ഈ ആപ്പുകള്‍ ഒരു 'ആപ്പ്' ആകുമെന്ന് മുന്നറിയിപ്പ്; വേഗം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ

By Web Team  |  First Published Nov 7, 2019, 5:51 PM IST

ചില ആപ്പുകള്‍ സ്മാര്‍ട്ട് ഗാഡ്ജറ്റിന്റെ വേഗത കുറയ്ക്കുകയും നിരവധി പരസ്യങ്ങള്‍ കാണിക്കുന്നതിനു വേണ്ടി അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവയെല്ലാം തന്നെ മാല്‍വെയര്‍ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്


കൊച്ചി: പ്ലേസ്റ്റോറിലെ ചില ആപ്പുകള്‍ അതീവ അപകടകാരികളാണെന്ന് ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ഇവയെല്ലാം തന്നെ പ്ലേസ്റ്റോറില്‍ നിന്ന് മാറ്റിയിട്ടുണ്ട്. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് ജാഗ്രത നിര്‍ദ്ദേശം. ഐസോഫ്റ്റ് വികസിപ്പിച്ച മൂന്ന് ആപ്പുകളായ അലാറം ക്ലോക്ക്, കാല്‍ക്കുലേറ്റര്‍, ഫ്രീ മാഗ്നിഫൈയിങ് ഗ്ലാസ് എന്നിവയും ലിസോട്ട്മിറ്റിസ് എന്ന കമ്പനി രൂപകല്‍പ്പന ചെയ്ത രണ്ട് ആപ്പുകളായ മാഗ്നിഫൈയര്‍ (മാഗ്നിഫൈയിങ് ഗ്ലാസ് വിത്ത് ഫ്ലാഷ് ലൈറ്റ്), സൂപ്പര്‍ ബ്രൈറ്റ് ഫ്ലാഷ് ലൈറ്റ്, പമ്പ് ആപ്പ് വികസിപ്പിച്ച മാഗ്നിഫൈയിങ് ഗ്ലാസ്, സൂപ്പര്‍ ബ്രൈറ്റ് എല്‍ഇഡി ഫ്ലാഷ് ലൈറ്റ് എന്നിവയാണ് ഉപദ്രവകാരികള്‍.

ഇവ നിങ്ങളുടെ ഗാഡ്ജറ്റുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ വൈകാതെ തന്നെ നീക്കണമെന്നാണ് മുന്നറിയിപ്പ്. ഇവ നിങ്ങളുടെ സ്മാര്‍ട്ട് ഗാഡ്ജറ്റിന്റെ വേഗത കുറയ്ക്കുകയും, നിരവധി പരസ്യങ്ങള്‍ കാണിക്കുന്നതിനു വേണ്ടി അനിയന്ത്രിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

Latest Videos

undefined

ഇവയെല്ലാം തന്നെ മാല്‍വെയര്‍ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്ലേ സ്റ്റോറില്‍ ആപ്പുകള്‍ അവയ്‌ലെബിള്‍ ആക്കുമ്പോള്‍ നിരുപദ്രവകാരികളായും പിന്നീട് അപ്‌ഡേറ്റുകളിലൂടെ മാല്‍വെയര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ഈ മൂന്നു കമ്പനികളെയും ഗൂഗിള്‍ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തി കഴിഞ്ഞു. 

ഈ ആപ്പുകള്‍ ഡ്രോപ്പര്‍ ആപ്പുകളായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് ഇവയെല്ലാം ആന്‍ഡ്രോയിഡ് സുരക്ഷാവലയത്തില്‍ പെട്ടത്. ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഉപയോക്താവിന്റെ സമ്മതമില്ലാതെ സ്വയം ഇന്‍സ്റ്റാള്‍ ആകുന്ന ആപ്പുകളെയാണ് ഡ്രോപ്പര്‍ ആപ്പുകള്‍ എന്നു വിവക്ഷിക്കുന്നത്.

മാല്‍വെയര്‍ പിന്തുണക്കുന്ന ആപ്പുകളെ നിയന്ത്രിക്കുന്നതിനു വേണ്ടി ഗൂഗിള്‍ വന്‍ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഈ പ്രൊജക്ടിന്റെ ഭാഗമായാണ് ഇപ്പോള്‍ ആപ്പുകളെ ഒഴിവാക്കിയത്. ഇവയുടെ എപികെ (ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജ്) പൂര്‍ണ്ണമായും നിങ്ങളുടെ ഗാഡ്ജറ്റുകളില്‍ നിന്നും അടിയന്തരമായി എടുത്തു കളയണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 145 രാജ്യങ്ങളില്‍ നിന്നായി 3.4 ദശലക്ഷം ഉപയോക്താക്കളാണ് ഗൂഗിള്‍ പ്ലേസ്റ്റോറിലുള്ളത്.

click me!