മിന്നിത്തിളങ്ങി വെള്ളി, സ്വർണ്ണത്തേക്കാൾ വലിയ വിലക്കയറ്റം
വരും നാളുകളിലും വെള്ളി വിലവർധന തുടരും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ
സ്വർണ്ണത്തിന്റെ വില കയറ്റം എല്ലായിടത്തും ചർച്ചയാകുമ്പോൾ നിശബ്ദമായി മുന്നേറുന്ന ഒരു ലോഹം ഉണ്ട്. മറ്റൊന്നുമല്ല വെള്ളിയാണ് ഈ കുതിപ്പ് നടത്തുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ വെള്ളിയുടെ വിലയിൽ 20% വർദ്ധനയാണ് ഉണ്ടായത്.കഴിഞ്ഞ ഏതാനും മാസങ്ങളായി വെള്ളിയുടെ ഡിമാന്റിൽ ഉണ്ടായ വർദ്ധനയാണ് വില കൂടാൻ കാരണം. കടകളിൽ ചെന്ന് വെള്ളി വാങ്ങുന്നതിനു പുറമേ ഇലക്ട്രോണിക് രൂപത്തിലും വെള്ളി ആളുകൾ വാങ്ങി കൂട്ടുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ വെള്ളി വിലയിൽ 20.25 ശതമാനം വർദ്ധന ഉണ്ടായപ്പോൾ സ്വർണത്തിന്റെ വിലയിൽ ഉണ്ടായ വർദ്ധന 10.29% മാത്രമാണ്.
ഇലക്ട്രോണിക് രൂപത്തിൽ വെള്ളിയിൽ നിക്ഷേപം നടത്തുന്നതിൽ 215 ശതമാനമാണ് വർദ്ധന. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാത്രം വെള്ളിയിൽ ഉണ്ടായ നിക്ഷേപത്തിലെ വർദ്ധന 24% ആണ്. 643.10 കോടി രൂപയാണ് വെള്ളി ഇടിഎഫിലേക്ക് നിക്ഷേപമായി എത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇത് 518.02 കോടിയായിരുന്നു. വെള്ളി ഇടിഎഎഫുകളിലെ ആകെ നിക്ഷേപം 12,331 കോടി രൂപയാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇത് ആകെ 2844 കോടി രൂപ മാത്രമായിരുന്നു.
വരും നാളുകളിലും വെള്ളി വിലവർധന തുടരും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുന്നത് മൂലം നിക്ഷേപകർ അവരുടെ നിക്ഷേപങ്ങൾ മറ്റു മേഖലകളിലേക്ക് മാറ്റുന്നതാണ് വെള്ളിക്ക് അനുകൂലമായത്.
കൂടുതൽ താങ്ങാനാവുന്ന വിലയേറിയ ലോഹമെന്ന നിലയിൽ മാത്രമല്ല, ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) മേഖലയിൽ നിന്നുള്ള ഡിമാൻഡ് വർധിച്ചതും ഫോട്ടോവോൾട്ടെയ്ക് ആപ്ലിക്കേഷനുകൾ എന്നിവയും വെള്ളിയുടെ വില വർദ്ധനവിന് കാരണമാകുന്നുണ്ട്
ഇത് മൂലം ആഗോള ഡിമാൻഡ് ഇടത്തരം മുതൽ ദീർഘകാലത്തേക്ക് വരെ നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ സംസ്ഥാനത്തെ വെള്ളി വില ഇങ്ങനെയാണ്..
1 ഗ്രാം : 101.10 രൂപ
8 ഗ്രാം : 808.80 രൂപ
10 ഗ്രാം : 1,011 രൂപ
100 ഗ്രാം : 10,110 രൂപ
1 കിലോഗ്രാം : 1,01,000 രൂപ