നടൻ ഗോവിന്ദ് പദ്മസൂര്യയും ഭാര്യ ഗോപിക അനിലും ബ്രസീലിലെ മാരക്കാന സ്റ്റേഡിയം സന്ദർശിച്ചു. ഫുട്ബോൾ പ്രേമികളായ മലയാളികളെ ഈ നിമിഷം ഓർക്കുന്നുവെന്ന് ജിപി കുറിച്ചു.
കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ താരങ്ങളാണ് നടൻ ഗോവിന്ദ് പദ്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനിലും. അർജന്റീന, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലെ യാത്രാ ചിത്രങ്ങളും വീഡിയോകളുമെല്ലാം ജിപിയും ഗോപികയും അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇപ്പോളിതാ ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ഫുട്‌ബോൾ പ്രേമികളുടെ നാടായ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് കാൽപന്തുകളിയുടെ പര്യായം കൂടിയായ ഈ സ്‌റ്റേഡിയം ഉള്ളത്. സുഹൃത്തും ഡോക്ടറുമായ അഭിജിത്തും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
''മാരക്കാന ഫുട്ബോൾ സ്റ്റേഡിയത്തിൽ നിന്നുമുള്ള കാഴ്ച. എല്ലാ ഇന്ത്യക്കാരെയും, പ്രത്യേകിച്ച് ഫുട്ബോൾ പ്രേമികളായ മലയാളികളെ ഈ നിമിഷം ഞങ്ങൾ ഓർമിക്കുന്നു'', വീഡിയോയ്ക്കൊപ്പം ഗോവിന്ദ് പത്മസൂര്യ കുറിച്ചു.
ബ്രസീലിയൻ കലാകാരന്മാർക്കൊപ്പം സാംബാ നൃത്തം ചെയ്യുന്ന വീഡിയോയും ജിപിയും ഗോപികയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലോകത്തിലെ അവസാനത്തെ നഗരമെന്ന് അറിയപ്പെടുന്ന ഉഷുവയയിൽ നിന്നുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസം ഇവർ പങ്കുവെച്ചിരുന്നു. 24 ദിവസം നീണ്ടുനിൽക്കുന്ന എൻഡ് ഓഫ് വേൾഡ് ട്രിപ്പിനായി ഫെബ്രുവരി 27 നാണ് ഇരുവരും യാത്ര പുറപ്പെട്ടത്.
അഭിനേതാവ്, അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ. 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ജിപി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റിയാലിറ്റി ഷോ അവതാരകനായും തിളങ്ങി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. ബാലതാരമായിട്ടാണ് ഗോപിക സിനിമയിൽ എത്തിയത്. ശിവം എന്ന ബിജു മേനോൻ
ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു. ഇപ്പോൾ സീരിയലുകളിൽ സജീവമാണ് താരം. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്.
'നിങ്ങൾ ഒരു ദളിതനാണ്': കമന്‍റിന് ചുട്ട മറുപടി നല്‍കി ജാൻവി കപൂറിന്റെ കാമുകൻ ശിഖർ പഹാരിയ
ആരാധകരുടെ ആവശ്യത്തിന് ഒടുവില്‍ ഫലം: പത്താം വാര്‍ഷികത്തില്‍ ബാഹുബലി വീണ്ടും തീയറ്ററിലേക്ക് !