രാജ്മ അഥവാ കിഡ്‌നി ബീന്‍സ് പോളിഹൗസില്‍ വളര്‍ത്തി വിളവെടുക്കാം
രാജ്മ സാധാരണയായി അല്‍പം വരണ്ടതും ഈര്‍പ്പമുള്ളതുമായ മണ്ണില്‍ വളരാറുണ്ട്.
കിഡ്‌നിയുടെ ആകൃതിയില്‍ കാണപ്പെടുന്ന പയറിനമായതിനാല്‍ അതേ പേരില്‍ത്തന്നെ അറിയപ്പെടുന്ന കിഡ്‌നി ബീന്‍സ് നിറം കൊണ്ട് മറ്റുള്ള പയര്‍ വര്‍ഗങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഫോളിക് ആസിഡും വിറ്റാമിന്‍ ബി -6 ഉം മഗ്നീഷ്യവും അടങ്ങിയതിനാല്‍ ഏറെ പോഷകപ്രദവുമാണിത്. ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമുള്ളതും പല നാടുകളിലും രാജ്മ എന്നറിയപ്പെടുന്നതുമായ ഈ പയറിനം മെക്‌സികന്‍ കറികളിലും ഇന്ത്യയിലെ പാചക വിഭവങ്ങളിലുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പോളിഹൗസില്‍ എങ്ങനെ കിഡ്‌നി ബീന്‍സ് വളര്‍ത്തി വിളവെടുക്കാമെന്ന് നോക്കാം.
മഹാരാഷ്ട്ര, ജമ്മു, കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളിലാണ് പ്രധാനമായും രാജ്മ കൃഷി ചെയ്യുന്നത്. ചുവന്ന പുള്ളിക്കുത്തുകളുള്ളതും വെളുത്തതും കടുത്ത ബ്രൗണ്‍ കലര്‍ന്ന ചുവപ്പ് നിറമുള്ളതുമായ കിഡ്‌നി ബീന്‍സ് കൃഷി ചെയ്തുണ്ടാക്കാറുണ്ട്. ഉത്തരാഖണ്ഡിലെ കുന്നുകളില്‍ കൃഷി ചെയ്യുന്നയിനമാണ് വി.എല്‍-രാജ്മ 125. പഞ്ചാബിലെ ജലസേചനം നടത്തുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നയിനമാണ് ആര്‍ ബി എല്‍-6. ഈയിനത്തിന്റെ വിത്തിന്റെ അറയ്ക്കുള്ളില്‍ ആറോ എട്ടോ ഇളം പച്ചനിറത്തിലുള്ള വിത്തുകളുണ്ടാകും.
ഇന്ത്യയില്‍ വളരുന്ന ഉയര്‍ന്ന ഉത്പാദനശേഷിയുള്ള മറ്റിനങ്ങളാണ് HUR 15, HUR-137, അമ്പര്‍, അരുണ്‍, അര്‍ക കോമള്‍, അര്‍ക സുവിധ, പുസ പാര്‍വതി, പുസ ഹിമാലയ എന്നിവയെല്ലാം. പോളിഹൗസിലെ കൃഷിയാണ് ഇന്ത്യയില്‍ ഗ്രീന്‍ഹൗസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന കൃഷിരീതിയെന്ന് പറയാം. വളപ്രയോഗം താരതമ്യേന എളുപ്പവും തുള്ളിനന സംവിധാനം വഴി സ്വയം പ്രവര്‍ത്തിക്കുന്ന രീതിയില്‍ നടത്താവുന്നതുമാണ്. ഏതു കാലാവസ്ഥയിലും അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച് കൃഷി ചെയ്യാന്‍ പറ്റിയത് പോളിഹൗസ് രീതിയിലാണ്.
