മത്തി മാത്രം കഴിച്ചു, 3 മാസം കൊണ്ട് 15 കിലോ കുറച്ചു, അവകാശവാദവുമായി 62 -കാരി
ഡോ. ആനെറ്റാണ് മീൻ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് നിർദ്ദേശിക്കുന്നത്. മൂന്ന് മാസം ഡയറ്റ് പിന്തുടരാനാണ് പറഞ്ഞത്. അത് ദഹനം എളുപ്പത്തിലാക്കി മാറ്റുമെന്നും കൊഴുപ്പ് എരിച്ചുകളയുമെന്നും ഡയറ്റീഷ്യൻ പറഞ്ഞിരുന്നു.
പലതരത്തിലുള്ള ഡയറ്റുകളും നമ്മൾ കണ്ടിട്ടുണ്ടാവും. ഇന്ന് നമ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയായി മാറിയിട്ടുണ്ട് ഡയറ്റുകളും വർക്കൗട്ടുകളുമെല്ലാം. മിക്കവാറും ആളുകൾ ഇന്ന് ഇതെല്ലാം പിന്തുടരുന്നവരാണ്. ഡയറ്റിൽ മീനുകൾ ഉൾപ്പെടുത്തണം എന്ന് പലപ്പോഴും ഡോക്ടർമാർ പറയാറുണ്ട്. ശരീരഭാരം കുറക്കാനും കൃത്യമായ അളവിൽ പച്ചക്കറികളും പഴങ്ങളും നട്സുകളും മുട്ടയും ഇറച്ചിയും മീനും ഒക്കെ ഉൾപ്പെടുത്തണം എന്നും പറയാറുണ്ട്. എന്നാൽ, അതിൽ ഒരിനം മാത്രം കഴിക്കാൻ ആരും അങ്ങനെ നിർദ്ദേശിക്കാറില്ല. ആരോഗ്യപ്രശ്നങ്ങളാണ് അതിന് കാരണമായി പറയാറ്.
എന്നാൽ, ഫ്ലോറിഡയിൽ നിന്നുള്ള ഒരു സ്ത്രീ പറയുന്നത്, താൻ മീൻ മാത്രം കഴിച്ചുകൊണ്ട് ശരീരഭാരം കുറച്ചു എന്നാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഫ്ലോറിഡയിൽ നിന്നുള്ള 62 -കാരിയായ ജെയ്ൻ ക്രമ്മെറ്റിന്റെ ഭാരം 240 പൗണ്ട് (109 കിലോഗ്രാം) ആയിരുന്നു. ഈ അമിതഭാരം കാരണം നടക്കുന്നത് അവൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാൽ തന്നെ അവർ ഒരു ഡോക്ടറെ സമീപിച്ചു. ഡോക്ടർ പറഞ്ഞതനുസരിച്ച് ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ മാറ്റങ്ങളും വരുത്തി.
പക്ഷേ, അതുകൊണ്ട് വലിയ മാറ്റമൊന്നും തന്നെ ഉണ്ടായില്ല. തന്റെ കാലുകൾ എപ്പോഴും വേദനിക്കാറുണ്ടായിരുന്നു എന്നും നീര് വയ്ക്കാറുണ്ടായിരുന്നു എന്നും ജെയ്ൻ പറയുന്നു. അത് മാത്രമല്ല, തനിക്ക് എപ്പോഴും വിശന്നുവെന്നും കാണുന്നതെല്ലാം കഴിക്കുന്ന അവസ്ഥയായിരുന്നു എന്നും അവർ പറയുന്നുണ്ട്.
ഒടുവിലാണ് അവൾ ഡയറ്റീഷ്യനായ ഡോ. ആനെറ്റ് ബോസ്വർത്തിനെ കാണുന്നത്. ഡോ. ആനെറ്റാണ് മീൻ മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് നിർദ്ദേശിക്കുന്നത്. മൂന്ന് മാസം ഡയറ്റ് പിന്തുടരാനാണ് പറഞ്ഞത്. അത് ദഹനം എളുപ്പത്തിലാക്കി മാറ്റുമെന്നും കൊഴുപ്പ് എരിച്ചുകളയുമെന്നും ഡയറ്റീഷ്യൻ പറഞ്ഞിരുന്നു.
ജെയ്ൻ പറയുന്നത്, ഒടുവിൽ തന്റെ ശരീരഭാരം വളരെ അധികം കുറഞ്ഞു എന്നാണ്. മൊത്തം 15 കിലോ താൻ കുറഞ്ഞു എന്നാണ് ജെയ്നിന്റെ വാദം.
എന്നാൽ, അതേസമയം തന്നെ ഏതെങ്കിലും ഒരു പ്രത്യേകതരം ഭക്ഷണം മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് പൊതുവെ വിദഗ്ദ്ധർ പ്രോത്സാഹിപ്പിക്കാറില്ല. ഒപ്പം ഓർക്കുക, ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.