിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ ദാര്‍ഢ്യം നാല് വിദ്യാലയങ്ങളിലെ പാവപ്പെട്ട് കുരുന്നുകളെ പട്ടിയിലേക്ക് തള്ളിയിടും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ ലോക് ഡൗണ്‍ പിന്‍വലിച്ചതോടെ ചെറിയ തോതില്‍ ജോലികളിലേക്ക് കടന്നതേയുള്ളൂ.
അതിനിടെ സ്കൂള്‍ ചെലവുകളും വന്നതോടെ കുടുംബങ്ങള്‍ പലതും സാമ്പത്തീകമായി ഞെരുക്കത്തിലാണ്. ഈ അവസ്ഥയില്‍ കുട്ടികളുടെ ഉച്ചക്കഞ്ഞി കൂടി നിഷേധിക്കപ്പെടുന്നതോടെ പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നു. മലപ്പുറം ജില്ലയില്‍ മാത്രം 30 ഓളം സ്കൂളുകളാണ് ഇത്തരത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെ തുടര്‍ന്ന് അടച്ചത്.