മൊബൈല്‍ വിപണിയിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങി മൈക്രോസോഫ്റ്റ്

By Web Team  |  First Published Oct 3, 2019, 5:22 PM IST

തങ്ങളുടെ തിരിച്ചുവരവ് അറിയിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് സര്‍ഫസ് ഡൂവോ എന്ന സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചത്. 


ന്യൂയോര്‍ക്ക്: സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് പുതിയ പരീക്ഷണവുമായി മൈക്രോസോഫ്റ്റ് രംഗത്ത്. ന്യൂയോര്‍ക്കിലെ ഈവന്‍റിലാണ് സ്മാര്‍ട്ട്ഫോണ്‍ രംഗത്തേക്ക് തങ്ങളുടെ തിരിച്ചുവരവ് അറിയിച്ചുകൊണ്ട് മൈക്രോസോഫ്റ്റ് സര്‍ഫസ് ഡൂവോ എന്ന സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചത്. ഒരു പുസ്തകം പോലെ അടച്ചുവയ്ക്കാവുന്ന 5.6 ഇഞ്ച് വലിപ്പത്തിലുള്ള സ്ക്രീനുകള്‍ സംയോജിപ്പിച്ചാണ് ഈ ഫോണ്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഗൂഗിള്‍ ആന്‍ഡ്രോയ്ഡിലായിരിക്കും ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. തങ്ങളുടെ ഇരട്ട സ്‌ക്രീന്‍ ഫോണിനായി ആന്‍ഡ്രോയിഡില്‍ ആവശ്യമായ മാറ്റങ്ങള്‍ മൈക്രോസോഫ്റ്റ് വരുത്തിയിട്ടുണ്ട്. ഇന്റലിന്‍റെ പ്രോസസറാണ് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ ആപ്പുകളെ കസ്റ്റമറൈസ് ചെയ്ത് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാലത്ത് തങ്ങളുടെ സോഫ്റ്റ്വെയര്‍ രംഗത്തെ ആധിപത്യം വച്ച് മൊബൈല്‍ രംഗത്ത് ഇറങ്ങി പൊളിഞ്ഞ അനുഭവം ഉള്ളതിനാല്‍ ഇത്തവണ എതിരാളികളുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് മൈക്രോസോഫ്റ്റ് ശ്രമം എന്ന് വ്യക്തം. 

Latest Videos

undefined

ഈ ഫോണിന്‍റെ അതേ മോഡലില്‍ 9- ഇഞ്ചില്‍ മടക്കാവുന്ന ടാബ്ലൈറ്റും മൈക്രോസോഫ്റ്റ് പുറത്തിറക്കി. ഒരു കൗമരക്കാരനെപ്പോലെ തന്നെ ആവേശഭരിതനാക്കുന്ന പ്രോഡക്ടുകളാണ് ഇതെന്നാണ് മൈക്രോസോഫ്റ്റ് മേധാവി സത്യ നടേല്ല ഇത് സംബന്ധിച്ച് പറഞ്ഞത്.

അടുത്തവര്‍ഷത്തോടെ മാത്രമേ ഈ ഫോണ്‍ വിപണിയില്‍ എത്തു എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിനാല്‍ തന്നെ ഇതിന്‍റെ വില എത്രയാണ് എന്നത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തല്‍ ഒന്നും നടത്തുന്നില്ല. 

അതേ സമയം മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം ടെക് ലോകത്ത് വന്‍ വാര്‍ത്തയാകുകയാണ്. സര്‍ഫസ് ഡൂവോയും നിയോയും ഗാഡ്ജറ്റ് രംഗത്ത് വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് സി-നെറ്റ് അടക്കമുള്ള ടെക് സൈറ്റുകള്‍ പറയുന്നത്. ഫോള്‍ഡിങ് ഫോണുകളുടെ രണ്ടാം സ്മാര്‍ട്ട് വരവിന് തുടക്കമിട്ട സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് വിപണിയില്‍ ചലനം ഉണ്ടാക്കിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം എന്നതും വലിയ സൂചനയാണ് നല്‍കുന്നത്.

മുന്‍പ് ലോക മൊബൈല്‍ വിപണിയില്‍ 20 ശതമാനത്തിന് അടുത്ത് പങ്കാളിത്തം ഉണ്ടായിരുന്നു മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം പൂര്‍ണ്ണമായും പരാജയപ്പെട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. ഒരു കാലത്ത് ലോക വിപണിയില്‍ മുന്‍പന്മാരായ നോക്കിയ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു ഉപയോഗിച്ചിരുന്നത്.

click me!