തൂവെള്ളപ്പൂക്കളുമായി മഡോണ ലില്ലി; ഹൃദ്യമായ സുഗന്ധം തരുന്ന പൂച്ചെടി
പൂര്‍ണമായോ ഭാഗികമായോ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളരുന്ന ചെടിയാണ് മഡോണ ലില്ലി. ഉച്ചയ്ക്കുള്ള കടുത്ത വെയിലില്‍ നിന്ന് സംരക്ഷണം ലഭിക്കുകയാണെങ്കില്‍ നല്ല വളര്‍ച്ചാനിരക്ക് കാണിക്കും.
വെളുപ്പിന്റെ ഭംഗിയാണ് ഈ പൂക്കള്‍ക്ക്. ലില്ലിയുടെ കുടുംബക്കാരിയാണെങ്കിലും പരിചരണരീതിയില്‍ അല്‍പം വ്യത്യാസമുണ്ട്. പൂന്തോട്ടത്തില്‍ നട്ടുവളര്‍ത്തിയിരുന്ന ലില്ലിയുടെ ഇനങ്ങളില്‍ എറ്റവും പഴക്കമുള്ള ഇനങ്ങളിലൊന്നായ മഡോണ ലില്ലിയെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്.
ലില്ലിയം കാന്‍ഡിഡം എന്നറിയപ്പെടുന്ന ഈ പൂച്ചെടിയില്‍ ഏകദേശം ഏഴ് സെ.മീ വലുപ്പമുള്ള നല്ല തൂവെള്ളപ്പൂക്കളാണുണ്ടാകുന്നത്. നടുവിലായി കാണപ്പെടുന്ന നല്ല മഞ്ഞനിറത്തിലുള്ള പരാഗം വെളുത്ത ഇതളുകള്‍ക്കിടയില്‍ അതിമനോഹരമായി ഇഴുകിച്ചേരുന്നു. സമൃദ്ധമായി പൂക്കള്‍ വിടരുന്ന ചെടിയാണിത്. അതായത് ഒരു തണ്ടില്‍ തന്നെ ഇരുപതോളം പൂക്കള്‍ വിടരാനുള്ള സാധ്യതയുണ്ട്. കാഴ്ചയുടെ വസന്തം മാത്രമല്ല, നറുമണം കൊണ്ടും ഏറെ ആകര്‍ഷിക്കാന്‍ കഴിവുള്ള പൂക്കളാണ്.
പൂര്‍ണമായോ ഭാഗികമായോ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളരുന്ന ചെടിയാണ് മഡോണ ലില്ലി. ഉച്ചയ്ക്കുള്ള കടുത്ത വെയിലില്‍ നിന്ന് സംരക്ഷണം ലഭിക്കുകയാണെങ്കില്‍ നല്ല വളര്‍ച്ചാനിരക്ക് കാണിക്കും.
മണ്ണ് കൂടുതല്‍ അമ്ലഗുണമുള്ളതാണെങ്കില്‍ ലൈം ചേര്‍ത്ത് അനുയോജ്യമാക്കിയെടുക്കണം. നന്നായി വളപ്രയോഗം ആവശ്യമുള്ള ചെടിയായതുകൊണ്ട് കമ്പോസ്റ്റ് നല്‍കാം. നടാനുപയോഗിക്കുന്നത് ബള്‍ബുകള്‍ പോലുള്ള ഭാഗമാണ്. ബള്‍ബുകള്‍ 2.5 സെ.മീ ആഴത്തിലും രണ്ടു ചെടികള്‍ തമ്മില്‍ ഏകദേശം 15 മുതല്‍ 30 സെ.മീ വരെ അകലം ലഭിക്കുന്നതുമായ രീതിയില്‍ നടണം. വെള്ളം കെട്ടിനിന്ന് വേര് ചീഞ്ഞു പോകാതെ സൂക്ഷിക്കണം. ഈര്‍പ്പമുള്ള മണ്ണാണ് ആവശ്യം. മധ്യവേനല്‍ക്കാലമാകുമ്പോള്‍ പൂക്കാലം അവസാനിക്കുകയും ഇലകള്‍ മഞ്ഞനിറമായി മുറിച്ചുമാറ്റുകയുമാണ് ചെയ്യുന്നത്.