കുടുംബത്തിൽ ആദ്യമായി ബിരുദം നേടുന്നവൾ, രാജ്യം വിട്ടുപോകുന്നവൾ; പ്രചോദനമായി യുവതിയുടെ കുറിപ്പ്
'താനാണ് അയൽപ്പക്കത്തെ ആൺകുട്ടികളുമായി ക്രിക്കറ്റ് കളിച്ച വീട്ടിലെ ആദ്യത്തെ പെൺകുട്ടി. നേരത്തെയുള്ള വിവാഹത്തിനോട് നോ പറയാൻ ധൈര്യം കാണിച്ചയാളും താനാണ്.'
പഠനം പൂർത്തിയാക്കാനോ, ജോലിക്ക് പോകാനോ, നാട്ടിൽ നിന്നും പുറത്ത് പോകാനോ ഒക്കെ സാധിക്കാത്ത അനേകം സ്ത്രീകൾ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പെൺകുട്ടികൾ വളരെ നേരത്തെ വിവാഹിതരാവുന്നുമുണ്ട്. എത്രമാത്രം പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് പല സ്ത്രീകളും കടന്നുപോകുന്നത് എന്നത് ചിലപ്പോൾ നമുക്ക് സങ്കല്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. അവിടെയാണ് പ്രയത്നം കൊണ്ട് നല്ല വിദ്യാഭ്യാസം നേടുകയും ന്യൂസിലാൻഡിൽ ജോലി നേടുകയും ചെയ്ത ഈ യുവതിയുടെ കഥ പ്രധാനമാകുന്നത്.
ലിങ്ക്ഡ്ഇന്നിലാണ് ഐശ്വര്യ തൗകാരി എന്ന യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ബിരുദാനന്തരബിരുദം നേടുന്ന കുടുംബത്തിലെ ആദ്യത്തെയാളാണ് താനെന്ന് ഐശ്വര്യ പറയുന്നു. നിലവിൽ ന്യൂസിലാൻഡിൽ കൺസൾട്ടൻ്റായി ജോലി ചെയ്യുകയാണവൾ.
'നാല് മക്കളിൽ ഇളയവളായ താനാണ് കോളേജിൽ പഠിക്കുകയും, ബിരുദം നേടുകയും, കരിയർ കെട്ടിപ്പടുക്കുകയും, ഓഫീസിൽ ജോലി ചെയ്യുകയും, മറ്റൊരു രാജ്യത്തേക്ക് മാറുകയും ചെയ്യുന്ന തന്റെ കുടുംബത്തിലെ ആദ്യത്തെ സ്ത്രീയെന്ന് ഐശ്വര്യ പറയുന്നുണ്ട്. തന്റെ നേട്ടം മറ്റുള്ളവർക്ക് കൂടി വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും അവൾ കുറിച്ചു.
'താനാണ് അയൽപ്പക്കത്തെ ആൺകുട്ടികളുമായി ക്രിക്കറ്റ് കളിച്ച വീട്ടിലെ ആദ്യത്തെ പെൺകുട്ടി. നേരത്തെയുള്ള വിവാഹത്തിനോട് നോ പറയാൻ ധൈര്യം കാണിച്ചയാളും താനാണ്. അവരവർക്ക് ഇഷ്ടമുള്ളത് പഠിക്കാൻ വീട്ടുകാരുടെ അനുവാദം കിട്ടുന്നതിന് താൻ വീട്ടുകാരെ സ്വാധീനിച്ചിട്ടുണ്ട്. 19 -ാം വയസ്സിൽ, സ്വന്തം പട്ടണത്തിന് പുറത്ത് ഇൻ്റേൺഷിപ്പിന് വേണ്ടി പോയി. 21-ാം വയസായപ്പോഴേക്കും മുംബൈയിലേക്ക് മാറി. ചെറിയ പട്ടണത്തിലെ പെൺകുട്ടികൾക്ക് ഇതൊന്നും പ്രാപ്യമല്ല എന്ന് വീട്ടുകാരെല്ലാം വിശ്വസിച്ചപ്പോൾ താനതിനെ വെല്ലുവിളിച്ചു' എന്നും ഐശ്വര്യ എഴുതുന്നു.
ഇതിനൊപ്പം തന്നെ തന്റെ പ്രൊഫഷണലായ യാത്രയെ കുറിച്ചും അവൾ പറയുന്നുണ്ട്. ആദ്യം ഒന്നും എളുപ്പമായിരിക്കില്ല. എന്നാൽ, നമ്മൾ കഠിനമായി ശ്രമിക്കണം. തെറ്റുകൾ പറ്റിയാലും സ്വയം സമ്മർദ്ദം ചെലുത്തിക്കൊണ്ടേ ഇരിക്കണമെന്നും അവൾ ഓർമ്മിപ്പിക്കുന്നു. വളരെ പെട്ടെന്നാണ് ഐശ്വര്യ താകുരിയുടെ പോസ്റ്റ് വൈറലായിത്തീർന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം