കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം തടാകം, കാണാൻ സന്ദർശക തിരക്ക്, ആശങ്കയോടെ നാട്ടുകാര്‍

First Published | Oct 25, 2021, 11:42 PM IST

കോഴിക്കോട് വിമാനത്താവളത്തിനു പിന്നിലെ താടാകത്തിന് സമീപത്തു മണ്ണിടിച്ചിലുണ്ടായതോടെ നാട്ടുകാർ ഭീതിയിലാണ്. വിമാനത്താവളത്തിന് തൊട്ടു പിന്നിലുള്ള വെങ്കുളത്തുമാട് പ്രദേശത്തെ താടാകത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്നും നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
 

മണ്ണെടുത്തത് വിമാനത്താവളത്തിനായി

വിമാനത്താവളത്തിനു പിറകുവശം പള്ളിക്കൽ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലാണു വെങ്കുളത്തുമാട്. വർഷങ്ങൾക്കു മുൻപു വിമാനത്താവളത്തിലെ ആവശ്യത്തിനു മണ്ണെടുത്ത് ഇവിടെ തടാകം രൂപപ്പെട്ടിട്ടുണ്ട്. 

സന്ദര്‍ശകരുടെ തിരക്ക് വിനയാകുന്നു

ഇവിടെയെത്തിയാൽ മനോഹരമായ വെള്ളക്കെട്ടും വിമാനത്താവളവും വിമാനങ്ങളും കാണാനാകും എന്നതിനാൽ ദിവസവും സന്ദർശകരുടെ എണ്ണം കൂടുതലാണ്. ഈ തടാകത്തിന്റെ ഒരു വശമാണ് ഇടിഞ്ഞത്.  സന്ദർശകർ വിമാനത്താവളം കാണാൻ എത്തുന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവമറിഞ്ഞ ഉടൻത കരിപ്പൂർ സിഐ ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.


മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കും

സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തിയതായും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുമെന്നും സിഐ  അറിയിച്ചു. പരിസരത്തെ വീട്ടുകാരുടെ ആശങ്ക അകറ്റാൻ തദ്ദേശവാസികളുടെ യോഗം പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചു ചേർക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി പറഞ്ഞു.

ചുറ്റുമതിലിനും ഭീഷണി

തൊട്ടടുത്തു വിമാനത്താവളത്തിന്റെ ചുറ്റുമതിലുണ്ട്. ഈ മതിലിനോടു ചേർന്നു മണ്ണെടുത്തതിനാൽ ഇവിടെയും അപകട ഭീഷണിയുണ്ട്. വിമാനത്താവളത്തിന്റെ റൺവേയും വിമാനം പൊങ്ങുന്നതും ഇറങ്ങുന്നതും ഇവിടെ എത്തിയാൽ വ്യക്തമായി കാണാൻ കഴിയും. അതിനാൽ തന്നെ നിരവധി ആളുകളാണ് ഇവിടെ സന്ദർശിക്കാനെത്തുന്നത്.

Latest Videos

click me!