Asianet News MalayalamAsianet News Malayalam

മസ്‌കിന്‍റെ 'ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍'; എല്ലാ ജോലിയും വെടിപ്പായി ചെയ്യുന്ന ഹ്യൂമനോയിഡ്, ഒപ്റ്റിമസിന്‍റെ വില?

വീട്ടില്‍ ഇനി ഇതുമതി... എല്ലാ ജോലിയും വെടിപ്പായി ചെയ്യുന്ന ഹ്യൂമനോയിഡ്, ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്ന് മസ്‌ക്

Elon Musk Tesla unveils Optimus robot which can do with everyday human tasks
Author
First Published Oct 11, 2024, 3:03 PM IST | Last Updated Oct 11, 2024, 3:15 PM IST

മനുഷ്യ സാദൃശ്യമുള്ള ഹ്യൂമനോയിഡ് റോബോട്ടുകളുടെ കാലമാണ് വരാനിരിക്കുന്നത് എന്ന പ്രവചനങ്ങള്‍ അച്ചട്ടാക്കി എലോണ്‍ മസ്‌കിന്‍റെ ടെസ്‌ല. ടെസ്‌ല അവരുടെ 'വീ റോബോട്ട്' ഇവന്‍റില്‍ പുത്തന്‍ നിര ഹ്യൂമനോയിഡുകളെ അവതരിപ്പിച്ചു. 'ഒപ്റ്റിമസ്' എന്നാണ് ഈ റോബോട്ടുകളുടെ പേര്. മനുഷ്യനെ പോലെ ഏറെ ദൈനംദിന ജോലികള്‍ ചെയ്യാനാകുന്ന തരത്തിലുള്ള ഒപ്റ്റിമസിനെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്നാണ് എലോണ്‍ മസ്‌ക് വിശേഷിപ്പിച്ചത്. 

നടക്കാനും വീട്ടില്‍ വരുന്ന പാഴ്‌സലുകള്‍ സ്വീകരിക്കാനും അടുക്കള ജോലികള്‍ ചെയ്യാനുമെല്ലാം കഴിയുന്ന റോബോട്ടാണ് എലോണ്‍ മസ്‌കിന്‍റെ ടെസ്‌ല കമ്പനി അവതരിപ്പിച്ചിരിക്കുന്ന ഒപ്റ്റിമസ്. ദിനേനയുള്ള ജോലികള്‍ ചെയ്യാനാവുന്ന ഈ റോബോട്ടിനെ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന മുഖവുരയോടെയാണ് മസ്‌ക് 'വീ റോബോട്ട്' ഇവന്‍റില്‍ അവതരിപ്പിച്ചത്. 

ആകാംക്ഷകള്‍ ഏറെ നിറച്ചുള്ള മുഖവുരയോടെ സസ്‌പെന്‍സ് സൃഷ്ടിച്ച് റോബോവാനിലായിരുന്നു ഒപ്റ്റിമസ് റോബോട്ടുകളെ എലോണ്‍ മസ്‌ക് എത്തിച്ചത്. മനുഷ്യരെ പോലെ നടന്ന് ഇവ വേദിക്ക് അരികിലെത്തി. ഏറെ ജോലികള്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഒപ്റ്റിമസ് ഹ്യൂമനോയിഡിനെ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്ന് മസ്‌ക് വിശദീകരിച്ചു. 'ഒപ്റ്റിമസ് നിങ്ങള്‍ക്കൊപ്പം നടക്കും, എന്ത് ജോലി വേണമെങ്കിലും ചെയ്യും'... എന്ന മസ്‌കിന്‍റെ വാക്കുകളിലുണ്ട് ഒപ്റ്റിമസ് ഹ്യൂമനോയിഡിന്‍റെ സവിശേഷതകളുടെ ചുരുക്കെഴുത്ത്. ആളുകളെ സ്വീകരിക്കുന്നതും ഭക്ഷണം വിളമ്പാനാകുന്നതും എല്ലാം ഇതില്‍ ഉള്‍പ്പെടും. ഒരു ബാര്‍ അറ്റന്‍ഡറായി ഒപ്റ്റിമസിനെ ഭാവിയില്‍ കണ്ടേക്കാം. 

20,000 മുതല്‍ 30,000 ഡോളര്‍ വരെയാകും ഒപ്റ്റിമസ് റോബോട്ടിന്‍റെ വില എന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ദശലക്ഷക്കണക്കിന് ഒപ്റ്റിമസ് ഹ്യൂമനോയിഡുകളെ ഭാവിയില്‍ നിര്‍മിക്കേണ്ടിവരുമെന്ന് മസ്‌ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2021ല്‍ റോബോട്ട് സ്യൂട്ട് അണിഞ്ഞ ഒരു പെര്‍ഫോര്‍മറിലൂടെ ആദ്യമായി എലോണ്‍ മസ്‌ക് അവതരിപ്പിച്ച വിസ്‌മയ ഉല്‍പന്നമാണ് ഇപ്പോള്‍ സാക്ഷാത്കാരമായിരിക്കുന്നത്. 2024ന്‍റെ അവസാനത്തോടെ ഒപ്റ്റിമസ് വിപണിയിലെത്തുമെന്ന് മസ്‌ക് മുമ്പ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എങ്കിലും വിപണിയിലെത്തുന്ന പുതിയ തിയതി അറിവായിട്ടില്ല. 

Read more: വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും സന്തോഷ വാര്‍ത്ത; കരാറിലെത്തി ബിഎസ്എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios