ട്വിറ്ററിന് പറ്റിയ ആളല്ല മസ്കെന്ന് മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി
ട്വിറ്റർ മസ്ക് ഏറ്റെടുക്കുന്നതിന് മുൻപ് നിലവിൽ കമ്പനിയുടെ പ്രതീക്ഷയാണ് മസ്ക് എന്ന് പറഞ്ഞ വ്യക്തിയാണ് ഡോർസി.
ന്യൂയോര്‍ക്ക്: ട്വിറ്റർ സിഇഒയായ എലോൺ മസ്കിനെ വിമർശിച്ച് മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി. ട്വിറ്ററിന് പറ്റിയ ആളല്ല മസ്ക് എന്നും മസ്‌കിന്റെ പുതിയ നയങ്ങൾ പ്ലാറ്റ്‌ഫോമിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയെന്നുമാണ് ഡോർസി ചൂണ്ടിക്കാണിക്കുന്നത്. ജാക്ക് ഡോർസിക്ക് ഇപ്പോൾ ട്വിറ്ററിന് എതിരാളിയായ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. മസ്‌കിന്റെ നേതൃത്വത്തെ വിമർശിക്കുന്നതിന്റെ മറവിൽ ഡോർസി തന്റെ സ്വന്തം പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരോക്ഷ മാർഗം തേടുകയാണോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. തന്റെ സ്വന്തം പ്ലാറ്റ്ഫോമായ ബ്ലൂ സ്കൈ പരിചയപ്പെടുത്തുന്നതിനിടെ ഒരാൾ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഡോർസി മസ്കിനെ വിമർശിച്ചത്.
ട്വിറ്റർ മസ്ക് ഏറ്റെടുക്കുന്നതിന് മുൻപ് നിലവിൽ കമ്പനിയുടെ പ്രതീക്ഷയാണ് മസ്ക് എന്ന് പറഞ്ഞ വ്യക്തിയാണ് ഡോർസി. ഡോർസിയുടെ വിമർശനത്തോട് മസ്‌ക് പ്രതികരിച്ചിട്ടില്ല. തന്റെ അഭിപ്രായത്തെ ഒരിക്കലും മറച്ചുവെക്കാത്ത വ്യക്തിയാണ് മസ്ക്. ഇവിടെ എന്തുകൊണ്ട് അങ്ങനെയൊരാൾ മൗനം പാലിക്കുന്നു എന്നത് വ്യക്തമല്ല.
ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി നേരത്തെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി ആണ് അന്ന് അദ്ദേഹം പറഞ്ഞത്. ടെക് ലോകം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ കൂട്ട പിരിച്ചുവിടലാണ് ട്വിറ്ററിൽ നടന്നതെന്ന റിപ്പോർട്ട് പുറത്തുവന്ന സമയത്തായിരുന്നു ഡോർസിയുടെ പ്രസ്താവന.ട്വീറ്ററിലെ ജീവനക്കാര് മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ളവരാണ്.
എത്ര സങ്കീർണമായ സാഹചര്യത്തിനും അവർ പരിഹാരം കണ്ടെത്തും. നിങ്ങളിൽ പലർക്കും എന്നോട് ദേഷ്യമുണ്ടെന്ന് എനിക്കറിയാം. ഈ അവസ്ഥയിൽ നിങ്ങൾ എത്തിയതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു എന്നാണ് ഡോർസി ട്വീറ്റിൽ പറയുന്നത്. നിങ്ങൾ ഓരോരുത്തരോടും എനിക്ക് സ്നേഹവും കടപ്പാടുമുണ്ട്, പക്ഷേ ഈ സാഹചര്യത്തിൽ അത് തിരിച്ചു പ്രതീക്ഷിക്കരുതെന്ന് എനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 നവംബറിലാണ് ജാക്ക് ഡോർസി ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞത്. വൈകാതെ ഡോർസിയ്ക്ക് പകരം പരാഗ് അഗ്രവാൾ ചുമതലയേറ്റു. ഇതിനിടയിൽ അഭിപ്രായ സ്വാതന്ത്ര്യ വിഷയം ഉൾപ്പെടെയുള്ള നിരവധി ചർച്ചകളിൽ ട്വീറ്ററിന് തൂങ്ങേണ്ടി വന്നിരുന്നു. 2022 ലാണ് ട്വിറ്ററിന്റെ ബോർഡ് അംഗത്വം ഡോർസി ഒഴിയുന്നത്.
'13 വയസ് തികഞ്ഞില്ല': ട്വിറ്റര്‍ 7.6 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള എഎന്‍ഐയെ ബ്ലോക്കി
വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ മെറ്റ