വാട്‌സ് ആപ്പിലും ഡിസ്സപ്പിയറിങ് മെസേജ് സൗകര്യം വരുന്നു, ബീറ്റ വേര്‍ഷന്‍ പുറത്തിറങ്ങി

By Web Team  |  First Published Nov 27, 2019, 9:50 PM IST

ഫീച്ചര്‍ ഇപ്പോഴും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ അപ്‌ഡേറ്റ് വിവരങ്ങള്‍ ഗൂഗിള്‍പ്ലേ സ്‌റ്റോറില്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല


ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനു വേണ്ടി വാട്‌സ് ആപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ഡിലീറ്റ് ഫീച്ചര്‍ പുറത്തിറങ്ങി തുടങ്ങി. കൂടുതല്‍ ബഗുകള്‍ ഇല്ലാത്തൊരു പതിപ്പാണ് ഇപ്പോള്‍ വാട്‌സ് ആപ്പ് ലക്ഷ്യമിടുന്നത്. ഒരു മെസേജ് എപ്പോള്‍ ഡിലീറ്റ് ചെയ്യണമെന്ന് ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. അതായത്, ഒരു മെസേജ് ഒരു മണിക്കൂര്‍ കഴിഞ്ഞോ, ഒരു ദിവസം കഴിഞ്ഞോ, ഒരു മാസം കഴിഞ്ഞോ ഡിലീറ്റ് ചെയ്താല്‍ മതിയെങ്കില്‍ അങ്ങനെ ചെയ്യാന്‍ പുതിയ പതിപ്പില്‍ വാട്‌സ് ആപ്പ് അനുവദിക്കും. 2.19.348 ബീറ്റാപതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാമില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഇത് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം. എപികെ മിറര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും മാനുവലായി എപികെ ഡൗണ്‍ലോഡ് ചെയ്തു വേണമെങ്കിലും ഉപയോഗിക്കാനാകും.

ഫീച്ചര്‍ ഇപ്പോഴും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ അപ്‌ഡേറ്റ് വിവരങ്ങള്‍ ഗൂഗിള്‍പ്ലേ സ്‌റ്റോറില്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്നില്ല. ഡിലീറ്റ് മെസേജ് എന്നതിനു പകരം ഡിസപ്പിയറിങ് മെസേജ് എന്നാക്കി ഈ ഫീച്ചറിനെ ഇപ്പോള്‍ അവതരിപ്പിക്കുന്നുണ്ട്. തന്റെ സന്ദേശം എത്രസമയം മറ്റൊരാളുടെ ചാറ്റ് വിന്‍ഡോയില്‍ നിലനിര്‍ത്തണമെന്ന് നിശ്ചയിക്കാനുള്ള ഈ സ്വാതന്ത്ര്യം വരുന്നതോടെ ഈ ചാറ്റ് ആപ്പിനു കൂടുതല്‍ ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Latest Videos

undefined

ഈ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റിങ്ങിലാണ് ഏറ്റവും കൂടുതല്‍ പ്രയോജനകരമാകുക. ഗ്രൂപ്പ് അഡ്മിന് ഇത് അതാതു ഗ്രൂപ്പുകളില്‍ ഇനേബിള്‍ ചെയ്യാനുള്ള സൗകര്യം നല്‍കിയിരിക്കുന്നു. കോണ്ടാക്ട് ഇന്‍ഫോ അല്ലെങ്കില്‍ ഗ്രൂപ്പ് സെറ്റിങ്ങ് എന്നിടത്തു നിന്ന് ഇത് ടോഗിള്‍ ചെയ്യാനാവും. ഗ്രൂപ്പുകളില്‍ കുമിഞ്ഞുകൂടുന്ന ആയിരക്കണക്കിനു സന്ദേശങ്ങള്‍ക്കിടയില്‍ തന്റെ സന്ദേശം എത്ര നേരം അവിടെ നിലനിര്‍ത്തണമെന്ന് ഇനി സന്ദേശം അയയ്ക്കുന്നയാളിനു തന്നെ തീരുമാനിക്കാനാവും. ഉദാഹരണത്തിന് അഞ്ച് ഓപ്ഷനുകളിലൊന്നായ ഒരു മണിക്കൂര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ ഒരു മണിക്കൂറിനു ശേഷം നിങ്ങള്‍ ഗ്രൂപ്പിലിട്ട സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും. മറ്റൊരു ഉപയോക്താവിന് സമയം മെനക്കെടുത്തിയിരുന്ന് നിങ്ങളുടെ വായിച്ച സന്ദേശം ഡിലീറ്റ് ചെയ്യുകയോ, ക്ലിയര്‍ ചെയ്ത് ഒഴിവാക്കുകയോ വേണ്ട. എന്നാല്‍ ഇത്തരമൊരു ഫീച്ചര്‍ ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. സോഷ്യല്‍ മീഡിയയില്‍ ഒരു പക്ഷേ ഇതു കൊണ്ടു വരുന്ന അവസാനത്തെ കമ്പനിയാവും വാട്‌സ് ആപ്പ്. മുന്‍പ് തന്നെ സ്‌നാപ്പ്ചാറ്റ്, ടെലിഗ്രാം എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ നല്‍കിയിരുന്നു.

മുന്‍പ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ മാനുവലായി ഡിലീറ്റ് ചെയ്യുമ്പോള്‍ ഇത് മറ്റൊരാള്‍ക്ക് അറിയാന്‍ കഴിയുമായിരുന്നു. മെസേജ് ഡിലീറ്റ് ചെയ്തു എന്ന സന്ദേശം ലഭിക്കുമായിരുന്നുവെങ്കില്‍ മെസേജ് ഡിസ്സപ്പിയറിങ്ങില്‍ അതുണ്ടാവുകയുമില്ല.

click me!