Pegasus issue : കൊത്തിക്കൊത്തി മുറത്തിൽ കേറി കൊത്തി പെഗാസസ്; ചോർത്തിയത് നെതന്യാഹുവിന്റെ മകന്റെയടക്കം വിവരങ്ങൾ

By Web Team  |  First Published Feb 7, 2022, 3:05 PM IST

പെഗാസസ് സോഫ്റ്റ്‌വെയർ ഇസ്രായേലി പൊലീസ് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ള കുറ്റസമ്മതവും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്.


ഇസ്രായേൽ പോലീസും മൊസാദും ചേർന്ന്, അവരുടെ അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ആരുടെയും വിവരങ്ങൾ ചോർത്താൻ വേണ്ടി പെഗാസസ് എന്ന കമ്പനിയുടെ സോഫ്റ്റ്‌വെയർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് നമ്മൾ ഏറെക്കാലമായി കേൾക്കുന്ന ആക്ഷേപമാണ്. ഇതേ വിഷയത്തിൽ ഏറ്റവും പുതിയ ഒരുപിടി ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് ഇസ്രായേലിലെ ഇടതുചായ്വുള്ള പത്രമായ കാൽക്കലിസ്റ്റ്. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ അടക്കമുള്ള പലരുടെയും വിവരങ്ങൾ ഇതിനോടകം തന്നെ പെഗാസസ് വഴി ചോർത്തപ്പെട്ടിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം ഈ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. 

പെഗാസസ്  എന്നത് ഒരു മാൽവെയർ പറഞ്ഞുവിട്ട്, വിദൂരത്തിലിരിക്കുന്ന ഫോണുകളിൽ നുഴഞ്ഞുകയറി അതിലെ നിർണായക വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്ന ഒരു ഹാക്കിങ് സോഫ്റ്റ്‌വെയർ ആണ്. ലോകമെമ്പാടുമുള്ള ഇന്റലിജൻസ് ഏജൻസികൾക്ക് വൻവിലയ്ക്ക് വിൽക്കപ്പെടുന്ന ഈ പാക്കേജ്, അതിന്റെ നിയമവിരുദ്ധമായ ഉപഭോഗം നിമിത്തം പലയിടത്തും ദുഷ്‌പേര് കേട്ടുവരുന്ന ഒന്നാണ്. ലക്‌ഷ്യം വെക്കുന്ന ഫോണിന്റെ കാമറ, മൈക്ക് തുടങ്ങിയവ ഇരയുടെ അറിവോ സമ്മതമോ കൂടാതെ തന്നെ പ്രവർത്തിപ്പിക്കാനുള്ള ശേഷിയും പെഗാസസിനുണ്ട്

Latest Videos

undefined

കാൽക്കലിസ്റ്റ് പത്രത്തെ ഉദ്ധരിച്ചുകൊണ്ട് ഹാരെറ്റ്സ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം പെഗാസസിന്റെ ഹാക്കിങ് ടൂൾ ഇങ്ങനെ ഉപയോഗിക്കുന്നതിനു മുമ്പ് കോടതിയിൽ നിന്ന് നിയമപരമായ യാതൊരു വിധ അനുമതിയും ഗവണ്മെന്റ് തേടിയിട്ടില്ല. നെതന്യാഹുവിന്റെ മകൻ അവനർ, അദ്ദേഹത്തിന്റെ കേസിലെ കൂട്ടുപ്രതി ഐറിസ് എലോവിച്ച്, അംഗപരിമിതരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന എൻജിഒയുടെ മേധാവികൾ, വല്ല ന്യൂസ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാർ, ബിസിനസുകാരൻ റാമി ലേവി, ധനവകുപ്പിൽ മുതിർന്ന ബ്യൂറോക്രാറ്റുകൾ എന്നിവർ ഈ ലിസ്റ്റിൽ പെട്ടിട്ടുണ്ട്. നെതന്യാഹുവിന്റെ മീഡിയ ഉപദേഷ്ടാക്കളായ ടോപാസ് ലുക്ക്, യോനാഥൻ യൂറിച്ച്, തൊഴിലാളി യൂണിയൻ നേതാവ് യായിർ കാറ്റ്‌സ് എന്നിവരും ഇങ്ങനെ നിരീക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.

പലരുടെയും ഫോണുകൾ പെഗാസസ് സോഫ്റ്റ്‌വെയർ വഴി ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷം, ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി ഒരു ആഭ്യന്തര മന്ത്രി ഐലെറ്റ് ഷാക്ക്ഡ് ഉത്തരവിട്ടിട്ടുണ്ട്. ആക്ഷേപങ്ങളിൽ സത്യമുണ്ടെങ്കിൽ ഇത് വലിയ കോളിളക്കങ്ങൾ ഉണ്ടാക്കാൻ പോന്ന ഒരു വാർത്തയാണ് എന്നും മന്ത്രി പ്രതികരിച്ചു. പെഗാസസ് സോഫ്റ്റ്‌വെയർ ഇസ്രായേലി പൊലീസ് ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ള കുറ്റസമ്മതവും കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ വിരമിച്ച പൊലീസ് ചീഫ് റോണി ആഷ്‌ലീച്ചിന്റെ കാലത്താണ്  ഈ ദുരുപയോഗങ്ങൾ നടന്നിട്ടുള്ളത് എന്നാണ് പൊലീസ് അധികാരികളുടെ പ്രതികരണം. ഇസ്രായേലിൽ നിലവിൽ വിചാരണയിലുള്ള പല സുപ്രധാന കേസുകളുടെയും ഭാവിയെ ബാധിക്കുന്ന ഒന്നാണ് നിയമത്തിന്റെ പരിധിക്ക് പുറത്തുകടന്നുള്ള ഈ പെഗാസസ് അതിക്രമം എന്നും സൈബർ നിയമ വിദഗ്ധർ അവകാശപ്പെടുന്നു. 

click me!