Earthquake in Afghanistan: മരണം ആയിരം; ദുരന്തമൊഴിയാതെ അഫ്ഗാന്‍ ജനത, ചിത്രങ്ങള്‍ കാണാം

First Published | Jun 23, 2022, 10:38 AM IST

പാകിസ്ഥാൻ (Pakisthan) അതിർത്തിക്ക് അടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലെ (East Afghanistan) ഗ്രാമപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും ഇന്നലെയുണ്ടായ (ജൂൺ 22) ശക്തമായ ഭൂകമ്പത്തില്‍ (earthquake) 1000 ത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഇതുവരെ മരണസംഖ്യ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. നൂറ് കണക്കിനാളുകള്‍ മരിച്ചു എന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കിഴക്കന്‍ മേഖലയിലെ ഖോസ്റ്റ്, പക്തിക പ്രവിശ്യകളിലാണ് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയത്. 1,500 പേർക്ക് പരിക്കേറ്റതായും  അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ദുരന്തത്തിന്‍റെ വ്യാപ്തി വളരെ കൂടുതലാണെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ പുലര്‍ച്ചയോടെയുണ്ടായ ഭൂകമ്പത്തിന്‍റെ വിവരങ്ങള്‍ ഉച്ചയോടുകൂടിയാണ് പുറത്തറിഞ്ഞത്. 

2021 ഓഗസ്റ്റ് 15 ന് യുഎസ് സേനാ പിന്മാറ്റത്തോടെ അധികാരം താലിബാനിന്‍റെ കൈകളില്‍ എത്തിചേര്‍ന്നതിന് പിന്നാലെ അഫ്ഗാനില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി അന്താരാഷ്ട്ര സഹായ ഏജൻസികൾക്ക് അഫ്ഗാനില്‍‌ നിന്ന് പുറത്ത് പോകേണ്ടിവന്നു.

നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര സഹായ ഏജൻസികളുടെ അഭാവത്തില്‍ കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തന ദൗത്യം മന്ദഗതിയിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയാണെന്ന് പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പാണ് അറിയിച്ചത്. 


ഭൂകമ്പത്തോടെപ്പം പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൂടാതെ സങ്കീര്‍ണ്ണമായ മലഞ്ചെരിവുകള്‍ക്ക് ഇടയിലെ ഗ്രാമങ്ങളില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുന്നു. 

ഭൂകമ്പത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കുട്ടികള്‍ ദുരന്തത്തിലാണെന്ന് യുണൈറ്റഡ് നേഷൻസ് ഇന്‍റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് (യുനിസെഫ്) പറഞ്ഞു, ഇന്നലെ പുലർച്ചെ, പക്തിക പ്രവിശ്യയിലെ ഗയാൻ, ബർണാല, നാക, സിറൂക്ക് ജില്ലകളിലും അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ സ്പിറ ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടതായി യൂണിസെഫ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത താലിബാന്‍റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദ, ഈ മഹാദുരന്തത്തിൽ അകപ്പെട്ട അഫ്ഗാൻ ജനതയെ സഹായിക്കാനായി ഒരു ശ്രമം നടത്താന്‍ അന്താരാഷ്ട്ര സമൂഹത്തോടും മാനുഷിക സംഘടനകളോടും അഭ്യർത്ഥിച്ചു.

താലിബാന്‍റെ അഭ്യര്‍ത്ഥന മാനിച്ച് അഫ്ഗാനിലേക്ക് അടിയന്തര സഹായങ്ങളുമായി പ്രത്യേക ടീമിനെ അയച്ചതായി യുഎന്‍ എജന്‍സിയും അറിയിച്ചു. വസ്ത്രങ്ങള്‍, ഭക്ഷണം, മരുന്നുകള്‍ ടെന്‍റുകള്‍, സാനിറ്ററിപാടുകള്‍, ടാര്‍പോളിനുകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങി അടിസ്ഥാന സാധനങ്ങളുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും യുഎന്‍ അറിയിച്ചു. 

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യാ നഗരമായ ഖോസ്റ്റ് നഗരത്തിന് (Khost City) 50 കിലോമീറ്റർ (31 മൈൽ) തെക്ക്-പടിഞ്ഞാറായി പാകിസ്ഥാന്‍റെ അതിർത്തിക്കടുത്താണ് ഭൂകമ്പം നടന്നതെന്നും പാക്കിസ്ഥാന്‍റെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

വംശീയ പഷ്തൂണുകകള്‍ക്ക് ആധിപത്യമുള്ള ഈ പ്രദേശത്ത് ഏതാണ്ട് ഏഴ് ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്ന് കരുതുന്നു. സമുദ്രനിരപ്പില്‍ നിന്നും 2,200  അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശരണ നഗരമാണ് (Sharana city)പക്തിക പ്രവിശ്യാ തലസ്ഥാനം. ഇവിടെ ഗില്‍ജി പഷ്ത്തൂണ്‍ വിഭാഗമാണ് കൂടുതലും.  ഉർഗുൺ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത്. 

അഫ്നാന്‍റെ മറ്റ് പ്രവിശ്യകളെ പോലെ തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ട കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയാണ് പക്തിക, ഖോസ്റ്റ് പ്രവിശ്യകള്‍. അതിദുര്‍ഘടമായ പര്‍വ്വതനിരകള്‍ക്കിടിയില്‍ ചെറിയ തുരുത്തുകള്‍ പോലെയാണ് ഗ്രാമങ്ങള്‍ നിലനിന്നിരുന്നത്. 

ഏറെ ദൂര്‍ഘടമായ പര്‍വ്വത പ്രദേശമായതിലാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയാണ്.  പ്രദേശിക വിഭവങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകളാണ് പ്രദേശത്ത് കൂടുതലായും ഉള്ളത്. മണ്ണ് കട്ടകളും കമ്പും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകളെല്ലാം തന്നെ നിലം പൊത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പക്തികയിൽ 90 വീടുകൾ തകർന്നതായും ഡസൻ കണക്കിന് ആളുകള്‍ മരിച്ചതായും ഇന്നലെ സർക്കാർ നടത്തുന്ന ബക്തർ വാർത്താ ഏജൻസിയുടെ ഡയറക്ടർ ജനറൽ അബ്ദുൾ വാഹിദ് റയാൻ ട്വിറ്റ് ചെയ്തിരുന്നു. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നതായും പല വിദൂര സ്ഥലങ്ങളിലേക്കും ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

താലിബാൻ ഗവൺമെന്‍റിന്‍റെ ഡെപ്യൂട്ടി വക്താവ് ബിലാൽ കരീമി, മരണസംഖ്യ വെളിപ്പെടുത്തിയില്ലെങ്കിലും പക്തികയിലെ നാല് ജില്ലകളെ നടുക്കിയ ഭൂകമ്പത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേൽക്കുകയും ട്വിറ്ററിൽ കുറിച്ചു. 

“കൂടുതൽ ദുരന്തം തടയാൻ പ്രദേശത്തേക്ക് ഉടൻ ടീമുകളെ അയയ്ക്കാൻ ഞങ്ങൾ എല്ലാ സഹായ ഏജൻസികളോടും അഭ്യർത്ഥിക്കുന്നു,” അദ്ദേഹം എഴുതി. ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ജില്ലയിൽ മാത്രം, ഭൂകമ്പത്തിൽ 25 പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.

കാബൂളിൽ, പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ്, പക്തികയിലും ഖോസ്റ്റിലും ഇരകൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രാഷ്ട്രപതിയുടെ കൊട്ടാരത്തിൽ അടിയന്തര യോഗം വിളിച്ചു. 

“പ്രതികരണം അതിന്‍റെ വഴിയിലാണ്” അഫ്ഗാനിസ്ഥാനിലെ യുഎൻ റെസിഡന്‍റ് കോർഡിനേറ്റർ റമീസ് അലക്ബറോവ് ട്വിറ്ററിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാക്കിസ്ഥാന്‍റെ ചില വിദൂര പ്രദേശങ്ങളിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. 

എന്നാൽ ഇത് മഴ മൂലമാണോ ഭൂകമ്പം മൂലമാണോ എന്ന് വ്യക്തമല്ലെന്ന് പ്രദേശത്തെ ദുരന്ത നിവാരണ വക്താവ് തൈമൂർ ഖാൻ അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭൂകമ്പത്തിൽ അനുശോചനം രേഖപ്പെടുത്തി. അഫ്ഗാൻ ജനതയ്ക്ക്  സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലായി 119 ദശലക്ഷം ആളുകൾക്ക് 500 കിലോമീറ്ററിലധികം (310 മൈൽ) പ്രദേശത്ത് ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യൻ ഭൂകമ്പശാസ്ത്ര ഏജൻസിയായ ഇഎംഎസ്‍സി (MSC) റിപ്പോര്‍ട്ട് ചെയ്തു. 

പാകിസ്ഥാന്‍ അതിര്‍ത്ഥി പ്രദേശമായ കിഴക്കന്‍ അഫ്ഗാന്‍ ഭൂകമ്പങ്ങള്‍ക്ക് പേരുകേട്ട പ്രദേശമാണ്. പര്‍വ്വതനിരകളാല്‍ സമ്പന്നമാണ് ഇവിടം. ഹിന്ദുകുഷ് പർവതനിരകളോട് ചേരുന്ന ദക്ഷിണേഷ്യയിലെ  ഈ വലിയ പ്രദേശവും വിനാശകരമായ ഭൂകമ്പങ്ങൾക്ക് വളരെക്കാലമായി പേരുകേട്ടതാണ്. 

2015-ൽ, രാജ്യത്തിന്‍റെ വടക്ക്-കിഴക്കൻ മേഖലയിൽ ഉണ്ടായ ഒരു വലിയ ഭൂകമ്പത്തിൽ അഫ്ഗാനിസ്ഥാനിലും അയൽരാജ്യമായ വടക്കൻ പാക്കിസ്ഥാനിലുമായി 200-ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 

2002 -ൽ വടക്കൻ അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. 1998-ൽ, അതേ ശക്തിയുള്ള മറ്റൊരു ഭൂകമ്പത്തില്‍ അഫ്ഗാനിസ്ഥാന്‍റെ വിദൂര വടക്കുകിഴക്കൻ പ്രദേശത്ത് കുറഞ്ഞത് 4,500 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. 

Latest Videos

click me!