3 വർഷമാകുമ്പോൾ കായ്ക്കും, 4 മാസം കൊണ്ട് പാകമാകും; സീതപ്പഴം തൈകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കാം
നല്ല മണ്ണും സൂര്യപ്രകാശവും ഈര്‍പ്പം ഉള്ള കാലാവസ്ഥ ഉള്ളിടത്തുമെല്ലാം സീതപ്പഴം നല്ല വളർച്ച കാണിക്കാറുണ്ട്.
കേരളത്തിലെ കാലാവസ്ഥയും മണ്ണും ഏറെ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് സീതപ്പഴം അഥവാ ആത്തച്ചക്ക. ഇംഗ്ലീഷിൽ കസ്റ്റാർഡ് ആപ്പിൾ, ഷുഗർ ആപ്പിൾ എന്നൊക്കെ അറിയപ്പെടുന്ന ഇതിന്റെ മാംസളമായ ഫലഭാഗത്തിന് ശ്വാസകോശരോഗങ്ങളെ അകറ്റാന്‍ ശേഷിയുണ്ട് എന്നാണ് പറയപ്പെടുന്നത്.
അനോനേസീ കുടുംബത്തില്‍പ്പെട്ട സീതപ്പഴത്തിന്റെ ശാസ്ത്രനാമം അനോന സ്‌ക്വാമൊസ എന്നാണ്. വളരെ വേഗത്തിൽ വളരുന്ന മാതൃവൃക്ഷത്തിന് പൂർണ്ണവളർച്ച എത്തുമ്പോഴേക്കും 5 മുതൽ 10 മീറ്റർ വരെ ഉയരം വെക്കാറുണ്ട്.
കേരളത്തിലും വിദേശരാജ്യങ്ങളിലും ഒരുപോലെ കാണപ്പെടുന്ന ഒരു ഫലവൃക്ഷം കൂടിയാണ് ഇത്. നല്ല മണ്ണും സൂര്യപ്രകാശവും ഈര്‍പ്പം ഉള്ള കാലാവസ്ഥ ഉള്ളിടത്തുമെല്ലാം സീതപ്പഴം നല്ല വളർച്ച കാണിക്കാറുണ്ട്. കേരളത്തിൽ നിര്‍വാര്‍ച്ചയുള്ള ചരല്‍നിറഞ്ഞ പ്രദേശമാണ് കൃഷിക്ക് അനുയോജ്യം.
തൈകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിത്ത് പാകി മുളപ്പിച്ചെടുക്കുന്നതിന് പുറമേ നല്ല മാതൃസസ്യങ്ങളില്‍ നിന്ന് ബഡ്ഡ്‌ചെയ്തും തൈകള്‍ തയ്യാറാക്കാം.
നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്.
ബഡ്ഡ് ചെയ്ത തൈകള്‍ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ.
പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം.
പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടിക്കൊടുക്കാം.
ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. അങ്ങനെ നിന്നാല്‍ ചെടി മൊത്തത്തില്‍ ചീഞ്ഞുപോവും.
വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കല്‍ നനച്ചു കൊടുക്കാം. മഴക്കാലത്ത് വേരുപൊന്താതിരിക്കാന്‍ ചുവട്ടില്‍ മണ്ണ് കൂട്ടിക്കൊടുക്കണം.
അധികം പരിചരണം ആവശ്യമില്ലാത്ത ചെടി എന്നത് തന്നെയാണ് സീതപ്പഴം കൃഷിയെ വേറിട്ടു നിർത്തുന്നത്. കടുത്ത ചൂടിനെയും വരള്‍ച്ചയെയും അതിജീവിക്കുവാനുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. നട്ട് മൂന്നു വര്‍ഷം കഴിയുമ്പോൾ കായ്ച്ചു തുടങ്ങും. നാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് പഴക്കാലം.