രാജ്മ സാധാരണയായി അല്‍പം വരണ്ടതും ഈര്‍പ്പമുള്ളതുമായ മണ്ണില്‍ വളരാറുണ്ട്. മണ്ണിന്റെ പി.എച്ച് മൂല്യം ആറിനും ഏഴിനും ഇടയിലായിരിക്കുന്നതാണ് അനുയോജ്യം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലവും ആവശ്യമാണ്. വ്യാവസായികമായി കിഡ്‌നി ബീന്‍ ഉത്പാദിപ്പിക്കാനായി മണ്ണില്‍ നൈട്രജനും ഫോസ്ഫറസും ചേര്‍ക്കാറുണ്ട്. ജൈവരീതിയില്‍ നൈട്രജന്‍ സ്ഥിരീകരണം നടത്താന്‍ കഴിവില്ലാത്ത വിളയാണിത്. അതുകൊണ്ടുതന്നെ കൃഷിസ്ഥലമൊരുക്കുമ്പോള്‍ സാധാരണയായി ഒരു ഏക്കര്‍ സ്ഥലത്ത് ഏകദേശം 80 മുതല്‍ 100 കി.ഗ്രാം നൈട്രജനും 50 മുതല്‍ 60 കി.ഗ്രാം വരെ ഫോസ്ഫറസും ചേര്‍ക്കാറുണ്ട്. ഒരു ഏക്കറില്‍ കൃഷി ചെയ്യാനായി ഏകദേശം 35 കി.ഗ്രാം വിത്ത് ആവശ്യമാണ്.
കിഡ്‌നി ബീന്‍സ് സാധാരണയായി പറിച്ചുനടുന്ന രീതിയിലുള്ള കൃഷിയോട് നല്ല രീതിയില്‍ പ്രതികരിക്കുകയില്ല. നേരിട്ടുതന്നെ കൃഷിഭൂമിയില്‍ വിത്തിട്ട് മുളച്ച് വളര്‍ന്ന് വിളവെടുപ്പ് നടത്തുന്ന രീതിയാണ് നല്ലത്. തണുപ്പുള്ളതും ഈര്‍പ്പം തങ്ങിനില്‍ക്കുന്നതുമായ മണ്ണില്‍ വേരുചീയല്‍ സംഭവിക്കും. വിത്ത് മുളച്ച് വിളവെടുക്കാന്‍ ഏകദേശം 80 ദിവസങ്ങളോളം കാത്തിരിക്കണം. ഒരിക്കല്‍ വളര്‍ത്തി വിളവെടുത്ത അതേ സ്ഥലത്ത് നാല് വര്‍ഷത്തോളം രാജ്മ കൃഷി ചെയ്യാറില്ല. സ്‌ട്രോബെറി, വെള്ളരി എന്നിവയെല്ലാം ഈ കാലയളവില്‍ വളര്‍ത്താവുന്നതാണ്. സവാളയും ജീരകവും കൃഷി ചെയ്യുന്നതിനടുത്തായി കിഡ്‌നി ബീന്‍സ് കൃഷി ചെയ്യാറില്ല. ഒരിക്കല്‍ വേര് പിടിച്ച് വളര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് വളപ്രയോഗം ആവശ്യമില്ല. സ്വയം തന്നെ അവയ്ക്കാവശ്യമുള്ള നൈട്രജന്‍ ഉത്പാദിപ്പിക്കും. എന്നിരുന്നാലും ഇലകള്‍ മങ്ങിയ നിറം കാണിക്കുകയാണെങ്കില്‍ നൈട്രജന്റെ അഭാവമുണ്ടെന്ന് മനസിലാക്കണം.
വിത്തുകള്‍ പൂര്‍ണവളര്‍ച്ചയെത്തി തോടിന്റെ നിറം മഞ്ഞയാകുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്. ഇലകളും മഞ്ഞനിറമായി കൊഴിഞ്ഞുപോകാനും തുടങ്ങും. ഒരു ഏക്കറില്‍ കൃഷി ചെയ്യുമ്പോള്‍ മുഴുവനായി വളര്‍ന്ന് വിളവെടുക്കാന്‍ ഏകദേശം 130 ദിവസങ്ങളോളമെടുക്കും.