ഹോബിയായി തുടങ്ങി, സൈഡ് ബിസിനസിലൂടെ വർഷം 1 കോടി സമ്പാദിച്ച് യുവതി 

ഒരു കൊല്ലം ആയപ്പോഴേക്കും തന്റെ സൈഡ് ബിസിനസിലൂടെ മാസം 10 ലക്ഷം വരെ അവൾ സമ്പാദിക്കാൻ തുടങ്ങി. 

Leena Pettigrew woman earns one crore per year by her houseplant side business

ചെടികളോടുള്ള ഇഷ്ടം ബിസിനസാക്കി മാറ്റി ലാഭം കൊയ്ത് യുവതി. യുഎസ് ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലായ 44 -കാരി ലിന പെറ്റിഗ്രൂവാണ് ചെടികളോടുള്ള തൻ്റെ പ്രണയത്തെ വിജയകരമായ ഒരു ബിസിനസ്സാക്കി മാറ്റിയത്.

ഒരു വർഷത്തിനുള്ളിൽ ഈ ചെടികൾ വിറ്റ് അവൾ ഏകദേശം 148,600 ഡോളർ (ഏകദേശം 1.25 കോടി രൂപ) സമ്പാദിച്ചു കഴിഞ്ഞു. വീട് അലങ്കരിക്കുന്നതിനായും ഹോബിയായും ഒക്കെയാണ് ലിന ചെടികൾ വളർത്തി തുടങ്ങിയത്. എന്നാൽ, ഇൻഡോർ ഗാർഡനിംഗിലെ ആദ്യത്തെ അവളുടെ അനുഭവം പരാജയമായിരുന്നു. 2017 -ലായിരുന്നു അത്. അന്ന് അവൾക്ക് കിട്ടിയ ഒരു ​ഗോൾഡൻ പോത്തോസ് അവളുടെ പരിചരണത്തിൽ നന്നായില്ല. ഇത് അവളെ വലിയ നിരാശയിലാക്കി. 

തനിക്ക് ചെടി വളർത്താനുള്ള കഴിവൊന്നും ഇല്ലെന്നായി അതോടെ അവളുടെ ധാരണ. എന്നാൽ 2022 -ൽ, ഹ്യൂസ്റ്റണിലെ അവരുടെ വീട് റീഡെക്കറേറ്റ് ചെയ്യുന്നതിനിടെ, ലിനയും ഭർത്താവ് മാർക്വിസും വീണ്ടും പൂന്തോട്ടം പരിപാലിക്കുന്നതിൽ ഒരു പരീക്ഷണം കൂടി നടത്തി നോക്കാൻ തീരുമാനിച്ചു. കാലക്രമേണ, ചെടികളോടുള്ള അവരുടെ താൽപ്പര്യം വർദ്ധിച്ചു. 8 അടി ഉയരമുള്ള മോൺസ്റ്റെറസ് ഉൾപ്പടെ വിവിധതരം ചെടികൾ കൊണ്ട് അവർ അവരുടെ വീട് നിറച്ചു. വീട്ടിൽ വയ്ക്കാവുന്നതിലും കൂടുതൽ ചെടികൾ ഇപ്പോൾ തങ്ങൾക്കായിട്ടുണ്ട് എന്ന് വൈകാതെ അവൾ മനസിലാക്കി. 

അങ്ങനെയാണ് ഓൺലൈൻ മാർക്കറ്റ്‍പ്ലേസായ പാംസ്ട്രീറ്റിൽ അവ വിൽക്കാൻ തീരുമാനിക്കുന്നത്. 2023 -ൽ ലൈവായി അവൾ ചെടികൾ ഓൺലൈനിൽ കാണിക്കുകയും അവ ലേലം ചെയ്യുകയും ചെയ്യാൻ തുടങ്ങി. ഒരു കൊല്ലം ആയപ്പോഴേക്കും തന്റെ സൈഡ് ബിസിനസിലൂടെ മാസം 10 ലക്ഷം വരെ അവൾ സമ്പാദിക്കാൻ തുടങ്ങി. 

ഐടിയിൽ മുഴുവൻ സമയവും ജോലി ചെയ്യുന്നുണ്ടെങ്കിലും വർഷം 90,000 ഡോളറാണ് സമ്പാദിക്കുന്നത്. ഈ ചെടി ബിസിനസിൽ ആഴ്ചയിൽ 20 മണിക്കൂർ ലിന ചെലവഴിക്കും. ചെടികൾ വാങ്ങുന്നത് മുതൽ വിൽക്കുന്നതും കയറ്റി അയക്കുന്നതും വരെ അവൾ ചെയ്യുന്നു. സഹായത്തിനായി അഞ്ച് കരാർ തൊഴിലാളികളെയും അവൾ നിയമിച്ചിട്ടുണ്ട്. 2500 രൂപ മുതൽ 9700 രൂപ വരെയാണ് ഓരോ ചെടിക്കും അവൾ ഈടാക്കുന്നത്. 

ചെടികളുടെ ബിസിനസ് ലാഭമാവുന്നതോടെ തന്റെ ഐടി ജോലി വേണ്ടെന്ന് വയ്ക്കാം എന്ന അവസ്ഥയിൽ കാര്യങ്ങളെത്തുമെന്നാണ് അവൾ പ്രതീക്ഷിക്കുന്നത്. ഭർത്താവിനും അവരുടെ ഓട്ടോ റിപ്പയർ ഷോപ്പിൽ പണ്ടത്തെ അത്ര സമയം ചെലവഴിക്കേണ്ടി വരുന്നില്ല ഇപ്പോൾ. 

ബിസിനസ് കൂടുതൽ ലാഭത്തിലാകുന്നതോടെ മറ്റ് തൊഴിലുകൾ നിർത്താനും ഫ്ലോറിഡയിലേക്ക് മാറാനും അവിടെ സ്വന്തമായി ഒരു വലിയ ചെടികളുടെ വീട് നിർമ്മിക്കാനുമാണ് ലിന ഇപ്പോൾ ആ​ഗ്രഹിക്കുന്നത്.  

യുവതി പ്രേമിക്കുന്നത് മരത്തെ, ഉണ്ണുന്നതും ഉറങ്ങുന്നതും പുറത്തുപോകുന്നതുമെല്ലാം ഈ വിചിത്രകാമുകനൊപ്പം..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios