വർക്ക് ഫ്രം ഹോം അത്ര സുഖകരമായ ഏർപ്പാടല്ല; യുവാവിന്റെ പോസ്റ്റ് വൈറൽ
ജോലിയും വീട്ടുജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ചിലർ പോസ്റ്റിനോട് യോജിച്ചു, മറ്റു ചിലർ കൂടുതൽ കുടുംബത്തോടൊപ്പം കഴിയുന്നതിൻ്റെ മൂല്യം മനസ്സിലാക്കാത്തതിന് പോസ്റ്റിട്ടയാളെ വിമർശിച്ചു.
കോവിഡാനന്തര ലോകത്ത് വന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് തൊഴിൽ രീതികളിൽ ഉണ്ടായ മാറ്റം. WFH അഥവാ വർക്ക് ഫ്രം ഹോം എന്ന പ്രയോഗം തന്നെ ഇത്രയേറെ പ്രചാരം നേടിയത് കോവിഡിന് ശേഷമാണ്. എന്നാൽ, വീട്ടിലിരുന്ന് പണിയെടുക്കുന്നത് കേൾക്കുന്നതുപോലെ സുഖകരമല്ല എന്നാണ് പലരുടെയും അനുഭവസാക്ഷ്യം.
തൊഴിൽ ജീവിതം വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ ചെറുതല്ലെന്നും, നടത്തേണ്ടിവരുന്ന പോരാട്ടങ്ങൾ നേരിട്ട് അനുഭവിച്ചാൽ മാത്രമേ മനസ്സിലാവുകയുള്ളൂ എന്നുമാണ് പലരുടെയും വെളിപ്പെടുത്തൽ. വർക്ക് ഫ്രം ഹോം ഒരു സ്ക്വിഡ് ഗെയിം പോലെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
'ബാംഗ്ലൂർ, മുംബൈ, അല്ലെങ്കിൽ ഡൽഹി പോലുള്ള നഗരങ്ങളിൽ, പ്രത്യേകിച്ച് നിങ്ങളുടെ പങ്കാളിയോടൊപ്പം നിങ്ങളുടെ സ്വന്തം, ചെറിയ അപ്പാർട്ട്മെൻ്റിൽ WFH ഒരു സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോൾ WFH ഒരു സ്ക്വിഡ് ഗെയിമിന്റെ പുതിയ തലമാണെ'ന്നാണ്, X (ട്വിറ്റർ) ഉപയോക്താവ് ശുഭ് അഭിപ്രായപ്പെട്ടത്.
150,000 -ത്തിലധികം വ്യൂസ് നേടിയ പോസ്റ്റിന് താഴെ കമൻ്റുകളുടെ പ്രളയമാണ്. ജോലിയും വീട്ടുജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ചിലർ പോസ്റ്റിനോട് യോജിച്ചു, മറ്റു ചിലർ കൂടുതൽ കുടുംബത്തോടൊപ്പം കഴിയുന്നതിൻ്റെ മൂല്യം മനസ്സിലാക്കാത്തതിന് പോസ്റ്റിട്ടയാളെ വിമർശിച്ചു.
ഓഫീസ് സ്ട്രെസ് + ഹോം സ്ട്രെസ് = മാരകമായ കോംബോ, എന്നും അഭിപ്രായപ്പെട്ടവർ നിരവധിയാണ്. എന്നാൽ, മറ്റൊരാൾ കുറിച്ചത് ഇതൊരു അനുഗ്രഹമായാണ് കാണേണ്ടതെന്നും ജോലിയിൽ പ്രവേശിക്കുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾ 60 -കളുടെ തുടക്കത്തിലോ മധ്യത്തിലോ ആണ്, അതിനാൽ അവർക്ക് കൂടുതൽ സമയം ശേഷിക്കാത്തതിനാൽ അവരോടൊപ്പം സമയം ചെലവഴിക്കുന്നത് ബോണസാണന്നും ആയിരുന്നു.