സിനിമാ ലൈനപ്പിലെ പുതിയ തലമുറക്കാരനാവുകയാണ് EOS R5C. കാനോൺ EOS R5 ന്‍റെ ഫീച്ചേഴ്സും ഒരു സിനിമ ക്യാമറയുടെ പെർഫോർമൻസും ഒത്തുചേരുന്ന ഒരു ഹൈബ്രിഡ് ക്യാമറായാണ് EOS R5C - പിടി മില്‍ട്ടണ്‍ എഴുതുന്നു
കാനോണ്‍ വിപണിയിലിറക്കുന്ന ഓരോ പുതിയ ക്യാമറയും നിലവിലെ ട്രെന്‍റിനെ അട്ടിമറിക്കുന്നതാണ്. പിന്നീട് ആ ക്യാമറ തന്നെ മറ്റൊരു ട്രന്‍റായി വിപണി കീഴടക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. 2005 ല്‍ പുറത്തിറങ്ങിയ 5D മുതൽ മിറർലെസ്സ് ക്യാമറകളിലെ വിപ്ലവമായ EOS R വരെ അതിന് ഉദാഹരണങ്ങളാണ്. ക്യാമറ, ലെന്‍സ് എന്നിവയുടെ കാര്യത്തില്‍ കാലത്തിന് മുമ്പേ നടക്കാനുള്ള ശ്രമങ്ങള്‍ കാനോണിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.
മൂന്നരലക്ഷം രൂപയിൽ താഴെ വിലവരുന്ന ക്യാമറയിൽ 8K റസല്യൂഷൻ ഷൂട്ട് ചെയ്യാമെന്ന കാനോണിന്‍റെ വാഗ്ദാനം ഡിഎസ്എല്‍ആര്‍ ഉപയോഗിക്കുന്നവരെയെല്ലാം ഞെട്ടിച്ച ഒന്നായിരുന്നു. തുടക്കത്തിൽ ക്യാമറ ചൂടാകുന്നതും, തുടർച്ചയായി റെക്കോർഡ് ചെയ്യാൻ സാധിക്കില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും തുടർന്നുണ്ടായ അപ്ഡേറ്റുകളിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു.
undefined
താരതമ്യേന കുറഞ്ഞ വിലയുള്ള ഒരു ചെറിയ ക്യാമറയിൽ 8K റസല്യൂഷനിൽ ഷൂട്ട് ചെയ്യാനാവുമെന്ന കാനോണിന്‍റെ സാങ്കേതികത്വം ചെറുതല്ലാത്ത കയ്യടി അർഹിക്കുന്നുണ്ട്.
കാനോൺ C70 ആയിരുന്നു അവരുടെ സിനിമ ലൈനപ്പ് ക്യാമറകളിലെ കുഞ്ഞൻ ക്യാമറ. കാനോൺ DSLR ഫ്ലാഗ്ഷിപ്പ് ക്യാമറയായ 1Dയെ ഓർമിപ്പിക്കുന്ന രൂപവും ക്വാളിറ്റിയിലും പെർഫോർമൻസിലും സിനിമ ലൈനെപ്പിലെ C300 മാർക്ക് 2വിനോട് ചേർന്നു നിൽക്കുന്ന നെറ്റ്ഫ്ലിക്സ് അപ്രൂവൽ ഉള്ള സിനിമ ക്യാമറയാണ് C70
ഈ സിനിമാ ലൈനപ്പിലെ പുതിയ തലമുറക്കാരനാവുകയാണ് EOS R5C. കാനോൺ EOS R5 ന്‍റെ ഫീച്ചേഴ്സും ഒരു സിനിമ ക്യാമറയുടെ പെർഫോർമൻസും ഒത്തുചേരുന്ന ഒരു ഹൈബ്രിഡ് ക്യാമറായാണ് EOS R5C. ഇതിന് മുമ്പ് ഇത്തരത്തിലൊരു സംയുക്ത സാങ്കേതികത്വം ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. നേരെ നിന്നുള്ള കാഴ്ച്ചയിൽ R5 യുമായി EOS R5C ന് വലിയ വ്യത്യാസങ്ങളില്ല.
മുകളിൽ നിന്നുള്ള കാഴ്ച്ചയിലും ഡയലുകളിലും എന്തിന് ഇലക്ട്രോണിക് മോഡുകൾ മാറ്റുന്നത് പോലും മുകളിലുള്ള ആ ചെറിയ ഡിസ്‌പ്ലേയിൽ തന്നെയാണ്. പ്രകടമായ ഒരു വ്യത്യാസം, ഓൺ ഓഫ് സ്വിച്ച് ഫോട്ടോ, ഓഫ്, വീഡിയോ എന്നിങ്ങനെ മൂന്ന് പോയന്‍റിലേക്കായി പുനഃക്രമീകരിച്ചിട്ടുണ്ട് എന്നതാണ്. R5 ൽ ഉണ്ടായിരുന്ന വീഡിയോ റെക്കോർഡ് ബട്ടൺ ഒരു യൂസർ അസൈൻ ബട്ടണായി മാറിയിട്ടുണ്ട്. സൈഡിൽ നിന്നും പുറകിൽ നിന്നുമുള്ള കാഴ്ച്ചയിലാണ് ക്യാമറയുടെ വ്യത്യാസം മനസിലാകുക.
LCDക്ക് തൊട്ട് പുറകിലായി അകത്തുനിന്നുള്ള ചൂട് വായു പുറം തള്ളാനായി കൂളിംഗ് സംവിധാനം കൃത്യമായി ക്രമീകരിച്ചിരിച്ചിട്ടുണ്ട്. കാനൺ C70 യിലേതുപോലെ 13 അസൈൻ ബട്ടൺസ് R5C ലുമുണ്ട്. സ്റ്റിൽ ക്യാമറകളിൽ വീഡിയോ എടുക്കാമെന്ന സാധ്യത ഇനി പഴങ്കഥയാവുകയാണ്. വീഡിയോ ക്വാളിറ്റിയിൽ മാറ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അപ്പോഴും മേൽക്കോയ്മ ഉണ്ടായിരുന്നത് സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് തന്നെയായിരുന്നു. വീഡിയോയിൽ കൃത്യമായൊരു മോണിറ്ററിങ്ങ്, അതിന്‍റെ ബട്ടൺ ലേഔട്ട്, മെനു, കോഡെക് ഓപ്ഷന്‍സ്, കളർ, എന്തിനധികം പറയുന്നു ടൈം കോഡ് ഓപ്ഷൻസ് പോലും വീഡിയോ കേന്ദ്രീകൃതമായിരുന്നില്ല. വീഡിയോ കേന്ദ്രീകൃതമായിട്ടുള്ള ക്യാമറകൾ വീഡിയോ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന അല്ലെങ്കിൽ തെരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം എത്രയുണ്ടാകും ? അങ്ങനെ തെരഞ്ഞെടുക്കപ്പെടാതെ പോകുന്നതിന്‍റെ കാരണം ഒരു പക്ഷേ വീഡിയോ ക്യാമറകളുടെ വില തന്നെയായിരിക്കാം. ഇവിടെയാണ് EOS R5C ഏറ്റവും അനുയോജ്യമാകുന്നതും.
വീഡിയോ ഷൂട്ടേഴ്സിന് വേണ്ടി ക്വാളിറ്റി കുറയാത്ത എന്നാല്‍ വില കുറഞ്ഞ ഒരു വീഡിയോ ക്യാമറ. അതും ഒരു സ്റ്റിൽ ക്യാമറയുടെ വലുപ്പം മാത്രമുള്ള ബോഡിയിൽ, അതാണ് ഏറ്റവും ചുരുങ്ങിയ വാക്കില്‍ EOS R5C. 8K യിൽ 30 FPS, 4K 120 FPS, വും ഷൂട്ട് ചെയ്യാം. പവർ കണക്ട് ചെയ്താൽ 8K യിൽ 60 FPS ഷൂട്ടും സാധ്യം. RF മൗണ്ട്, 48 മെഗാപിക്സിൽ CMOS സെൻസർ, തുടർച്ചയായ റെക്കോർഡിങ്ങ്, ഡ്യൂവൽ പിക്സിൽ ഓട്ടോ ഫോക്കസിങ്ങ് സംവിധാനം... അങ്ങനെ നീണ്ടു പോകുന്നു ഇതിന്‍റെ സവിശേഷതകൾ.
രണ്ടു കാർഡ് സ്ലോട്ടുകളാണ് ഇതിലുള്ളത്. ഒരു SD കാർഡ് സ്ലോട്ടും, CF express (Type B) കാർഡ് സ്ലോട്ടും ഒരേ സമയം ഇരു കാർഡുകളിലും വ്യത്യസ്ത ഫോർമാറ്റുകളിൽ റെക്കോർഡ് ചെയ്യാം. റിലേ റെക്കോർഡിങ്ങും സാധ്യമാണ്. R5ൽ ഉപയോഗിക്കുന്ന LP-E6 ബാറ്ററി തന്നെയാണ് ഈ ക്യാമറയിലുമുള്ളത്. ഫോട്ടോമോഡിൽ മുൻ മോഡലുകളിൽ കണ്ടുവരുന്ന മെനു സ്റ്റൈൽ ആണ് വീഡിയോ മോഡിൽ.
കാനോൺ സിനിമ ക്യാമറകളായ C300, C70 എന്നീ ക്യാമറകളുടേതിന് സമാനായ മെനു ലേഔട്ട് ആണ് ഇതിലുള്ളത്. വിഡിയോ മോണിറ്ററിങ്ങിനായി LUT അസിസ്റ്റ്, വേവ്‌ഫോം മോണിറ്റർ, ഫാൾസ് കളർ, സീബ്രാ, ഫോക്കസ് പീക്കിങ് എന്നീ സംവിധാനങ്ങളുമുണ്ട്.
ഇൻബോഡി സ്റ്റെബിലൈസേഷൻ, ഇൻട്രലൈസ്ഡ് റെക്കോർഡിങ്, അനാമോർഫിക് ലെന്‍സ് സപ്പോർട്ട് എന്നിവ ഇല്ലാത്തതാണ് EOS R5 വുമായുള്ള EOS R5C യുടെ പ്രധാന വ്യത്യാസങ്ങൾ ഫുൾ സൈസ് HDMI പോർട്ട് ഇന്‍റേണൽ ND ഫിൽറ്റേഴ്സ്, BPU ശ്രേണിയിലുള്ള ബാറ്ററി, ഒന്നിലധികം ഓഡിയോ ഇൻപുട്ട് എന്നീ പ്രധാന ഫീച്ചേഴ്സ് ഇല്ലാത്തതുമാണ് കാനോൺ EOS C70 യിൽ നിന്നും EOS R5C യെ മാറ്റി നിർത്തുന്ന മറ്റൊരു വ്യത്യാസം. മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലായിരിക്കും ഇന്ത്യയിലെ ഏകദേശ വില. 2022 മാർച്ചോട് കൂടി EOS R5C ഇന്ത്യൻ വിപണിയിലിറങ്ങുമെന്ന് കാനോൺ അവകാശപ്പെടുന്നു.